Sorry, you need to enable JavaScript to visit this website.

കോവിഡിലും കേരള  ഐ.ടി മേഖലക്ക് തിളക്കം

കോവിഡ് മഹാമാരിക്കിടയിലും ഐ.ടി വ്യവസായ മേഖല കൈവരിക്കുന്ന വളർച്ചക്കൊപ്പം മുന്നേറാൻ കേരളത്തിനായി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാർക്കുകളിൽ ഒന്നായ തിരുവനന്തപുരം ടെക്‌നോപാർക്കിന് മികച്ച ക്രെഡിറ്റ് റേറ്റിങ് ലഭിച്ചപ്പോൾ കൊച്ചിയിലെ ഇൻഫോപാർക്ക് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പുതിയ കമ്പനികളെ ആകർഷിച്ചും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയാണ് ഈ മുന്നേറ്റം കൈവരിച്ചത്. ഈ വർഷം ഇന്ത്യയിലെ ഐ.ടി വ്യവസായ മേഖല 11 ശതമാനം വളർച്ച കൈവരിക്കുമെന്ന ക്രിസിൽ റിപ്പോർട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തു വന്നത്. ഐ.ടി രംഗം കരുത്തുറ്റ തിരിച്ചുവരവ് തന്നെ നടത്തുമെന്നാണ് ക്രിസിലും നാസ്‌കോമുമെല്ലാം പ്രവചിക്കുന്നത്.


ക്രിസിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ക്രെഡിറ്റ് റേറ്റിംഗിൽ ടെക്‌നോപാർക്കിന് എ പ്ലസ്/സ്റ്റേബ്ൾ ലഭിച്ചു. ആദ്യമായാണ് ടെക്‌നോപാർക്കിന് ഉയർന്ന ക്രിസിൽ റേറ്റിംഗ് ലഭിക്കുന്നത്. ദീർഘകാല സാമ്പത്തിക പദ്ധതികളിലെ മികവും ഭദ്രതയുമാണ് ടെക്‌നോപാർക്കിന് ഉയർന്ന സുരക്ഷിതത്വമുള്ള റേറ്റിംഗ് നേടിക്കൊടുത്തത്. 
രണ്ടു വർഷമായി എ/സ്റ്റേബ്ൾ ആയിരുന്ന റേറ്റിംഗ് ആണ് മികച്ച പ്രകടനത്തിലൂടെ ടെക്‌നോപാർക്ക് മെച്ചപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ടെക്‌നോപാർക്ക് കാഴ്ചവെച്ച വായ്പാ തിരിച്ചടവിലെ കൃത്യത, സാമ്പത്തിക അച്ചടക്കം എന്നിവക്കുള്ള അംഗീകാരമാണിത്. ഫെയ്‌സ് ഒന്നിലേയും ഫെയ്‌സ് മൂന്നിലേയും ഐടി ഇടങ്ങൾ പൂർണമായും വാടകക്ക് നൽകിയതും മുടക്കമില്ലാത്ത പണലഭ്യതയും വൈവിധ്യമാർന്ന ഇടപാടുകാരും ദീർഘകാല പാട്ടക്കരാറുകളുമാണ് ടെക്‌നോപാർക്കിന്റെ കരുത്ത്.


ആഗോള തലത്തിൽ തന്നെ കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും ടെക്‌നോപാർക്കിന് സ്വന്തം കരുത്തിലൂടെ സാമ്പത്തിക സ്ഥിരതയും പ്രകടന മികവും നിലനിർത്താനായി. ഈ മഹാമാരിക്കാലത്തും നാൽപതോളം പുതിയ കമ്പനികൾ ടെക്‌നോപാർക്കിലെത്തിയത് ഇവിടുത്തെ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ തെളിവാണെന്ന് ടെക്‌നോപാർക്ക്  സിഇഒ ജോൺ എം. തോമസ് പറഞ്ഞു. കരുത്തുറ്റ വായ്പാ സുരക്ഷാ ക്രമീകരണങ്ങളും പണലഭ്യതയും ഒപ്പം ആരോഗ്യകരമായ പ്രവർത്തന ക്ഷമതയും കമ്പനികളുടെ വൈവിധ്യവുമാണ് റേറ്റിംഗ് മെച്ചപ്പെടുത്താൻ സഹായിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ കമ്പനികൾക്ക് ആശ്വാസമെന്ന നിലയിൽ വാടക ഇളവ് നൽകുകയും വാർഷിക വർധന ഒഴിവാക്കുകയും ചെയ്‌തെങ്കിലും ടെക്‌നോപാർക്കിന്റെ പണലഭ്യത മികച്ച നിലയിൽ തന്നെയായിരുന്നുവെന്ന് ചീഫ് ഫിനാൻസ് ഓഫീസർ എൽ. ജയന്തി പറഞ്ഞു.


ടെക്‌നോപാർക്ക് ഒന്ന്, മൂന്നു ഫേസുകൾ പൂർണമായും പ്രവർത്തനക്ഷമമാണ്.  ഇൻഫോസിസ്, യു.എസ്.ടി ഗ്ലോബൽ, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്),   ഏണസ്റ്റ് ആന്റ് യംഗ്, അലയൻസ്, ഐ.ബി.എസ് സോഫ്റ്റ്‌വെയർ, ഒറാക്കിൾ,  നിസ്സാൻ, ഗൈഡ് ഹൗസ്, സൺ ടെക്, ടാറ്റ എൽക്‌സി, ഇൻവെസ്റ്റ് നെറ്റ്, ക്വസ്റ്റ് ഗ്ലോബൽ  തുടങ്ങിയ പ്രശസ്ത കമ്പനികളും നിലവിൽ ടെക്‌നോപാർക്കിലെ കമ്പനികളുടെ  പട്ടികയിൽ ഉൾപ്പെടുന്നു. കൂടാതെ ടെക്‌നോപാർക്കിന്റെ വർധിച്ചുവരുന്ന ഐ.ടി ഇൻഫ്രാസ്ട്രക്ചർ സൗകര്യത്തിൽ കോഡവലപ്പർമാരായ എംബസിടോറസ്, ബ്രിഗേഡ് എന്റർപ്രൈസസ്, കാർണിവൽ ഇൻഫോപാർക്ക്, സീവ്യൂ, ആംസ്റ്റർ ഹൗസ്, എംസ്‌ക്വയർ എന്നിവയുടെ ശക്തമായ പിന്തുണയുമുണ്ട്.


