ഹൈദരാബാദ്- വേശ്യാലയങ്ങളില്‍ പോകുന്നത് കുറ്റകൃത്യമാക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ നീക്കം. മനുഷ്യക്കടത്തും പെണ്‍വാണിഭവും, ലൈംഗിക പീഡനങ്ങളും തടയാന്‍ കടുത്ത നിയമങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ട്.
വേശ്യാലയങ്ങള്‍ നടത്തുന്നവരും ഇടനിലക്കാരുമെല്ലാം ഈ നിയമങ്ങള്‍ പ്രകാരം പിടിക്കപ്പെടുമ്പോള്‍ പലപ്പോഴും രക്ഷപ്പെടുന്ന വിഭാഗമാണ് പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ ലൈംഗിക സേവനം തേടി പോകുന്നവര്‍.
ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് ശ്രമമെന്ന് അധികൃതര്‍ പറയുന്നു. നിര്‍ബന്ധിത വേശ്യാവൃത്തിയിലേര്‍പ്പെട്ട സ്ത്രീകളേയും കുട്ടികളേയും രക്ഷിക്കുന്നതിനുള്ള നിര്‍ണായക നീക്കമായാണ് വേശ്യാലയങ്ങളില്‍ പോകുന്നത് ക്രിമിനല്‍ കുറ്റമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിലയിരുത്തുന്നത്. ഇതു നടപ്പിലായാല്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാകും ആന്ധ്ര.
ഇതു സംബന്ധിച്ചു പഠിക്കാനായി ആന്ധ്ര സര്‍ക്കാര്‍ നിയമവിദഗ്ധരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിലവിലെ നിയമങ്ങള്‍ പരിശോധിച്ച് രണ്ടു മാസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ മനുഷ്യക്കടത്ത് നിയമത്തില്‍ ലൈംഗിക സേവനം തേടുന്നവരെ കുടുക്കാന്‍ വകുപ്പുകളുണ്ടെങ്കിലും അത് പ്രയോഗിക്കപ്പെടുന്നില്ലെന്ന് സമിതി അംഗമായ സുനിത കൃഷ്ണന്‍ പറയുന്നു. ലൈംഗികാടിമത്തം നിലനില്‍ക്കുന്ന വേശ്യാലയങ്ങളും മറ്റും സന്ദര്‍ശിക്കുന്നവരെ പോലീസ് നോട്ടമിടാതെ മനുഷ്യക്കടത്ത് തടയാനുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലൈംഗിക സേവനം തേടിയെത്തുന്നവരാണ് ലൈംഗിക അടിമകളുടെ ഡിമാന്‍ഡ് കൂട്ടുന്നത്. ഇവരെ ക്രിമിനലുകളായി കാണാതെ പെണ്‍കുട്ടികളെ വില്‍പ്പനച്ചരക്കാക്കുന്നത് തടയാനാവില്ലെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ രണ്ടു കോടിയോളം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരില്‍ ഒന്നര കോടിയിലേറെ വരുന്ന സ്ത്രീകളും പെണ്‍കുട്ടികളും മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് 2013-ല്‍ പുറത്തു വന്ന ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.