Sorry, you need to enable JavaScript to visit this website.

സഹകരണ മേഖലയിലെ വെല്ലുവിളികൾ

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷണ ഏജൻസികളുടെ സ്‌കാനിംഗിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ബാങ്കിംഗ് മേഖലകളിലുണ്ടായിട്ടുള്ള ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടുകളിലൊന്നാണ് മലപ്പുറം ജില്ലയിലെ എ.ആർ നഗർ സഹകരണ ബാങ്കിൽ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. 110 കോടിയുടെ അനധികൃത നിക്ഷേപം ഇവിടെ നടന്നതായി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പല പ്രമുഖരുടെയും നിക്ഷേപങ്ങൾ ഇവിടെയുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നു.
മലബാർ ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കി നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മേഖലയാണ് സഹകരണ ബാങ്കുകൾ. പ്രാഥമിക സഹകരണ ബാങ്കുകൾ പോലുള്ള സാമ്പത്തിക ക്രയവിക്രയ സംവിധാനങ്ങൾ മുതൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റികൾ വരെ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ ശക്തമാക്കുന്നതിൽ വലിയ തോതിലാണ് സഹായിക്കുന്നത്. അതേസമയം, ഇത്തരം സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ പുതിയ ചർച്ചാ വിഷയവുമല്ല. അന്വേഷണ ഏജൻസികൾ പരിശോധനകൾ ശക്തമാക്കുകയും കൂടുതൽ തട്ടിപ്പുകൾ പുറത്തു വരികയും ചെയ്തതോടെ ഈ മേഖല പുതിയ വെല്ലുവിളികളെ നേരിടുകയാണ്.
സാമ്പത്തിക ഇടപാടുകളിൽ സഹകരണ ബാങ്കുകൾ എത്രമാത്രം സുതാര്യവും ജനസൗഹൃദവുമാണെന്ന് പുനർവിചിന്തനം നടക്കേണ്ടതുണ്ട്. റിസർവ് ബാങ്കിന്റെ അനുമതിയോടെയല്ല പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതെന്ന് ഏവർക്കുമറിയാം. ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് പല തവണ ഉത്തരവിട്ടിട്ടുണ്ടെങ്കിലും സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാണ് ജനങ്ങൾക്കിഷ്ടം. ഇത്തരം സ്ഥാപനങ്ങളോട് ജനങ്ങൾക്കുള്ള വിശ്വാസത്തിലാണ് പല ബാങ്കുകളും പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്നത്. പ്രാദേശിക നേതാക്കളുടെ നേതൃത്വം, തൊഴിലവസരങ്ങൾ, എളുപ്പത്തിൽ വായ്പ ലഭ്യമാകൽ തുടങ്ങിയ കാര്യങ്ങളാണ് ഇത്തരം സ്ഥാപനങ്ങളെ ജനപ്രിയമാക്കുന്നത്. ഉയർന്ന പലിശ ഈടാക്കുമ്പോഴും ഇത്തരം ബാങ്കുകൾക്കൊപ്പം ജനങ്ങൾ ഉറച്ചു നിൽക്കുന്നുണ്ട്. എന്നാൽ ആ വിശ്വാസ്യത തകർക്കുന്ന രീതിയിലാണ് പ്രാഥമിക സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. 
അനധികൃത നിക്ഷേപങ്ങളാണ് ഇപ്പോൾ ഇത്തരം സ്ഥാപനങ്ങളെ പ്രതികൂട്ടിലാക്കുന്നത്. മലപ്പുറം തിരൂരങ്ങാടിയിലെ എ.ആർ നഗർ ബാങ്കിൽ ഒരു വർഷത്തിനിടെ ആയിരം കോടി രൂപ നിക്ഷേപമായി എത്തിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. പത്തു ബ്രാഞ്ചുകളുള്ള ഈ ബാങ്കിന്റെ വിവിധ ശാഖകളിലായാണ് പണം നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.
സംസ്ഥാന സർക്കാർ കണ്ണടക്കുന്നതൊന്നുകൊണ്ടു മാത്രമാണ് പല ബാങ്കുകളിലെയും ക്രമക്കേടുകൾ പുറത്തു വരാത്തത്. കള്ളപ്പണം ഒളിപ്പിക്കൽ, ഡയരക്ടർമാർ നടത്തുന്ന അനധികൃത പണമിടപാട്, സാധാരണക്കാരായ ജനങ്ങളുടെ പേരിൽ ഡയരക്ടർമാർ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരിക്കൽ, അനുബന്ധ സ്ഥാപങ്ങളുടെ പേരിൽ പണം തട്ടൽ തുടങ്ങി സഹകരണ ബാങ്കുകൾക്കെതിരെ ഒട്ടേറെ പരാതികൾ ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. 
പല ബാങ്കുകൾക്കെതിരെയും വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. അഞ്ചു വർഷം കൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശത്തിനപ്പുറം ബാങ്കുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാൻ സാധാരണ മെമ്പർമാർക്ക് അനുമതിയില്ല. വിവരാവകാശ നിയമം സഹകരണ മേഖലക്ക് ബാധകമാകാതിരിക്കാൻ പല ബാങ്ക് ഭരണ സമിതികളും കോടതിയെ സമീപിച്ചത്, മറച്ചു വക്കാൻ അവർക്ക് പലതുമുണ്ടെന്നതിന്റെ തെളിവാണ്.