ക്രിസിൽ റിപ്പോർട്ടിന്റെ ചുവടു പിടിച്ചാണ് കൊച്ചി ഇൻഫോപാർക്കിന്റെ മുന്നേറ്റം. ഇൻഫോപാർക്ക് ഫെയ്സ് രണ്ടിൽ 2.63 ഏക്കർ ഭൂമിയിൽ മൂന്ന് ടവറുകളിലായി ഒരുങ്ങുന്ന കാസ്പിയൻ ടെക്പാർക്ക് കാമ്പസ് നിർമാണം അവസാന ഘട്ടത്തിലാണ്. ഇവിടെ 1.30 ലക്ഷ ചതുരശ്ര അടി ഓഫീസ് ഇടം ലഭ്യമാക്കുന്ന ആദ്യ ടവർ 2022 ആദ്യ പാദത്തോടെ പൂർത്തിയാകും. പത്തു നിലകളുള്ള ഈ കെട്ടിടത്തിൽ ഐ.ടി, ഐ.ടി.ഇ.എസ്, കോർപറേറ്റ്, സ്റ്റാർട്ടപ് കമ്പനികൾക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൂർണമായും പണി പൂർത്തിയായാൽ കാസ്പിയൻ ടെക്പാർക്ക് കാമ്പസിൽ ആകെ 4.50 ലക്ഷം ചതുരശ്ര അടി വിസ്തൃതി കമ്പനികൾക്കായി ലഭ്യമാകും. ഫെയ്സ് രണ്ടിലെ മറ്റൊരു പ്രധാന കാമ്പസ് ക്ലൗഡ്സ്‌കേപ്സ് സൈബർ പാർക്ക് പണി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. ഇവിടെ ആദ്യ ഘട്ടത്തിൽ 62,000 ചതുരശ്ര അടി വിസ്തൃതിയിൽ ചെറുകിട, ഇടത്തരം ഐ.ടി സംരംഭങ്ങൾക്കായി പൂർണസജ്ജമായ ഓഫീസ് ഇടമാണ് ഒരുക്കിയിരിക്കുന്നത്. ഇൻഫോപാർക്ക് ഫെയ്സ് ഒന്നിൽ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ഐ.ബി.എസിന്റെ സ്വന്തം കാമ്പസും പണി പൂർത്തിയായിരിക്കുന്നു. ഇവിടെയും ഉടൻ പ്രവർത്തനം ആരംഭിക്കും.


കേരളത്തിൽ ആരംഭിച്ച് ആഗോള പ്രശസ്തി നേടിയ ഐ.ബി.എസ് സോഫ്റ്റ്വെയർ സർവീസസിന്റെ കൊച്ചിയിലെ സ്വന്തം ഐ.ടി കാമ്പസ് 4.21 ഏക്കർ ഭൂമിയിൽ 6 ലക്ഷം ചതുരശ്ര അടി വിസ്തൃതിലാണ് ഒരുങ്ങുന്നത്. ഓരോ ഘട്ടമായി പൂർത്തീകരിക്കുന്ന കാമ്പസിന്റെ ആദ്യ ടവർ ഇൻഫോപാർക്ക് ഫെയ്സ് ഒന്നിൽ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. മുഴുവൻ കാമ്പസുകളുടെ പണി പൂർത്തീകരിക്കുമ്പോൾ 6000 ത്തോളം ജീവനക്കാർക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. മറ്റു സൗകര്യങ്ങൾക്കു പുറമെ തിയേറ്റർ, ഓപൺ റൂഫ് കഫ്റ്റീരിയ അടക്കമുള്ള സൗകര്യങ്ങളും ഈ കാമ്പസിൽ ഉണ്ട്.


ഇൻഫോപാർക്കിൽ ഇപ്പോൾ 92 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്പേസ് ആണ് നിലവിൽ ലഭ്യമായിട്ടുള്ളത്. 10 ലക്ഷത്തോളം ചതുരശ്ര അടി സ്ഥലം ഈ വർഷത്താവസാനത്തോടെ പുതിയ കമ്പനികൾക്കായി തയാറാകുന്നതോടെ ഒരു കോടിയിലധികം ചതുരശ്ര അടി ഇൻഫോപാർക്കിന് മാത്രം സ്വന്തമാകും. ഇൻഫോപാർക്കിന്റെ സാറ്റലൈറ്റ് കാമ്പസുകളായ കൊരട്ടി, ചേർത്തല പാർക്കുകളിൽ പുതിയ ഓഫീസ് ഇടങ്ങളുടെ ഫർണിഷ് ജോലികൾ നടന്നുവരുന്നു. ഇവിടെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഇടത്തരം സംരംഭകർക്കുമായാണ് പ്രധാനമായും സ്ഥലം ഒരുങ്ങുന്നത്. ഇൻഫോപാർക്കിലെ ഏതാനും വലിയ കമ്പനികൾ ഇപ്പോൾ സാറ്റലൈറ്റ് പാർക്കുകളിലേക്കും ഓഫീസ് പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്.

 

Latest News