Sorry, you need to enable JavaScript to visit this website.

മാധ്യമ ഇരകള്‍ക്ക് വേണ്ടി ഒരു നിയമകൂട്ടായ്മയുമായി കലക്ടര്‍ ബ്രോ

 കോഴിക്കോട്- വ്യക്തികളുടെ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്ന നടപടികളെ നിയമപരമായി നേരിടാനുള്ള കൂട്ടായ്മയുമായി മുന്‍ കലക്ടര്‍ എന്‍. പ്രശാന്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടര്‍ ബ്രോ ഇക്കാര്യം പങ്കു വെച്ചത്. മാധ്യമവേട്ടയാടലുകള്‍ക്ക് ഇരകളാക്കപ്പെട്ടവര്‍ക്ക് കൗണ്‍സലിംഗും, കേസ് നടത്താന്‍ വേണ്ട നിയമോപദേശവും മറ്റും സൗജന്യമായി നല്‍കും. മാനനഷ്ട കേസുകളില്‍ (സിവില്‍, ക്രിമിനല്‍) ലോകത്തിലെ തന്നെ വിദഗ്ധരായ അഭിഭാഷകരുടെ നിയമ സഹായം ലഭ്യമാകും.വിദേശങ്ങളിലുള്ള പ്രഗല്‍ഭ അറ്റോണികളുടെ സഹായത്തോടെ പ്രവാസികള്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് കേസ് നടത്താം. തനിക്കു ലഭിച്ച അനേകം ഫോണ്‍ കോളുകളില്‍ നിന്നാണ് ഈ ആശയത്തിന്റെ തുടക്കമെന്നു അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

നല്ല മാധ്യമ പ്രവര്‍ത്തകരുണ്ട്. അവരിത് വായിച്ച് ബേജാറാവണ്ട.

