30 കോടിയുടെ ആംബര്‍ഗ്രിസ് വില്‍ക്കാന്‍ ശ്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍ - മുപ്പതു കോടി വിലവരുന്ന തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് വില്‍ക്കാന്‍ ശ്രമിച്ച് പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ആലുവ ചൊവ്വര  ശ്രീമൂലനഗരം കുരിയാക്കര വീട്ടില്‍ ഹംസ (49),  ചാവക്കാട്  വാടാനപ്പിള്ളി രായംമരക്കാര്‍ വീട്ടില്‍ റഫീഖ് (47), ചാവക്കാട് പാലയൂര്‍ കൊങ്ങണംവീട്ടില്‍ ഫൈസല്‍ (40) എന്നിവരുടെ ജാമ്യാപേക്ഷയാണ്  തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡി. അജിത് കുമാര്‍ തള്ളിയത്.
വന്യജീവി സംരക്ഷണനിയമപ്രകാരം അതീവ സൂരക്ഷിതമായ സൂക്ഷിക്കേണ്ട എണ്ണതിമിംഗലത്തില്‍ നിന്നും ലഭിക്കുന്ന ഖരരൂപത്തിലുള്ള സ്രവമായ ആംബര്‍ഗ്രീസ് വേട്ടയാടി കൈവശപ്പെടുത്തി വില്‍പന നടത്താന്‍ ശ്രമിച്ച കുറ്റമാണ് പട്ടിക്കാട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇക്കഴിഞ്ഞ ഒമ്പതാം തിയതിയാണ് രഹസ്യവിവരം കിട്ടിയതനുസരിച്ച് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും വനം വിജിലന്‍സും സംയുക്തമായി പ്രതികളെ പിടികൂടിയത്.  മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നും പ്രതികള്‍ കാറില്‍ തൃശൂര്‍ ചേറ്റുവയിലെത്തിയാണ് ആംബര്‍ഗ്രിസ് വില്‍ക്കാന്‍ ശ്രമിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്ന പട്ടിക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം..പി. പ്രസാദ് പ്രതികളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികള്‍ നിരക്ഷരരാണെന്നും അവര്‍ക്ക് ആംബര്‍ഗ്രീസിന്റെ മൂല്യവും അത് സംരക്ഷിതവസ്തുവാണെന്ന നിയമപരമായ കാര്യവും അറിയില്ലായിരുന്നുവെന്നും ഇത് പ്രതികള്‍ വേട്ടയാടി എടുത്തതാണെന്നതിന് യാതൊരു തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ ആംബര്‍ഗ്രിസിന്റെ വാണിജ്യമൂല്യം അറിയുന്നതിനാലാണ് പ്രതികള്‍ അത് വില്‍ക്കാന്‍ ശ്രമിച്ചതെന്നും വില്‍പന നിരോധിച്ചതാണെന്നറിഞ്ഞിട്ടു തന്നെയാണ് വില്‍പന നടത്തിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എവിടെ നിന്നാണ് ഇത് വേട്ടയാടി എടുത്തതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യാപേക്ഷ എതിര്‍ത്ത് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു വാദിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു.

 

Latest News