റോയിലെയും സൈന്യത്തിലേയും ഉദ്യോഗസ്ഥരുടെ ഫോണും ചോര്‍ത്തി

ന്യൂദല്‍ഹി- റോയിലേയും സി.ബി.ഐയിലേയും പ്രമുഖ ഉദ്യോഗസ്ഥരുടെ ഫോണും പെഗാസസ് വഴി ചോര്‍ത്തിയതായി ദ വയര്‍ റിപ്പോര്‍ട്ട്. ടു ജി  കേസ് അന്വേഷിച്ച മുതിര്‍ന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിംഗ്, അരവിന്ദ് കെജ്രിവാളിന്റെ പി.എ ആയ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വി.കെ. ജെയിന്‍ തുടങ്ങിയവരുടെ ഫോണുകള്‍ നിരീക്ഷണത്തില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ടു ജി  കേസും കോണ്‍ഗ്രസ് നേതാവായ ചിദംബരത്തിന് എതിരായ എയര്‍സെല്‍-മാക്സിസ് കേസും അന്വേഷിച്ച രാജേശ്വര്‍ സിംഗിന്റെ ഫോണ്‍ നമ്പര്‍, അദ്ദേഹത്തിന്റെ ഭാര്യയുടെയും സഹോദരിമാരുടെയും ഫോണ്‍ നമ്പരുകള്‍ ചോര്‍ത്തിയിരുന്നു.  സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു രാജേശ്വര്‍ സിംഗ്. അലോക് വര്‍മയുടെയും ഫോണ്‍ ചോര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു.
ഏതാനും സൈനിക ഉദ്യോഗസ്ഥരുടെയും റോയിലെയും ബി.എസ്.എഫിലെയും ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്. കെജ്രിവാളിന്റെ പി.എ. ആയ വി.കെ. ജെയിന്റെ ഫോണും ചോര്‍ത്തലിന് വിധേയമായിട്ടുണ്ട്. നീതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്റെയും ഫോണുകള്‍ ചോര്‍ത്തി.

 

Latest News