സംസ്ഥാന സർക്കാരിന്റെ ധനശേഖരണ സംവിധാനമായി സഹകരണ ബാങ്കുകൾ മാറിയിട്ട് പതിറ്റാണ്ടുകളായി. സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാകുമ്പോൾ കടമായി കോടികൾ ലഭിക്കാനുള്ള സംവിധാനം. ജില്ലാ സഹകരണ ബാങ്കുകളാണ് ഈ കാര്യത്തിൽ സർക്കാരിനെ ഏറെ പിന്തുണക്കുന്നത്. രാഷ്ട്രീയമായ ഭിന്നതയുടെ പേരിൽ പ്രതിപക്ഷ കക്ഷികളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകൾ സർക്കാരിന് പണം നൽകാതിരിക്കുന്നത് പലപ്പോഴും സർക്കാരിന്റെ അപ്രീതിക്ക് കാരണമായിരുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് സംസ്ഥാന സർക്കാർ ജില്ലാ ബാങ്കുകളെ പിടിച്ചെടുത്ത് കേരള ബാങ്ക് ആക്കി മാറ്റിയത്. പ്രാഥമിക സഹകരണ ബാങ്കുകൾ ഇനിയും കേരള ബാങ്കിന് കീഴിൽ എത്തിയിട്ടില്ല.
സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള സമാന്തര ഖജനാവ് എന്നതിനപ്പുറം സഹകരണ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാരോ സഹകരണ വകുപ്പോ ഒന്നും ചെയ്യുന്നില്ലെന്നതാണ് ഖേദകരം. പൂർണമായും രാഷ്ട്രീയ നിയന്ത്രണത്തിലുള്ള ബാങ്കുകളെ നിയന്ത്രിക്കുന്നതിന് സഹകരണ വകുപ്പിനും രാഷ്ട്രീയമായ പരിമിതികൾ ഏറെയാണ്. ഇത് മൂലം ബാങ്കുകൾ പലിശ വാങ്ങുന്നതിനുള്ള കേന്ദ്രങ്ങൾ മാത്രമായി അധഃപതിച്ചു. 
ധനഇടപാട് കേന്ദ്രങ്ങൾ എന്നതിനപ്പുറം വളരാൻ പല ബാങ്കുകൾക്കും കഴിഞ്ഞിട്ടില്ല. ആദ്യ കാലങ്ങളിൽ റേഷൻ കടകൾ പോലുള്ള ജനോപകാരപ്രദമായ സംവിധാനങ്ങൾ ബാങ്കുകൾ നടത്തിയിരുന്നെങ്കിലും ലാഭം കുറവാണെന്ന കാരണത്താൽ പല ബാങ്കുകളും ഈ മേഖലയിൽ നിന്ന് പിൻമാറി. കോടിക്കണക്കിന് രൂപയുടെ മൂലധനം കൈവശം വെക്കുമ്പോഴും നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്നതിനോ ഇത്തരം ബാങ്കുകൾ ഇടപെടലുകളൊന്നും നടത്താറില്ല. പുതിയ ബ്രാഞ്ചുകൾ തുടങ്ങുന്നത് മാത്രമാണ് പല ബാങ്കുകളും വികസനമായി കാണുന്നത്. കൂടുതൽ ജനങ്ങൾ പലിശയുടെ ഗർത്തങ്ങളിലേക്ക് വീഴുന്നുവെന്നത് മാത്രമാണ് ഈ വികസനത്തിന്റെ ഫലം.
സഹകരണ മേഖലയെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും കീഴിൽ പുതിയ സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതോടൊപ്പം കേരളത്തിൽ ഇതര മുന്നണികളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളെ ദുർബലപ്പെടുത്തുന്നതും ഈ നീക്കത്തിന്റെ തുടർച്ചയാകുമെന്ന ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. സുതാര്യതയില്ലാത്ത പണമിടപാടുകളുമായി സഹകരണ ബാങ്കുകൾ മുന്നോട്ടു പോയാൽ വരുംനാളുകളിൽ കേന്ദ്ര സർക്കാരിന്റെ പിടിവീഴും. അത് സഹകരണ മേഖലക്ക് നിലവിലുള്ള ജനവിശ്വാസം തകർക്കും.
പണം കൂട്ടിവെക്കുകയും പലിശ കൊണ്ട് വളരുകയും ചെയ്യുന്ന ഇടങ്ങളെന്ന നിലയിൽ നിന്ന് സഹകരണ ബാങ്കുകൾ മാറിച്ചിന്തിക്കേണ്ടതുണ്ട്. പ്രാദേശികമായ ആവശ്യങ്ങൾള ഉൾക്കൊണ്ട് മറ്റു നിക്ഷേപ മേഖലകളിലേക്ക് ഇത്തരം സ്ഥാപനങ്ങൾ കടക്കണം. ഉൽപാദന മേഖലകളിൽ ഇടപെടലുകൾ നടത്തി പ്രവാസികൾ അടക്കമുള്ളവർക്ക് നിക്ഷേപ അവസരങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കണം. പ്രാദേശിക തലങ്ങളിൽ ആശുപത്രികൾ, മറ്റു ചികിൽസാ സംവിധാനങ്ങൾ എന്നിവ നേരിട്ട് നടത്താൻ ബാങ്കുകൾക്ക് കഴിയണം. ഇത്തരത്തിൽ നിക്ഷേപങ്ങൾ മറ്റു മേഖലകളിലേക്ക് തിരിച്ചുവിട്ട് കൂടുതൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും നിക്ഷേപങ്ങളുടെ വികേന്ദ്രീകരണം നടപ്പാക്കുകയും വേണം. വെല്ലുവിളികളുയരുന്ന പുതിയ കാലത്ത് സഹകരണ ബാങ്കുകളുടെ നിലനിൽപ് ശക്തമാക്കാനും ജനപിന്തുണ വർധിപ്പിക്കാനും മാറ്റങ്ങൾ അനിവാര്യമാണ്.

Latest News