Sorry, you need to enable JavaScript to visit this website.

ജനനി ജന്മരക്ഷാ പദ്ധതിയിൽ ഗുരുതരവീഴ്ച -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- ജനനി ജന്മരക്ഷാ പദ്ധതിയിൽ നടന്നിരിക്കുന്ന വൻ തട്ടിപ്പും മേൽനോട്ടമില്ലാത്ത തുക വിനിയോഗവും കേരള സർക്കാരിന്റെ ആദിവാസി വഞ്ചനയാണെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. അട്ടപ്പാടി ആദിവാസികളിലെ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആദിവാസികളിലെ ശിശുമരണ നിരക്ക് തടയാനായി സംസ്ഥാന സർക്കാർ 2013  ൽ ആരംഭിച്ച പദ്ധതിയിൽ രേഖയില്ലാതെ ഫണ്ട് ചെലവഴിക്കുന്നതും ഡയറക്ടറേറ്റിൽ മോണിറ്ററിംഗ് റിപ്പോർട്ടില്ലാത്തതും ഗുരുതരമായ വീഴ്ചയാണ്. 2019-20 കാലയളവിൽ ജനനി ജന്മരക്ഷാ പദ്ധതിക്ക് 16.50 കോടി ചെലവഴിക്കാൻ ഭരണാനുമതി നൽകിയ പദ്ധതിയിൽ ആദ്യം 8.02 കോടിയും പിന്നീട് 8.23 കോടി രൂപയും വിവിധ ടി.ഡി.ഒ കൾക്ക് അലോട്ട് ചെയ്‌തെങ്കിലും വിലയിരുത്തൽ റിപ്പോർട്ട്, പുരോഗതി റിപ്പോർട്ട്, ഉപയോഗ റിപ്പോർട്ട്, ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് സംബന്ധിച്ച വിശദാംശങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ ഡയറക്ടർ സർക്കാരിന് നൽകണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല.


ഗുണഭോക്തൃ പട്ടികയുടെ വിശദാംശങ്ങളടങ്ങിയ പ്രതിമാസം സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ ഗോത്ര വർഗ്ഗ വികസന ഓഫീസർമാർ ഡയറേക്ടറേറ്റിൽ സമർപ്പിക്കാറില്ല. ഇത് സംബന്ധിച്ച് ഗുരുതരമായ കൃത്യവിലോപമാണ് നടക്കുന്നത്. ആദിവാസികളുടെയും ദലിതരുടെയും വിവിധ ക്ഷേമ പദ്ധതികൾ ലാപ്‌സാക്കുകയും തട്ടിയെടുക്കുകയും ചെയ്യുന്നത് വ്യാപകമാണ്. ഇതിൽ സർക്കാർ പുലർത്തുന്ന നിസ്സംഗത അത്യന്തം അപകടകരമാണ്. ജനനി ജന്മരക്ഷാ പദ്ധതി അട്ടിമറിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Latest News