ക്വാറിക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി സത്യസന്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജമായ വാര്‍ത്തകള്‍ അടിച്ചിറക്കിയ ശേഷം മുതലാളിമാരില്‍ നിന്ന് വേണ്ട പ്രതിഫലം പറ്റുന്ന ജീര്‍ണ്ണലിസ്റ്റുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇവരെ പേടിച്ച് ജീവിക്കുന്ന ഉദ്യോഗസ്ഥരെയും. തീര്‍ത്തും നിരുത്തരവാദപരമായ വാര്‍ത്ത അച്ചടിച്ച് സാധാരണക്കാരെ അപമാനിക്കുന്നവരുണ്ട്. ഇവര്‍ ചോദിക്കാനും പറയാനും ആളില്ല എന്ന് തോന്നുന്നവരുടെ മാനം പൊതുജന മധ്യത്തില്‍ പിച്ചിച്ചീന്തുന്നു. ശക്തി കുറഞ്ഞ മൃഗങ്ങളെയും മൃതപ്രായരായവരെയും കാത്തിരുന്ന് അക്രമിക്കുന്ന ശവംതീനികളാണ് ഇതിലും ഭേദം. ടി. ആര്‍.പി അല്ലെങ്കില്‍ ബിസിനസ്സ്/രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം തൊഴിലിനെ വില്‍പനച്ചരക്കാക്കി നിരപരാധികളായ പലരുടെയും ജീവിതം തീര്‍ത്തും നശിപ്പിക്കുന്നത് മാധ്യമ പ്രവര്‍ത്തനമാണോ? ബിസിനസ്സ് സംരംഭം തകര്‍ക്കാന്‍ അവരുടെ എതിരാളിയില്‍ നിന്ന് അച്ചാരം വാങ്ങി പലവിധ കഥകള്‍ പടച്ച് വിടുന്ന നിരവധി കേസുകളുണ്ട്. വ്യക്തി വിരോധം തീര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷം ഉപയോഗിക്കുന്നത് ഇന്ന് സാധാരണയായിട്ടുണ്ട്.  തുപ്പിയിട്ട ശേഷം ഓടുക എന്നതാണ് മിക്കവരുടെയും രീതി. കോടതിയോടും വക്കീലന്മാരോടും നിയമ വ്യവസ്ഥയോടും ഇവര്‍ക്ക് പൊതുവില്‍ പുച്ഛമാണ്.
ഇത്തരം മാധ്യമ വേട്ടയാടല്‍ കാരണം ആത്മഹത്യ ചെയ്തവരും, ആത്മഹത്യയുടെ വക്കത്തെത്തിയവരും, മാനസിക വിഭ്രാന്തിയിലേക്ക് തള്ളപ്പെട്ടവരും ഉണ്ട്. തകര്‍ന്ന കുടുംബങ്ങളും ഉണ്ട്. അച്ഛനോ അമ്മയോ നഷ്ടപ്പെട്ടവരുണ്ട്. ഏതെങ്കിലും മാധ്യമം ഇത് റിപ്പോര്‍ട്ട് ചെയ്ത് കണ്ടിട്ടുണ്ടോ? കാണില്ല. നമ്മുടെ ചുറ്റിലും എത്രയോ അഭിനവ ചെറുചാരക്കേസുകളും അതിലേറെ മലീമസമായ മാധ്യമ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. നമുക്ക് അപകടം സംഭവിക്കാത്തത് വരെ, അങ്ങനൊന്നില്ല എന്ന് കരുതി ജീവിക്കുകയാണ് നമ്മളെല്ലാരും.
ഇതിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുമ്പോഴാണ് ഇത്രയധികം മാധ്യമ ഇരകള്‍ പ്രബുദ്ധ കേരളത്തില്‍ ഉണ്ടെന്ന് അറിയുന്നത്. പുഴുത്ത് ചീഞ്ഞ കാര്യങ്ങളാണ് പലതും എന്ന് ഞാനറിഞ്ഞത് ഒരു മാധ്യമ സ്ഥാപനം എനിക്കെതിരെ മാനഹാനിയുണ്ടാക്കും വിധം വാര്‍ത്ത കൊടുത്ത് അതിലെന്റെ സ്വകാര്യ ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും അച്ചടിച്ചപ്പോഴാണ്. എന്റെ സ്വകാര്യത നശിപ്പിക്കാന്‍ നിയമ വിരുദ്ധമായി അവര്‍ ചെയ്ത അതിബുദ്ധി കാരണമാണ് സാധാരണക്കാര്‍ ഇവരെക്കൊണ്ട് ഇത്രയേറെ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ഞാനറിഞ്ഞത്. അത്രയധികം പേരാണ് ഈ വിഷയം പറയാന്‍ എന്നെ ബന്ധപ്പെട്ടത്.
ഒരു ഗോഡ് ഫാദറുമില്ലാതെ സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് ഐഎഎസില്‍  വന്ന എന്നോട് കാണിക്കുന്ന പെരുമാറ്റവും സിവില്‍ സര്‍വ്വീസിലെ പ്രബലന്മാരായ അഴിമതി വീരന്മാരോട് കാണിക്കുന്ന മാധ്യമ വിധേയത്വവും ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍, എന്നെക്കാള്‍ ഇവരുടെ പീഢനം അനുഭവിക്കുന്ന ഒട്ടനവധിപ്പേരുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പണം വാങ്ങി, ചിലരുടെ വാര്‍ത്തകള്‍ മുക്കുകയും ഗതികേട് കൊണ്ട് അച്ചടിക്കേണ്ടി വരുമ്പോള്‍ 'പ്രമുഖന്‍' എന്നെഴുതുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? പാവപ്പെട്ടവനെയും, തിരിച്ച് ഒന്നും ചെയ്യാന്‍ കെല്‍പ്പില്ലെന്ന് തോന്നുന്നവനെയും പരമാവധി എഴുതി നശിപ്പിക്കാന്‍ എന്താണ് കാരണം?
 

Latest News