Sorry, you need to enable JavaScript to visit this website.

മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ നടപടി

ജിസാൻ പ്രവിശ്യയിൽ പെട്ട അൽആരിദയിൽ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിച്ച സൗദി യുവാവിന്റെ കാർ ഒഴുക്കിൽ പെടുന്നതിനു തൊട്ടു മുമ്പ്

ജിസാൻ- ജിസാൻ പ്രവിശ്യയിൽ പെട്ട അൽആരിദയിൽ മലവെള്ളപ്പാച്ചിലിനിടെ ജീവൻ പണയം വെച്ച് താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിച്ച കാർ ഡ്രൈവർക്കെതിരായ കേസ് ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ പരിശോധിച്ച് ശിക്ഷകൾ പ്രഖ്യാപിക്കുന്ന ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി ജിസാൻ ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. സിവിൽ ഡിഫൻസുമായി ഏകോപനം നടത്തിയാണ് സൗദി യുവാവിനെതിരെ നടപടികൾ സ്വീകരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് ശക്തമായ മലവെള്ളപ്പാച്ചിലിനിടെ സൗദി യുവാവ് കാറുമായി വാദി ജിസാൻ മുറിച്ചുകടക്കാൻ ശ്രമിച്ചത്. ഇതിനിടെ കാർ ഒഴുക്കിൽ പെടുകയും കാർ യാത്രികരെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 


ഇത് ശ്രദ്ധയിൽ പെട്ട് ഡ്രൈവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിവിൽ ഡിഫൻസും ട്രാഫിക് ഡയറക്ടറേറ്റും ഡ്രൈവർക്കെതിരെ നടപടികൾ ആരംഭിച്ചത്. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകൾ മുറിച്ചുകടക്കുന്നത് മന്ത്രിസഭ അടുത്തിടെ ഗതാഗത നിയമ ലംഘനങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന ഏഴാം പട്ടിക അനുസരിച്ച ശിക്ഷയാണ് മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകൾ മുറിച്ചുകടക്കുന്നവർക്ക് ലഭിക്കുക. 


ഈ പട്ടികയിൽ നേരത്തെ ഏഴു ഗതാഗത നിയമ ലംഘനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകൾ മുറിച്ചുകടക്കൽ കൂടി ഉൾപ്പെടുത്തിയതോടെ ഏഴാം പട്ടികയിൽ ഉൾപ്പെടുത്തിയ ഗതാഗത നിയമ ലംഘനങ്ങൾ ആറായി. ഈ നിയമ ലംഘനങ്ങൾക്ക് 5,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയാണ് ഗതാഗത നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. 

 

Latest News