Sorry, you need to enable JavaScript to visit this website.

ഫെഡറൽ ബാങ്കിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന  പ്രവർത്തന ലാഭം

ജൂൺ 30 ന് അവസാനിച്ച 2021-22 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഫെഡറൽ ബാങ്ക് 1135 കോടി രൂപയുടെ പ്രവർത്തന ലാഭം  നേടി. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന പ്രവർത്തന ലാഭമാണിത്. മുൻവർഷം ഇതേ പാദത്തിൽ 932.38 കോടി രൂപയായിരുന്ന പ്രവർത്തന ലാഭം 22 ശതമാനമാണ് വർധിച്ചത്. 8.30 ശതമാനം വളർച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് 2,99,158.36 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 9.41 ശതമാനം വർധിച്ച് 1,418 കോടി രൂപയിലുമെത്തി. 53.90 ശതമാനം വർധനയോടെ  ബാങ്കിന്റെ സ്വർണ വായ്പകൾ 15,764 കോടി രൂപയിലെത്തിയപ്പോൾ റീട്ടെയിൽ വായ്പകൾ 15.15 ശതമാനവും കൊമേഴ്‌സ്യൽ ബാങ്കിംഗ് വായ്പകൾ 10.23  ശതമാനവും കാർഷിക വായ്പകൾ 23.71 ശതമാനവുമാണ് പ്രസ്തുത കാലയളവിൽ വർധിച്ചത്. പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം 9.53 ശതമാനം വർധിച്ച് 66,018.73 കോടി രൂപയിലെത്തി.


തീർത്തും വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക അന്തരീക്ഷമായിരുന്നിട്ടും  ഏറ്റവും ഉയർന്ന പാദവാർഷിക പ്രവർത്തന ലാഭം നേടാൻ സാധിച്ചതായി മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ബാങ്കിന്റെ കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് അനുപാതം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണ്.  90  ശതമാനം നിക്ഷേപവും റീട്ടെയിൽ വിഭാഗത്തിൽ പെടുന്നു. ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റൻസിന്റെ 18.20 ശതമാനവും ഞങ്ങൾ വഴിയാണ് എന്നത്   പ്രവാസികൾക്ക് ഞങ്ങളോടുള്ള  താൽപര്യത്തിന്റെ ഉത്തമോദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കിന്റെ 4.99 ശതമാനം ഓഹരികളിൽ നിക്ഷേപം നടത്താൻ  ഐഎഫ്‌സി പോലുള്ള ഒരു പ്രമുഖ നിക്ഷേപ സ്ഥാപനം തീരുമാനിച്ചത്  ബാങ്കിന്റെ പ്രവർത്തന മികവിൽ നിക്ഷേപകർക്ക് പൊതുവെയുള്ള വിശ്വാസത്തെയാണ്  സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Latest News