Sorry, you need to enable JavaScript to visit this website.

മംഗളൂരുവില്‍ 38 ശ്രീലങ്കന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത കേസ് എന്‍.ഐ.എക്ക്

കാസര്‍കോട്- അനധികൃത ഇന്ത്യന്‍ വാസത്തിനിടെ മംഗളൂരുവില്‍ 38 ശ്രീലങ്കന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത കേസിന്റെ തുടരന്വേഷണം കര്‍ണാടക പോലീസ് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് (എന്‍.ഐഎ) കൈമാറി. കഴിഞ്ഞ ജൂണ്‍ 11 നാണ് ഇവരെ മംഗളുരു സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വിസ തട്ടിപ്പ് ഇരകളാണിവരെന്നാണ് വിവരമെന്ന് സിറ്റി പോലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ മനുഷ്യക്കടത്തില്‍ ഓരോരുത്തരും ആറു മുതല്‍ 10 വരെ ലക്ഷം ശ്രീലങ്കന്‍ രൂപ ഏജന്റിന് നല്‍കിയിരുന്നതായി പറയുന്നു. മാര്‍ച് 17നാണ് ഇവര്‍ ശ്രീലങ്ക വിട്ടത്.ഇവര്‍ കയറിയ ബോട്ട് തമിഴ് നാട് അതിര്‍ത്തി ലംഘിച്ച് സഞ്ചരിച്ചു. കഴിഞ്ഞ മേയില്‍ മംഗളൂരുവില്‍ എത്തി രണ്ടു ലോഡ്ജുകളിലും വാടക വീടുകളിലുമായി തങ്ങി കൂലിവേല ചെയ്തും മീന്‍പിടിച്ചും ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് പോലീസ് പിടിയിലായത്. ഇവര്‍ക്ക് അനധികൃത താമസ സൗകര്യം ഒരുക്കിയവര്‍ക്കെതിരേയും കേസുണ്ട്. ജില്ല പോലീസ് സൂപ്രണ്ട് റാങ്കിലുള്ള എന്‍ ഐ എ ഉദ്യോഗസ്ഥന്റെ കീഴിലാണ് അന്വേഷണം തുടരുകയെന്ന് കമീഷണര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് കേസ് കൈമാറിയത്. ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും നല്‍കും.

 

Latest News