ജിദ്ദ- സിനിമാ തിയേറ്ററുകള്‍ക്ക് മൂന്നര പതിറ്റാണ്ട് നീണ്ട വിലക്ക് നീങ്ങിയ സൗദി അറേബ്യയില്‍ ആദ്യ സിനിമാ പ്രദർശനം കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരു പോലെ നവ്യാനുഭവമായി. വാരാന്ത്യങ്ങളിലെ വിരസതക്ക് പകരം പുതിയ വിനോദോപാധിയായാണ് സ്വദേശി കുടുംബങ്ങള്‍ സിനിമയെ കാണുന്നത്.
സമ്പൂർണ തിയേറ്ററുകള്‍ ആരംഭിക്കാന്‍ രണ്ടു മാസം കാത്തിരിക്കണമെങ്കിലും താല്‍ക്കാലിക സംവിധാനത്തിലാണ് ജിദ്ദയില്‍ ഒരാഴ്ച നീളുന്ന പ്രദർശനം ആരംഭിച്ചിരിക്കുന്നത്. കള്‍ചറല്‍ ഹാളില്‍ ചുവപ്പ് പരവതാനി വിരിച്ച് പ്രൊജക്ടർ സ്ഥാപിച്ചാണ് ആദ്യ തിയേറ്റർ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി ഒരു പോപ്കോണ്‍ മെഷീനും.
ചരിത്രത്തിന്‍റെ തുടക്കമാണിതെന്നും മാർച്ച് ആദ്യത്തോടെ തിയേറ്ററുകള്‍ പൂർണസജ്ജമാകുമെന്നും കുട്ടികളുടെ ആനിമേഷന്‍ മൂവി പ്രദർശനമൊരുക്കിയ സിനിമാ 70 വക്താവ് മംദൂഹ് സാലിം പറഞ്ഞു. ധാരാളം സ്വദേശി കുടുംബങ്ങള്‍ ഇമോജി മൂവി കാണാനെത്തി.
സൗദി അറേബ്യയില്‍ തിയേറ്ററുകള്‍ക്ക് വീണ്ടും അനുമതി നല്‍കാനുള്ള തീരുമാനം കഴിഞ്ഞ മാസം 11-നാണ് അധികൃതർ പ്രഖ്യാപിച്ചത്. തിയേറ്ററുകള്‍ ആരംഭിക്കാനും ചലച്ചിത്രങ്ങള്‍ നിർമിക്കാനും വിവിധ കമ്പനികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അഭിനയിക്കാന്‍ ബോളിവുഡ് താരങ്ങളും സൗദിയിലെത്തുമെന്നാണ് കരുതുന്നത്.
അവധികള്‍ ചെലവഴിക്കാന്‍ ബഹ്റൈനിലേക്കും യു.എ.ഇയിലേക്കും പോകുന്ന സ്വദേശി കുടുംബങ്ങളെ സൗദി
യില്‍ തന്നെ പിടിച്ചു നിർത്താന്‍ തിയേറ്ററുകള്‍ ആരംഭിക്കുന്നതിലൂടെയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിലൂടെയും സാധിക്കുമെന്നാണ് കരുതുന്നത്.
ചലച്ചിത്ര വ്യവസായം 900 കോടി റിയാല്‍ സമ്പദ്ഘടനയിലെത്തിക്കുമെന്നും 30,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കരുതുന്നു.






