പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് കോണ്‍ഗ്രസ്, അവരെ തുറന്നുകാട്ടൂ, ബിജെപി എംപിമാരോട് പ്രധാനമന്ത്രി മോഡി

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം പ്രക്ഷുബ്ധമായതിന് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നത് കോണ്‍ഗ്രസാണെന്നും അവരെ തുറന്നു കാട്ടണമെന്നും ബിജെപി എംപിമാരോട് മോഡി ആവശ്യപ്പെട്ടു. ഇസ്രാഈല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചാരപ്പണിയും രഹസ്യ നിരീക്ഷണവും നടത്തിയ സംഭവത്തില്‍ ചര്‍ച്ച വേണമെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയതു മുതല്‍ ഇന്നുവരെ സഭകളെ പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷം അനുവദിച്ചിട്ടില്ല. പെഗാസസ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധരാകാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ജൂലൈ 18നാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത്. 

ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എംപിമാരോട് കോണ്‍ഗ്രസിനെതിരെ തിരിയാന്‍ മോഡി ആഹ്വാനം ചെയ്തത്. സഭ സ്തംഭിപ്പിക്കാന്‍ കോണ്‍ഗ്രസ് മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നും ഇതുകാരണം ഈ സമ്മേളനത്തില്‍ കാര്യമായി ഒന്നും നടന്നിട്ടില്ലെന്നും മോഡി പറഞ്ഞു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നിന്ന കാര്യവും മോഡി ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചതും കോണ്‍ഗ്രസാണെന്ന് മോഡി ആരോപിച്ചു. പുതിയ കേന്ദ്ര മന്ത്രിമാരെ പരിചയചപ്പെടുത്താന്‍ എഴുന്നേറ്റ് നിന്ന പ്രധാനമന്ത്രി മോഡിക്ക് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രസംഗം മുഴുമിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടേയും ഈ പെരുമാറ്റം പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുമ്പില്‍ തുറന്ന്കാട്ടണമെന്ന് മോഡി ബിജെപി എംപിമാരോട് ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും പ്രധാനമന്ത്രി മോഡിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കഴിഞ്ഞ ദിവസം കടുപ്പിച്ചതോടെ സഭാ സ്തംഭനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രതിപക്ഷത്തെ സമീപിച്ചിരുന്നു.
 

Latest News