Sorry, you need to enable JavaScript to visit this website.

ഐ.എന്‍.എല്‍  ഇടതിന് തീരാതലവേദന 

കോഴിക്കോട്- ബാബരി മസ്ജിദ് തകര്‍ച്ചയുടെ നാളുകളില്‍ കോണ്‍ഗ്രസ് സമീപനത്തില്‍ പ്രതിഷേധിച്ചാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് 1994ല്‍ ഐ.എന്‍. ല്‍ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. പേരിലെ മുസ്‌ലിം വരെ ഒഴിവാക്കി തികച്ചും സെക്യുലറായ ഒരു പാര്‍ട്ടി. സി.പി.എം ദേശീയ നേതാവ് ഹര്‍കിഷന്‍ സുര്‍ജിത് നിര്‍ദേശിച്ച പ്രകാരമായിരുന്നു ഇത്. സേട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയ കാലത്ത് കാസര്‍കോട്, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ പാര്‍ട്ടിയ്ക്ക് സ്വാധീന കേന്ദ്രങ്ങളുണ്ടായിരുന്നു. കാല്‍ നൂറ്റാണ്ടിനിടെ എല്ലാം ശോഷിച്ചപ്പോഴാണ് ഐ.എന്‍.എല്ലിന് ഭാഗ്യം തെളിഞ്ഞത്.  പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുസര്‍ക്കാര്‍ വീണ്ടും ധികാരത്തിലേറിയപ്പോള്‍ പാര്‍ട്ടിയ്ക്ക് ആദ്യമായി മന്ത്രിസ്ഥാനം ലഭിച്ചു. കോഴിക്കോട് സൗത്തില്‍ നിന്ന് ജയിച്ച അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയാവുകയും ചെയ്തു. രണ്ടര വര്‍ഷത്തേക്കാണ് മന്ത്രിസ്ഥാനം അനുവദിച്ചത്. കോഴിക്കോട്ട് മത്സരിച്ച അഹമ്മദ് ദേവര്‍കോവില്‍ ജയിച്ച് മന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. സേട്ടിന്റെയും കേയി സാഹിബിന്റേയും പിന്‍ഗാമിയായ പാര്‍ട്ടി പാരമ്പര്യം അവകാശപ്പെടാനാവുന്ന അഹമ്മദ് ദേവര്‍കോവിലിന് മികച്ച പ്രതിഛായയുണ്ടാക്കാനാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയത്. എല്ലാം തെറ്റിച്ചായിരുന്നു പിന്നീടിങ്ങോട്ട് പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങളുടെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനും മുന്നറിയിപ്പുകള്‍ നല്‍കേണ്ടി വന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് മേധാവിയെ ഐ.എന്‍.എല്‍ ഭാരവാഹി പോയി കണ്ടു. പി.എസ്.സി അംഗമെന്ന സ്ഥാനം നാല്‍പത് ലക്ഷം രൂപയ്ക്ക് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വെച്ചു. ഇതെല്ലാം പുറത്തറിഞ്ഞത് പാര്‍ട്ടിയിലെ അസംതൃപ്തര്‍ വിളിച്ചു പറഞ്ഞപ്പോഴാണ്. പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും കുഴപ്പത്തിലാവുമെന്ന് കണ്ട് സി.പി.എമ്മിന് നേരിട്ട് ഇടപെടേണ്ടി വന്നു. കോഴിക്കോട്ടെ സി.പി.എ വക്കീലിനെ വരെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് അങ്ങിനെയാണ്. പുരാവസ്തു വകുപ്പ് കിട്ടിയിട്ട് ഇത്രയ്ക്ക് ആക്രാന്തിയെങ്കില്‍ തുട്ട് തടയുന്ന വല്ല പൊതുമരാമത്ത് വകുപ്പോ മറ്റോ കിട്ടിയിരുന്നുവെങ്കില്‍ എന്താവും കഥയെന്ന രാഷ്ട്രീയ നിരീക്ഷകന്റെ ചോദ്യം സി.പി.എമ്മിനെ വല്ലാതെ അസ്വസ്ഥമാക്കി. എല്ലാം തീര്‍ന്നുവെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കൊച്ചിയിലെ ഇന്നത്തെ കലാപരിപാടി. കോവിഡ് പ്രോട്ടോക്കോളൊന്നും പാലിക്കാതെയാണ് കൊച്ചിയിലെ ഹോട്ടലില്‍ യോഗം ചേര്‍ന്ന് അടിപിടി കൂടിയത്. വാരാന്ത്യ ലോക്ക്ഡൗണ്‍ പോലും മറന്നാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍  തെരുവില്‍ അടിച്ചു പിരിഞ്ഞത്. ഈ രീതിയിലുള്ള ഐ.എന്‍.എല്‍ എത്ര കാലം ഇടതുമുന്നണിയിലുണ്ടാവുമെന്നാണ് ