Sorry, you need to enable JavaScript to visit this website.
Monday , December   06, 2021
Monday , December   06, 2021

ഒരു സാന്ത്വന  ചികിത്സാ ദിനം കൂടി  കടന്നു പോകുമ്പോൾ

ഓരോ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ലോക പാലിയേറ്റീവ് കെയർ ദിനമായി ആചരിക്കുന്നത്. പക്ഷേ കേരളത്തിൽ ജനുവരി 15 ആണ് ഈ ദിനം ആചരിക്കുന്നത്. പാലിയേറ്റീവ് കെയറിനെക്കുറിച്ചും സാന്ത്വന പരിചരണം ആവശ്യമുള്ളവരെക്കുറിച്ചും അവബോധമുണ്ടാക്കാനും രോഗികളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ സമൂഹത്തിനു മനസ്സിലാക്കിക്കൊടുക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. കിടപ്പിലായ രോഗിയെ സുഹൃത്തിനെപ്പോലെ ആശ്വസിപ്പിച്ച് പരിചരിക്കുകയാണ് പാലിയേറ്റീവ് കെയർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  
ലോകത്ത് 12 ലക്ഷം പാലിയേറ്റീവ് വോളന്റിയർമാരും നാലു ലക്ഷം ജോലിക്കാരും 90 ലക്ഷം ജനങ്ങളും ഈ രംഗത്ത് കർമനിരതരാണ്. ഡോക്ടർമാർ, നഴ്സുമാർ, സാമൂഹിക പ്രവർത്തകർ, വീട്ടമ്മമാർ, ഗൃഹനാഥന്മാർ, യുവജനങ്ങൾ, വിദ്യാർഥികൾ തുടങ്ങി വലിയൊരു ശൃംഖല തന്നെ പ്രതിഫലം പറ്റാതെ സഹജീവി ശുശ്രൂഷയിൽ മുഴുകുന്നു. എന്നാൽ, ഈ രംഗത്തെ ആവശ്യങ്ങളുടെ പത്ത് ശതമാനം പരിഹരിക്കാനേ ഇത് വരെ സാധിച്ചിട്ടുള്ളൂ. കേരളത്തിൽ അത്ര പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം. സാന്ത്വന ചികിത്സയുടെ പ്രാധാന്യം ഇനിയും മലയാളി തിരിച്ചറിഞ്ഞു എന്നു പറയാനാകില്ല. മരണമുറപ്പായ രോഗിയെ പോലും വീട്ടിലെത്തിച്ച്, ഉറ്റവരുടെ സാന്നിധ്യത്തിൽ പരമാവധി വേദനാരഹിതമായ മരണം ഉറപ്പുവരുത്തുന്നതിനു പകരം ഐ സി യുവിലെ ഭയാനകമായ ഏകാന്തതയിൽ മരണത്തിനു വിട്ടുകൊടുക്കാനാണ് നമുക്ക് താൽപര്യം. കച്ചവടം മാത്രം ലക്ഷ്യമാക്കിയ നമ്മുടെ ആശുപത്രികളും മിക്കവാറും ഡോക്ടർമാരും അതിനാണ് ഒത്താശ ചെയ്യുന്നത്. ഡോക്ടർമാരെ ദൈവത്തെ പോലെ കാണുന്ന അന്ധവിശ്വാസികളാണല്ലോ പൊതുവിൽ മലയാളികൾ.
അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന 21 ാം അനുഛേദത്തിൽ ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഒരാൾ രോഗിയാകുന്നതോടെ സംഭവിക്കുന്നതെന്താണ്? അതോടെ അയാളുടെ മാനുഷികമായ അന്തസ്സ് ഹനിക്കപ്പെടുന്നതാണ് പൊതുവായ അനുഭവം. രോഗം, ചികിത്സ, മരണം എന്നിവയെ കുറിച്ചുള്ള വികലമായ പൊതുധാരണകളാണ് അതിനുള്ള പ്രധാന കാരണം. അതോടൊപ്പം പ്രധാനമാണ് അന്ത്യകാല പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യൻ നിയമ സംഹിത ഇത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നില്ല എന്നത്. ഫലത്തിൽ സ്വകാര്യ ആശുപത്രികളുടേയും ഡോക്ടർമാരുടേയും കച്ചവട ഉരുപ്പടികളായി നാം മാറുന്നു. അന്തിമമായി കുടുംബത്തെ ഒന്നടങ്കം കടക്കെണിയിലേക്ക് തള്ളിയിട്ട്, ഉറ്റവരുടെ ആരുടേയും സാന്ത്വനം ലഭിക്കാതെ, ഐ സി യുവിലെ ഏകാന്തതയിൽ, അനാഥരായി മരണത്തെ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് മാറുന്നു. ജീവിതവും മരണവും അങ്ങനെ അന്തസ്സില്ലാത്തതാകുന്നു. വൃദ്ധരെ ഐ സി യു വിൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കരുത്. മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ.
