നാലുതവണ മുഖ്യമന്ത്രി, നാലു തവണയും പാതിവഴിയില്‍ പുറത്തായി

ബംഗലൂരു- നാലുതവണ മുഖ്യമന്ത്രിയായി. നാലു തവണയും പാതിവഴിയില്‍ സ്ഥാനം പോയി. ഒരിക്കലും അഞ്ചുവര്‍ഷ കാലാവധി തികയ്ക്കാന്‍ ബി.എസ് യെദ്യൂരപ്പക്ക് കഴിഞ്ഞിട്ടില്ല. ഒരു തവണ വെറും രണ്ട് ദിവസം മാത്രമാണ് അധികാരത്തിലുണ്ടായിരുന്നത്.

ആദ്യമായി മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത് 2007 നവംബര്‍ 12-നാണ്. ഏഴുദിവസത്തിനു ശേഷം രാജിവെച്ചു. 2008 മേയ് 30-ന് യെദ്യൂരപ്പ രണ്ടാംവട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണം 2011 ജൂലായ് 31 വരെ. മൂന്നാംതവണ യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത് 2018 മേയ് 17 ന്.  ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് മേയ് 19 ന് രാജി. പിന്നാലെ എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചു ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി 2019 ജൂലൈ 26ന് വീണ്ടും മുഖ്യമന്ത്രിയായി. രണ്ടുവര്‍ഷത്തിനു ശേഷം 2021 ജൂലൈ 26 ന് രാജി.

കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്ത് നേതാവിന് ഇത് നിര്‍ഭാഗ്യമാണ്. കര്‍ണാടകയില്‍ ബി.ജെ.പി അധികാരം പിടിച്ചതോടെ പുതിയ താരോദയമാകുകയായിരുന്നു അദ്ദേഹം. 2012-ല്‍ ഖനിക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയുമായി പിണങ്ങിപ്പിരിഞ്ഞ് കര്‍ണാടക ജനതാ പാര്‍ട്ടി രൂപവത്കരിച്ചു. എന്നാല്‍ രണ്ടുകൊല്ലത്തിനു ശേഷം കെ.ജെ.പി, ബി.ജെ.പിയില്‍ ലയിച്ചു.  

യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് കര്‍ണാടക ബി.ജെ.പിയില്‍ ആവശ്യം ഉയര്‍ന്നിട്ട് കാലം ഏറെയായി. കേന്ദ്രനേതൃത്വത്തിന് വിശ്വാസമുള്ളിടത്തോളം കാലം സ്ഥാനത്ത് തുടരുമെന്നായിരുന്നു യെദ്യൂരപ്പ പറഞ്ഞിരുന്നത്. ഒരാഴ്ച മുന്‍പ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ദല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ഉപാധികള്‍ അംഗീകരിക്കുന്ന പക്ഷം രാജിക്ക് സന്നദ്ധനാണെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കി.

മക്കളായ വിജയേന്ദ്രക്കും രാഘവേന്ദ്രക്കും പാര്‍ട്ടിയിലോ സര്‍ക്കാരിലോ നിര്‍ണായക സ്ഥാനം നല്‍കണം എന്നായിരുന്നു ഉപാധികളില്‍ പ്രധാനമെന്നാണ് വിവരം. ഉപാധികളില്‍ ഏതൊക്കെ അംഗീകരിക്കപ്പെട്ടുവെന്നോ തള്ളപ്പെട്ടുവെന്നോ വ്യക്തമല്ല.

നാലാംവട്ടം മുഖ്യമന്ത്രിപദത്തിലെത്തിയതിന്റെ രണ്ടാം വാര്‍ഷകത്തിലാണ് യെദ്യൂരപ്പയുടെ രാജി. രാജിപ്രഖ്യാപന പ്രസംഗത്തിനിടെ അദ്ദേഹം വിതുമ്പി. കര്‍ണാടകയില്‍ ബി.ജെ.പി വളര്‍ന്നെന്ന് പറഞ്ഞ യെദ്യൂരപ്പ,  ഈ ഭരണകാലം തനിക്കൊരു അഗ്‌നിപരീക്ഷയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.  

യെദ്യൂരപ്പയുടെ പിന്‍ഗാമി ആരെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിരവധി പേരുകള്‍ മുന്നിലുണ്ട്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, സി.ടി രവി, മുന്‍കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ധര്‍വാട് എം.എല്‍.എ. അരവിന്ദ് ബെല്ലാഡ്, വിജയപുര എം.എല്‍.എ. ബസനഗൗഡ പാട്ടീല്‍ യത്നാല്‍, മൈന്‍-ജിയോളജി മന്ത്രി മുരുഗേഷ് ആര്‍. നിരാനി, ബസവരാജ് ബൊമ്മൈ എന്നിവരാണ് സാധ്യതാപട്ടികയില്‍.
 

 

Latest News