തിരുവനന്തപുരം- കൊടകര കേസില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പിന്നീട് പ്രതിയായി വന്നുകൂടായ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊടകര കുഴല്‍പ്പണം ബി.ജെ.പി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
കൊടകരക്കേസുമായി ബന്ധപ്പെട്ട് റോജി എം.ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കൊടകരക്കേസില്‍ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണ്. ധര്‍മ്മരാജനും ബി.ജെ.പി അനുഭാവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷററെ ഏല്‍പ്പിക്കാനാണ് കുഴല്‍പണം എത്തിച്ചത്. കേസില്‍ കെ. സുരേന്ദ്രന്‍ അടക്കം 206 സാക്ഷികള്‍ ഉണ്ട്. 21 പ്രതികള്‍ അറസ്റ്റിലായെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുമ്പോള്‍ സാക്ഷികള്‍ ചിലപ്പോള്‍ പിന്നീട് പ്രതികളായേക്കാം -മുഖ്യമന്ത്രി മറുപടി പറയവേ കൂട്ടിച്ചേര്‍ത്തു.
കുഴല്‍പ്പണക്കേസിലെ വിവരങ്ങള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ഇ.ഡിക്ക് ഇക്കാര്യം നേരിട്ട് അന്വേഷിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കെതിരെ അഴിച്ചുവിട്ടത്. സുരേന്ദ്രന്‍ സാക്ഷിപ്പട്ടികയില്‍ എത്തിയത് പിണറായിയുടെ ഇന്ദ്രജാലമാണെന്ന് അദ്ദേഹം പറഞ്ഞു.