വാർധക്യം കൊണ്ട് ജീർണിച്ച ശരീരം 'ജിവിതം മതി' എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും. ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും. സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും. മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നിലനിൽക്കും. കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ അവസാന നിമിഷം നീട്ടി വെപ്പിക്കാൻ ഐ സി യുവിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് ഇങ്ങനെ കഷ്ടപ്പെടുത്തേണ്ടതുണ്ടോ?
രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകാൻ അനുവദിക്കയല്ലേ വേണ്ടത്? വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ ഡ്രിപ് നൽകുക. വൃത്തിയായും സ്വഛമായും കിടത്തുക, വേണ്ടപ്പെട്ടവരെ കാണാൻ അനുവദിക്കുക.
അന്ത്യ നിമിഷം എത്തുമ്പോൾ ഏറ്റവും ഉറ്റവർ ചുറ്റും നിന്ന് കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം? മരിക്കാൻ ആശുപത്രിയുടെ ആവശ്യമില്ല. രോഗി രക്ഷപ്പെടുകയില്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടുപോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുകയാണ് ആശുപത്രികൾ ചെയ്യേണ്ടത്. ഇത്തരമൊരു അവസ്ഥക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോ കമ്മീഷൻ അന്ത്യകാല പരിചരണവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിനായി ഒരു കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്. പക്ഷേ ഉദ്ദേശ്യം നല്ലതാണെങ്കിലും അതിനനുസൃതമായല്ല ബിൽ തയ്യാറാക്കിയിട്ടുള്ളതെന്ന വിമർശനം വ്യാപകമായിരിക്കുകയാണ്. മരണം സുനിശ്ചിതമായിട്ടും നിഷ്ഫലമാണെന്നുറപ്പുള്ള ചികിത്സകൾ നൽകാതിരിക്കലും നൽകുന്നുണ്ടെങ്കിൽ അവ നിർത്തലും കുറ്റകരമായി തന്നെയാണ് കാണുന്നത്. അതുവഴി പലപ്പോഴും മുകളിൽ പറഞ്ഞപോലെ സുതാര്യമല്ലാത്ത ഐ സി യുവിൽ അപമാനകരമായ മരണമാണ് ലഭിക്കുന്നത്. അതുപോലെ തന്നെയാണ് സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയതും മരണം ആസന്നവുമായ രോഗിയുടെ കാര്യത്തിൽ അയാളുടെ/അവളുടെ പൂർവ്വ നിശ്ചയപ്രകാരമോ ബന്ധുക്കളുടെ തീരുമാനപ്രകാരമോ ചികിത്സകൾ നിർത്താൻ അവകാശമില്ല എന്നത്. അത്തരം അവസ്ഥയിൽ ഹൈക്കോടതിയുടെ അനുമതിക്കായി കാത്തുനിൽക്കണമെന്നാണ് കരട് ബില്ലിൽ പറയുന്നത്. തീരുമാനമെടുക്കുന്നതിന് ഹൈക്കോടതിക്ക് ഒരു മാസം കാലാവധിയും നൽകുന്നു. സംഭവിക്കുന്നത് എന്തായിരിക്കുമെന്നുറപ്പ്... അന്തസ്സില്ലാത്ത മരണം തന്നെ. വളരെ പ്രധാനപ്പെട്ട മറ്റൊന്നു കൂടി. ഒരാൾക്ക് ആരോഗ്യമുള്ളപ്പോൾ, സ്വബോധത്തോടെ തന്റെ അവസാന കാലത്തെ കുറിച്ച് എഴുതിവെക്കാനും അത് നടപ്പാക്കപ്പെടാനുമുള്ള അവകാശം ബില്ലിൽ അംഗീകരിച്ചിട്ടില്ല. മാത്രമല്ല, അത്തരത്തിലുള്ള 'വിൽ' അസാധുവാണെന്നും പറയുന്നു. തീർച്ചയായും ഇത് ഒരാളുടെ സ്വയംനിർണയാവകാശത്തിനു നേരെയുള്ള കയ്യേറ്റം തന്നെയാണ്. 
