സ്റ്റോക്ക് തീർന്നുവെന്ന് ആരോഗ്യമന്ത്രി, കേരളം വാക്സിന്‍ ക്ഷാമത്തിലേക്ക്

തിരുവനന്തപുരം-  ആവശ്യത്തിന് വാക്സിന്‍ ലഭ്യമാക്കാത്തത് മൂലം സംസ്ഥാനത്ത് കടുത്ത വാക്സിന്‍ ക്ഷാമമാണെന്ന് ആരോഗ്യ  മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ വാക്സിന്‍ സ്റ്റോക്ക് ഏകദേശം അവസാനിച്ചിരിക്കയാണ്.  കുറഞ്ഞ ഡോസ് മാത്രമാണ് ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് .പല ജില്ലകളിലും വാക്സിന്‍ തീര്‍ന്നു  വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 1.66 കോടി ഡോസാണ്. 1.87 കോടിയോളം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും നില്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിച്ചു. ശേഷിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് കൂടി വാക്സിന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഒരു ദിവസം നാലരലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്ത് ചരിത്രം സൃഷ്ടിച്ച സംസ്ഥാന സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് നിലവിലെ വാക്സിന്‍ ക്ഷാമം. പതിവിന് വിപരീതമായി 18ന് ശേഷം കൂടുതല്‍ വാക്സിന്‍ ലഭിച്ചതിനാല്‍ കൂടുതല്‍ പേര്‍ക്ക് നല്‍കാനും കഴിഞ്ഞിട്ടുണ്ട്. വാക്സിന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കേന്ദ്രം വാക്സിന്‍ നല്‍കുന്ന മുറയ്ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest News