Sorry, you need to enable JavaScript to visit this website.

അനീതിയെ  ന്യായീകരിക്കുന്ന  ചാവേറുകൾ  

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഈ ബോർഡ്. അന്നം തരുന്നവനാണ് ദൈവം, അതിനാൽ പിണറായി വിജയനാണ് കേരളത്തിന്റെ ദൈവമെന്ന്. ആർക്ക്, എന്ത് അന്നമാണ് പിണറായി വിജയൻ നൽകുന്നതെന്നറിയില്ല. അറിയാവുന്നത് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരള സർക്കാർ 500 രൂപക്കു താഴെ വില വരുന്ന, ചില നിത്യോപയോഗ സാധനങ്ങൾ എല്ലാവർക്കും നൽകുന്നുണ്ട്. 
മാസം ലക്ഷങ്ങൾ വരുമാനമുള്ളവർക്കും 5000 പോലും വരുമാനമില്ലാത്തവർക്കും ഒരുപോലെ നൽകുന്നു. റേഷൻ കാർഡ് പോലും ഇല്ലാതെ തെരുവിലലയുന്നവർക്ക് കിട്ടുന്നുണ്ടോ എന്നറിയില്ല. ഈ മഹാമാരി കാലത്ത് ഒരാളുടെ ന്യായമായ അവകാശത്തേക്കാൾ എത്രയോ ചെറുതാണ് ഈ കിറ്റ്. തൊട്ടടുത്ത തമിഴ്‌നാട് പോലും അതിനേക്കാൾ എത്രയോ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു.  ഇത് നൽകുന്നത് പിണറായി വിജയനോ അത് നൽകാൻ ബാധ്യസ്ഥമായ ജനാധിപത്യ സർക്കാരോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ.


ഈ ബോർഡിനെ പ്രതി വലിയ തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നു. ഒരാളെ ദൈവമായി കാണുന്ന പാർട്ടി അണികളെ ഒരു വിഭാഗം ആക്ഷേപിച്ചു. എന്നാലിത് ആരോ ബോധപൂർവം കൊണ്ടുവന്നു വെച്ചതാണെന്നും പാർട്ടിക്കോ അണികൾക്കോ അതിൽ പങ്കില്ലെന്നും മറുപക്ഷവും വാദിച്ചു. അതെന്തായാലും വലിയ വിഷയമല്ല. ഇവിടെ ഉയർന്നുവരുന്ന പ്രധാന വിഷയം നിരവധി സാമൂഹ്യ - രാഷ്ട്രീയ മാറ്റങ്ങളിലൂടെ കടന്നുപോയി, ജനാധിപത്യത്തിലെത്തിയിരിക്കുന്ന നാം വ്യക്തിപൂജയിലേക്കും രാജഭരണത്തിനു സമാനമായ അവസ്ഥയിലേക്കും തിരിച്ചുപോകുന്നു എന്നതാണ്. അതിൽ രാഷ്ട്രീയ പാർട്ടി ഏതെന്നതിന് വലിയ പ്രസക്തിയില്ല.


 മറ്റു പല പാർട്ടികളിലും ഇതേ അവസ്ഥയാണ്. വ്യക്തിയല്ല, പാർട്ടിയാണ് പ്രധാനം എന്നഹങ്കരിക്കുന്ന സി.പി.എമ്മുമായി ബന്ധപ്പെട്ടു ഇത്തരം വാർത്ത വരുമ്പോൾ കൂടുതൽ ചർച്ച ചെയ്യപ്പെടുമെന്നു മാത്രം. ഇതാകട്ടെ, ഒറ്റപ്പെട്ട സംഭവവുമല്ല. 2016 ൽ പിണറായിയുടെ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ആരംഭിച്ച വ്യക്തിപൂജയാണ് ഇന്ന് ദൈവമെന്ന അഭിസംബോധനയിൽ എത്തിയിരിക്കുന്നത്. പാർട്ടിയിലും സർക്കാരിലും പിണറായിയുടെ സമ്പൂർണ ആധിപത്യമാണ് എന്നത് പരസ്യമായ രഹസ്യവുമാണ്. 
ഇവിടെ ചർച്ച ചെയ്യേണ്ട വിഷയം മറ്റൊന്നാണ്. അത് മലയാളിയുടെ പിറകോട്ടുള്ള യാത്രയാണ്. നിരവധി നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും ദേശീയ പ്രസ്ഥാനത്തിലൂടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടെയും മിഷനറി പ്രവർത്തനങ്ങളിലൂടെയും മറ്റും നമ്മൾ നേടിയെടുത്ത ജനാധിപത്യ മൂല്യങ്ങളാണ് ഇപ്പോൾ നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്നത്. 
ജനങ്ങളുടെ പ്രതിനിധി മാത്രമാണ് മുഖ്യമന്ത്രി എന്നതിൽ നിന്ന് അന്നം തരുന്ന ദൈവമാണ് മുഖ്യമന്ത്രി എന്ന അവസ്ഥയിലേക്ക് ഒരു വിഭാഗമെങ്കിലും എത്തുന്നത്. ജനാധിപത്യ മൂല്യങ്ങൾ കൂടുതൽ കൂടുതൽ ശക്തമാകേണ്ട കാലത്താണ് അതെല്ലാം കൈവിട്ട് നാം പിന്നോട്ടു നടക്കുന്നത്. ഇതാകട്ടെ, ഒറ്റപ്പെട്ട വിഷയവുമല്ല. കഴിഞ്ഞ ദിവസങ്ങളിലെ മാത്രം ഏതാനും വാർത്തകളെടുത്ത് പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും. 


കഴിഞ്ഞ ദിവസത്തെ ഒരു പ്രധാന വാർത്ത തന്നെ സ്ത്രീധനം വാങ്ങിയിട്ടില്ല, വാങ്ങുകയില്ല എന്നു സത്യവാങ്മൂലം നൽകണമെന്നതായിരുന്നില്ല. തീർച്ചയായും ഇന്നത്തെ അവസ്ഥയിൽ അത് അനിവാര്യം തന്നെ. എന്നാൽ അതിലൂടെ വെളിവാകുന്നത് മുകളിൽ സൂചിപ്പിച്ച നമ്മുടെ പിറകോട്ടുള്ള യാത്രയല്ലാതെ മറ്റെന്താണ്? സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും സ്ത്രീധന പീഡനങ്ങളുടെയും കൊലകളുടെയും ആത്മഹത്യകളുടെയും വാർത്തകൾ പുറത്തു വരുന്നു. 
ഇനി പീഡനവും മരണവുമില്ലെങ്കിൽ പോലും ഇന്ത്യയിൽ സ്ത്രീധനം വാങ്ങുന്നതിൽ ഒന്നാം സ്ഥാനം കേരളമാണെന്ന പഠനങ്ങൾ വന്നു കഴിഞ്ഞു. അതുമൂലം തകർന്നു പോകുന്ന കുടുംബങ്ങൾ നിരവധിയാണ്. ലിംഗനീതിയെയും സ്ത്രീപക്ഷ കേരളത്തെയും കുറിച്ച് ഒരുപാട് കൊട്ടിഘോഷിക്കപ്പെടുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നതാണ് ദുരന്തം. കഴിഞ്ഞില്ല, പീഡനക്കേസ് ''നല്ല'' രീതിയിൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട മന്ത്രിയെ നിയമസഭയിൽ മുഖ്യമന്ത്രി വെള്ളപൂശുന്നതും കഴിഞ്ഞ ദിവസം കേരളം കണ്ടല്ലോ. നീതിക്കായി നിലകൊണ്ടതിന്റെ പേരിൽ സിസ്റ്റർ ലൂസിയുടെ പീഡന പരമ്പര തുടരുന്നു. 


മഠത്തിൽ താമസിക്കാനായി അവർ പോരാട്ടം തുടരുന്നു. ട്രാൻസ് സൗഹൃദ സംസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും നീതിക്കായി പോരാടി പരാജയപ്പെട്ട് ഒരു ട്രാൻസ് ജെൻഡർ യുവതിയുടെയും സുഹൃത്തിന്റെയും ആത്മഹത്യക്കും കഴിഞ്ഞ ദിവസം കേരളം സാക്ഷ്യം വഹിച്ചല്ലോ. ഇതെല്ലാം പിറകോട്ടുള്ള യാത്രയുടെ ലക്ഷണമല്ലാതെ മറ്റെന്താണ്?
ലിംഗനീതിയുടെ അവസ്ഥ ഇതാണെങ്കിൽ മറ്റു മേഖലകളും വ്യത്യസ്തമല്ല. നവോത്ഥാന മുന്നേറ്റങ്ങളുടെയും ഇടതുപക്ഷത്തിന്റെയും പ്രവർത്തന ഫലമായി ജാതിബോധം ഇല്ലാത്തവരാണ് നമ്മളെന്നല്ലോ വെപ്പ്. ജാതിബോധം കുറയുന്നുണ്ടോ എന്നതിന് ഏറ്റവും എളുപ്പമായ പരിശോധന മിശ്രവിവാഹങ്ങളുടെ കണക്കെടുക്കുന്നതാണല്ലോ. കേരളത്തിൽ മിശ്രവിവാഹങ്ങളുടെ എണ്ണം കുറയുന്നതായ കണക്കുകളും അടുത്ത ദിവസം തന്നെ പുറത്തു വന്നു. 
നടക്കുന്നവയിൽ തന്നെ ഭൂരിഭാഗവും പ്രണയ വിവാഹം. മറുവശത്ത് കമ്യൂണിറ്റി മാട്രിമണികളുടെ പരസ്യങ്ങളുടെ പ്രളയമാണ്. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനവും പരിശോധിക്കുക. വെറും 12 വർഷം മുമ്പ് നടന്ന ബീമാപള്ളി വെടിവെപ്പിന്റെ ചരിത്രം വളച്ചൊടിച്ച് മുസ്‌ലിം ജനതയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു സിനിമയാണല്ലോ ഇപ്പോൾ കേരളം ആഘോഷിക്കുന്നത്. ഇതെല്ലാം പിറകോട്ടുള്ള യാത്രയുടെ സൂചനയല്ലാതെ മറ്റെന്താണ്? 


ജനാധിപത്യത്തെ തകർക്കുന്ന മറ്റൊരു വിഷയം കൂടി പരാമർശിക്കാം. അത് മറ്റൊന്നുമല്ല, അഴിമതി തന്നെ. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നാണല്ലോ സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും. അത്തരമൊരു ബാങ്കിലാണ് 300 കോടിയുടെ അഴിമതി വാർത്ത പുറത്തു വന്നത്. തീർച്ചയായും ഇതാദ്യത്തെ സംഭവമൊന്നുമല്ല. എന്നാൽ തുകയുടെ വലിപ്പം കൊണ്ട് ഏറെ ശ്രദ്ധേയമായി എന്നു മാത്രം. ഓരോ നാട്ടിലെയും പ്രമുഖ രാഷ്ട്രീയക്കാരാണ് സഹകരണ പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടാകുക എന്നറിയാം. 
കഴിഞ്ഞില്ല. മിക്കവാറും ജീവനക്കാർ അവരുടെ ബന്ധുക്കളുമാണ്. പലയിടത്തും ജോലിക്കുള്ള മാനദണ്ഡം തന്നെ അതാണ്, യോഗ്യതയല്ല., അവരാണ് ഇതുപോലെ അഴിമതി നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. കരുവന്നൂരിലെ വിഷയമാകട്ടെ, തുടങ്ങിയിട്ട് മൂന്നു വർഷമായിട്ടും വാർത്ത പുറത്തു വരുന്നതുവരെ ഒളിച്ചുവെച്ചിരിക്കുകയായിരുന്നു. അല്ലെങ്കിൽ കൃത്യമായ ഓഡിറ്റിംഗോ കെ. വൈ.എസോ ഇല്ലാതെ ആരുടെയും കള്ളപ്പണം സൂക്ഷിക്കാവുന്ന നിലയിലാണ് പല സഹകരണ ബാങ്കുകളും. വായ്പയെടുക്കുന്ന പാവപ്പെട്ടവരിൽ നിന്ന് ഈടാക്കുന്ന പലിശയാകട്ടെ മറ്റെല്ലാ ബാങ്കുകളേക്കാൾ കൂടുതലും. സഹകരണ മേഖലയാകെ കൈപ്പപിടിയിലൊതുക്കാൻ കേന്ദ്രം കരുനീക്കം നടത്തുമ്പോഴാണ് ഇത്തരം സംഭവങ്ങൾ എന്നതാണ് ഏറ്റവംു പ്രധാനം. തീർച്ചയായും അഴിമതി ഒരു പാർട്ടിയുടെ മാത്രം കുത്തകയല്ല. തെരഞ്ഞെടുപ്പിന് കുഴൽപണമിറക്കി എന്ന ആരോപണമാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി നേരിടുന്നത്. ഇപ്പോൾ പ്രതിപക്ഷത്തുള്ള യു.ഡി.എഫിലെ നിരവധി നേതാക്കളും അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുന്നവരാണ്. അഴിമതി വർധിക്കുന്തോറും ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ജനങ്ങൾക്ക് നഷ്ടപ്പെടുക. ഇന്നത്തെ കാലത്ത് ജനാധിപത്യത്തിനേൽക്കുന്ന ഏതൊരു ക്ഷതവും കേരളീയ സമൂഹത്തെ പിറകോട്ടല്ലേ നയിക്കുക? 


അടുത്ത ദിവസങ്ങളിലെ മാത്രം ഏതാനും സംഭവങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടിയത്. തീർച്ചയായും ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഭീതിദമായ ഒരവസ്ഥയാണിത്. അതിനേക്കാൾ ഭീതിദമായ മറ്റൊന്നു കൂടിയുണ്ട്. അതു മറ്റൊന്നുമല്ല, ഇതിനെയെല്ലാം ന്യായീകരിക്കാൻ ഓരോ പ്രസ്ഥാനത്തിനും ചാവേറുകളുണ്ടെന്നതാണത്. അവരുടെ അടിമ മനസ്സാണ് തുടക്കത്തിൽ സൂചിപ്പിച്ച ബോർഡിലൂടെ പുറത്തു വരുന്നത്.  അവരെ നയിക്കുന്നത് ജനാധിപത്യ ബോധമല്ല, മറിച്ച് ഫാസിസ്റ്റ് ചിന്തകളും അടിമ മനസ്സുമാണ്. 
അവർ നയിക്കുമ്പോൾ നമുക്ക് പിറകോട്ടല്ലാതെ മുന്നോട്ടു ചലിക്കാനാവില്ലല്ലോ. അതിനൊരു യു ടേൺ ഉണ്ടാക്കി വീണ്ടും മുന്നോട്ടു ചലിക്കാനുള്ള രാഷ്ട്രീയമാണ് ജനാധിപത്യ വിശ്വാസികൾ പ്രകടിപ്പിക്കേണ്ടത്. അതു സാധ്യമാകുമോ എന്നതാണ് ഇന്നിന്റെ പ്രസക്തമായ ചോദ്യം.
 

Latest News