രണ്ട് ഡോസ് വാക്‌സിന്‍ എടുത്തെന്ന് വിചാരിച്ച്  കോവിഡ് ജാഗ്രത കുറയ്ക്കരുത്-  വിദഗ്ധര്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍  കോവിഡ് രണ്ടാം തരംഗം പിന്നിട്ട ശേഷം നിരവധിപേരുടെ പ്രതിരോധശേഷി വര്‍ധിച്ചിട്ടുണ്ടാകാമെന്ന് വിദഗ്ധര്‍. നിരവധി പേര്‍ക്ക് വൈറസ് നേരത്തെ ബാധിച്ചതും, വാക്‌സിനേഷനുമാണ് ഇതിന് കാരണം. എന്നാല്‍ ഇക്കാരണം കൊണ്ട് ജാഗ്രത കുറയരുത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ രണ്ടാം തരംഗം പോലെയൊന്ന് ഇനി ഉണ്ടാകാതിരിക്കാനും ശ്രദ്ധവേണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ടതും അത്യാവശ്യമാണെന്ന് ഡല്‍ഹി എയിംസ് ഐ.സി.യു തലവന്‍ ഡോക്ടര്‍ യുദ്ധ്വീര്‍ സിങ് അഭിപ്രായപ്പട്ടു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് കേസുകള്‍ കുറഞ്ഞാലും കുറച്ച് കാലത്തേക്ക് കൂടി ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ രണ്ടാം തരംഗത്തില്‍ വലിയ അളവില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത് അവിടെ ആര്‍ജ്ജിത പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസുകള്‍ കുറഞ്ഞതുകൊണ്ട് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാലുള്ള അപകടം എത്ര വലുതാണെന്ന് മുന്‍പ് കണ്ടതാണെന്നും രണ്ടാം തരംഗത്തിലേത് പോലെ കേസുകള്‍ ഏത് സമയത്തും കുത്തനെ കൂടാമെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ അത്യാവശ്യകത ജനങ്ങള്‍ മറക്കരുത്. അതോടൊപ്പം തന്നെ രണ്ടാം തരംഗത്തിന് ശേഷം രാജ്യത്ത് ജനങ്ങള്‍ വാക്‌സിനേഷന്‍ പ്രക്രിയയെ കുറച്ചുകൂടി ഗൗരവത്തോടെ കാണുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.
 

Latest News