Sorry, you need to enable JavaScript to visit this website.

ജസ്റ്റിസ് ലോയയുടെ ദൂരൂഹ മരണം: രേഖകൾ ഹർജിക്കാർക്കു നൽകണമെന്ന് സുപ്രീം കോടതി

ന്യൂദൽഹി- സുപ്രീം കോടതിയിൽ ഉന്നത ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നതക്കും പ്രതിസന്ധിക്കുമിടയാക്കിയ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണക്കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹർജിക്കാർക്കു നൽകണമെന്ന് മഹാരാഷ്്ട്ര സർക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. പരമോന്നത കോടതിയിൽ കടുത്ത ഭിന്നത നിലനിൽക്കെയാണ് ലോയയുടെ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി പരിഗണിച്ചത്.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച എല്ലാ വസ്തുതകളും ഹർജിക്കാർക്ക് അറിഞ്ഞിരിക്കണം. വൈദ്യ പരിശോധനാ റിപ്പോർട്ട് അടക്കം എല്ലാ രേഖകളും പരിശോധിക്കാൻ ഹർജിക്കാർക്കു നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷൻ അമിത് ഷാ മുഖ്യപ്രതിയായ സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് ലോയ ദൂരൂഹമായി മരണപ്പെട്ടത്. ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണം അവശ്യപ്പെട്ടു കൊണ്ട് രണ്ട് പൊതുതാൽപര്യ ഹർജികൾ വ്യാഴാഴ്ചയാണ് സുപ്രീം കോടതി സ്വീകരിച്ചത്. മരണത്തിൽ സംശയങ്ങളുണ്ടെന്നാണ് ഹർജിക്കാരുടെ വാദം.

രേഖകൾ ഹർജിക്കാർക്കും കൈമാറുന്നതിൽ സർക്കാരിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയിൽ പറഞ്ഞു. അതേസമയം ഇവ പരസ്യപ്പെടുത്തരുതെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച സുപ്രീം കോടതി ആവശ്യപ്പെട്ടതു പ്രകാരം കേസ് രേഖകളെല്ലാം സീൽ വച്ച കവറിൽ ചൊവ്വാഴ്ച മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. കേസ് ഒരാഴ്ചത്തേക്ക് നീട്ടി വച്ച കോടതി ഹർജിക്കാരോട് കൂടുതൽ രേഖകളുണ്ടെങ്കിൽ ഹാജരാക്കാനും ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച നാല് മുതിർന്ന ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ആരോപണങ്ങളുന്നയിക്കാൻ പ്രധാന കാരണങ്ങളിലൊന്ന് ഈ ഹർജികളായിരുന്നു. കേസുകളിൽ വാദം കേൾക്കാൻ ജഡ്ജിമാരെ നിശ്ചയിക്കുന്നതിൽ ചീഫ് ജസ്റ്റിസ് ക്രമക്കേട് കാണിക്കുന്നുവെന്നായിരുന്നു ആരോപണം. ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് നൽകിയത്. ഭിന്നതകളുണ്ടെങ്കിലും ജസ്റ്റിസ് അരുൺ മിശ്ര തന്നെയാണ് ചൊവ്വാഴ്ച ഹർജിയിൽ വാദം കേട്ടത്.

2014 ഡിസംബർ ഒന്നിന് നാഗ്പൂരിൽ ഒരു വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയ ജസ്റ്റിസ് ലോയ അവിടെ വച്ചാണ് മരണപ്പെട്ടത്. ലോയ ഇവിടെ എത്തിയതും തുടർന്നുമുണ്ടായ സംഭവ വികാസങ്ങളാണ് മരണത്തിൽ ദുരൂഹത ഏറാൻ ഇടവരുത്തിയത്. സൊറാബുദ്ദീൻ വ്യാജ ഏറ്റമുട്ടൽ കൊലക്കേസിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഗുജറാത്തിൽ നിന്നും 2013 സെപ്തംബറിലാണ് മുംബൈ കോടതിയിലേക്കു മാറ്റിയത്. ഈ കേസിൽ വാദം കേട്ടിരുന്നത് ജസ്റ്റിസ് ലോയയായിരുന്നു. ലോയയുടെ മരണം ശേഷമെത്തിയ ജഡ്ജി 2014 ഡിസംബർ 30ന് കേസിൽ അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
 

Latest News