എന്തായാലും ശീതീകരിച്ച തീവ്രപരിചരണ സെല്ലിലെ വെന്റിലേറ്റർ കുഴലുകൾ ഘടിപ്പിച്ച പീഡിതമായ മരണത്തേക്കൾ ആരും തെരഞ്ഞെടുക്കുക കുടുംബാംഗങ്ങളുടെ സ്നേഹ പരിചരണങ്ങൾക്കിടയിൽ അന്ത്യശ്വാസം വലിക്കാനാണ്. അതു നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം മാത്രമല്ല, സാധാരണക്കാരെ ഏറ്റവുമധികം കൊള്ളയടിക്കുന്ന ആരോഗ്യ കച്ചവടക്കാരെ സഹായിക്കുന്നതുമാണ്.
പാലിയേറ്റീവ് കെയർ വാസ്തവത്തിൽ രോഗത്തിന്റെ ചികിൽസയല്ല; അസുഖത്തിന്റെ ചികിൽസയാണ്. ജീവനു കടുത്ത ഭീഷണിയുയർത്തുകയും ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങൾക്കും രോഗ ചികിൽസയ്ക്കൊപ്പം പാലിയേറ്റീവ് കെയറും ആവശ്യമാണ്. രോഗിയുടെ വൈകാരിക, സാമൂഹിക പ്രശ്നങ്ങൾക്കു കൂടി പരിഹാരമാവുന്ന സമഗ്ര ശുശ്രൂഷയാണു പാലിയേറ്റീവ് കെയർ. 
മാരക രോഗങ്ങൾ പിടിപെടുന്ന മിക്ക രോഗികൾക്കുമുണ്ടാവും ദൈവം എന്തിനിങ്ങനെ ശിക്ഷിച്ചു എന്ന വിചാരം. അവർ ചികിൽസ സ്വീകരിക്കാനുള്ള വൈമുഖ്യം പ്രകടിപ്പിക്കാം. ഒറ്റപ്പെടാനുള്ള പ്രവണത കാട്ടാം. അകാരണമായ ദേഷ്യം, വിഷാദം എന്നിവയുമുണ്ടാവാം. രോഗത്തിന്റെ വൈഷമ്യങ്ങൾ കൂട്ടുന്ന തരത്തിലുള്ള വിപരീത ചിന്തകളാവും രോഗിക്ക് ഏറെയും. ചികിൽസയുടെ ഉയർന്ന പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴിൽ നഷ്ടമാവൽ എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്നങ്ങൾക്കെല്ലാം ആശ്വാസവും ഉത്തരവുമാകാൻ പാലിയേറ്റീവ് കെയറിനു കഴിയും. 
ജീവിതത്തിൽ നഷ്ടമാവുമെന്നു രോഗി ഭയക്കുന്ന അന്തസ്സ് ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ. അർഹമായ മാന്യതയും മൂല്യവും തന്റെ ജീവിതത്തിനുണ്ടെന്ന വിശ്വാസത്തിലേക്ക് രോഗിയെ കൊണ്ടുവരികയാണ് പാലിയേറ്റീവ് ശുശ്രൂഷയിൽ. പാലിയേറ്റീവ് കെയർ എന്നാൽ ടോട്ടൽ കെയർ തന്നെയാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയും വൈദ്യശാസ്ത്ര പഠനത്തിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ ഉൾപ്പെടുത്തുകയും സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയുമാണ് അടിയന്തരമായി ബന്ധപ്പെട്ടവർ ചെയ്യേണ്ടത്. 
 

Latest News