Sorry, you need to enable JavaScript to visit this website.

യു.എസ് ഓഹരി ഇൻഡക്‌സ് പ്രകടനം ഇന്ത്യൻ വിപണിക്ക് ഊർജം പകരാം

യു.എസ് ഓഹരി ഇൻഡക്‌സിലെ റെക്കോർഡ് പ്രകടനം ഇന്ത്യൻ വിപണിക്ക് ഊർജം പകരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ആഭ്യന്തര വിപണി വിൽപനക്കാർ കൈയടക്കിയതിനാൽ ബോംബെ സെൻസെക്‌സ് 164 പോയന്റും നിഫ്റ്റി 67 പോയന്റും പ്രതിവാര നഷ്ടത്തിലാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ സാന്നിധ്യം ഉറപ്പ് വരുത്താനായെങ്കിലും വിദേശ ഫണ്ടുകൾ വിൽപനക്കാരായത് വിപണിയെ ദുർബലമാക്കി. കോർപറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന ഫലങ്ങൾക്ക് തിളക്കം മങ്ങിയതും തിരിച്ചടിയായി. വാരത്തിന്റെ ആദ്യ പകുതിയിൽ വിദേശ ഫണ്ടുകൾ വിൽപനക്ക് മത്സരിച്ചു. എന്നാൽ ബക്രീദ് അവധിക്ക് ശേഷം താഴ്ന്ന റേഞ്ചിൽ പ്രദേശിക നിക്ഷേപകരും ആഭ്യന്തര ഫണ്ടുകളും കനത്ത ബയ്യിങിന് തയാറായതോടെ അവസാന രണ്ട് ദിവസങ്ങളിലെ ബുൾ റാലിയിൽ സൂചിക തകർച്ചയിൽ നിന്ന് രണ്ട് ശതമാനം കയറി. 


ബോംബെ സെൻസെക്‌സ് 53,140 ൽ നിന്ന് 52,013 ലേയ്ക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 53,114 ലേയ്ക്ക് കയറിയെങ്കിലും ക്ലോസിങിൽ സൂചിക 52,975 പോയന്റിലാണ്. ഈ വാരം 52,287 ലെ സപ്പോർട്ട് നിലനിർത്തി 53,388 ലേക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ സെൻസെക്‌സ് 53,801 നെ ലക്ഷ്യമാക്കി നീങ്ങും. എന്നാൽ ഡെറിവേറ്റീവ് മാർക്കറ്റിൽ വ്യഴാഴ്ച നടക്കുന്ന സെറ്റിൽമെന്റ് സമ്മർദമുളവാക്കിയാൽ 51,599 ലേയ്ക്ക് തിരുത്തൽ അനുഭവപ്പെടാം. നിഫ്റ്റി സൂചികക്ക് മുന്നിൽ വീണ്ടും 15,900 വൻമതിൽ തീർത്തു. തൊട്ട് മുൻവാരം രേഖപ്പെടുത്തിയ റെക്കോർഡായ 15,962 പോയന്റിൽ നിന്ന് ഇടപാടുകളുടെ ആദ്യ രണ്ട് ദിവസങ്ങളിലായി 380 പോയന്റ് സൂചിക ചാഞ്ചാടി. 
15,923 ൽ നിന്ന് 15,754 ലേക്ക് ഇടിഞ്ഞാണ് നിഫ്റ്റിയിൽ ഇടപാടുകൾ ആരംഭിച്ചത്. എന്നാൽ സാങ്കേതിക തിരുത്തലിൽ സൂചിക 15,707 പോയന്റ് വരെ താഴ്ന്നതിനിടയിലെ വാങ്ങൽ താൽപര്യം വിപണിക്ക് പുതുജീവൻ പകർന്നതോടെ നിഫ്റ്റി 15,899 ലേയ്ക്ക് ഉയർന്നങ്കിലും ഒരു മാസമായി നിലനിൽക്കുന്ന 15,900 ലെ നിർണായക പ്രതിരോധത്തിന് മുന്നിൽ വീണ്ടും കാലിടറിയതിനാൽ ക്ലോസിങിൽ നിഫ്റ്റി 15,856 പോയന്റിലാണ്. 


ഈ വാരം നിഫ്റ്റിക്ക് 16,012 പോയന്റിലാണ് ആദ്യ പ്രതിരോധം. വ്യാഴാഴ്ച ജൂലൈ സീരീസ് സെറ്റിൽമെന്റായതിനാൽ ചാഞ്ചാട്ടത്തിന് ഇടയുണ്ടെങ്കിലും ഓഗസ്റ്റ് സീരീസിൽ 16,200 റേഞ്ചിലേക്ക് ഉയരാനുള്ള കരുത്ത് കണ്ടെത്താം.  അമേരിക്കയിൽ ഡൗജോൺസ് വാരാന്ത്യം കാഴ്ച വെച്ച തകർപ്പൻ മുന്നേറ്റം ഈ വാരം ഇന്ത്യൻ മാർക്കറ്റിന് തിളക്കം പകരാം. ഡൗസൂചിക ചരിത്രത്തിൽ ആദ്യമായി 35,000 പോയന്റിന് മുകളിലാണ്. ഈ വർഷം സൂചിക 14 ശതമാനം ഉയർന്നു. 
രാജ്യാന്തര സ്വർണ വിപണിയിൽ അഞ്ച് ആഴ്ചകൾ നീണ്ട ബുൾ റാലിക്ക് ശേഷം തിരുത്തൽ. ട്രോയ് ഔൺസിന് 1811 ഡോളറിൽ നിന്ന് 1801 ലേക്ക് വാരാന്ത്യം മഞ്ഞലോഹം തളർന്നു. ഡോളർ സൂചിക മികവ് കാഴ്ചവെച്ചതാണ് നിക്ഷേപകരെ വിൽപനക്കാരാക്കിയത്. 

 

Latest News