പെഗാസസ്: സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ശശി തരൂര്‍

ന്യൂദല്‍ഹി- ഇസ്രായീല്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തലും രഹസ്യ നിരീക്ഷണവും സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പാര്‍ലമെന്റ് ഐടി കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. പെഗാസസ് വിഷയം ചര്‍ച്ച ചെയ്യാന്‍ സമ്മതിക്കുന്നത് വരെ പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി പൊതുപണം ഉപയോഗിച്ച് രഹസ്യ നിരീക്ഷണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. 

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണം. പക്ഷെ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെങ്കില്‍ പിന്നെ എന്തിന് സഭാ നടപടികള്‍ തുടരാന്‍ അനുവദിക്കണം- തരൂര്‍ ചോദിച്ചു. പെഗാസസ്, കര്‍ഷക സമരങ്ങളുടെ പേരില്‍ തിങ്കളാഴ്ചയും പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു.
 

Latest News