തളിപ്പറമ്പ് - ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം തളിപ്പറമ്പിലെത്തി നിർണായക മൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ വിശദാംശങ്ങൾ തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ഇ.കെ.ഡോർബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഷുക്കൂർ വധക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന്റെ ക്യാമ്പ് ഓഫീസായ റസ്റ്റ് ഹൗസിൽ വെച്ചാണ് കാസർഗോട്ടെ പി.ഡി.പി പ്രാദേശിക നേതാവിന്റെ മൊഴി രേഖപ്പെടുത്തിയത്.
2010 ഫെബ്രുവരി 15 നാണ് ചെമ്പരിക്ക ഖാസിയുടെ മൃതദേഹം കടുക്കക്കല്ല് കടപ്പുറത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയെങ്കിലും കേസിനു തുമ്പുണ്ടാക്കാൻ സാധിച്ചില്ല. തുടർന്ന് ഖാസിയുടെ മകൻ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിർദ്ദേശ പ്രകാരം സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം, ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് കാണിച്ച് സി.ബി.ഐ സംഘം കോടതിയിൽ റിപ്പോർട്ടു നൽകുകയും ചെയ്തു. ഇതിനിടയിലാണ് ഖാസിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് തനിക്കു ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് കാണിച്ച് പി.ഡി.പി കാസർഗോഡ് മണ്ഡലം പ്രസിഡണ്ട് ഉമറുൽ ഫാറൂഖ് എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ഫെബ്രുവരി 6 നകം വിശദമായ റിപ്പോർട്ട് നൽകാൻ സി.ബി.െഎക്കു നിർദ്ദേശം നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ തളിപ്പറമ്പിൽ വെച്ച് സി.ബി.ഐ സംഘം ഉമറുൽ ഫാറൂഖിന്റെ മൊഴി രേഖപ്പെടുത്തിയത്.
ഖാസി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച കാഞ്ഞങ്ങാട് പരപ്പയിലെ അഷറഫ് എന്നയാൾ സി.ബി.ഐക്കു നിർണായകമായ ചില വിവരങ്ങൾ കൈമാറിയിരുന്നു. ഖാസിയുടെ മരണത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമുണ്ടെന്നും ഈ സംഘത്തെ താനാണ് ഖാസിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിലെത്തിച്ചതെന്നും പരപ്പയിലെ പ്രാദേശിക രാഷ്ട്രീയ നേതാവ് രാജന്റെ സഹായം ലഭിച്ചിരുന്നുവെന്നുമാണ് അഷറഫ് നൽകിയ മൊഴി. ഉമറുൽ ഫാറൂഖിന്റെ മൊഴിയോടെ ഖാസി കേസ് അന്വേഷണം വഴിത്തിരിവിലെത്തുമെന്നാണ് കരുതുന്നത്. പി.ഡി.പി നേതാക്കളായ നിസാർ മേത്തർ, യൂനുസ് തളങ്കര, സി.എച്ച്.മുനീർ, ഉബൈദ് മൂക്കുംതല, സെയ്ദ് മുഹമ്മദ്, ഹമീദ് എന്നിവർക്കൊപ്പമാണ് ഉമറുൽ ഫാറൂഖ് സി.ബി.ഐ സംഘത്തിനു മുമ്പാകെ മൊഴി നൽകാനെത്തിയത്.






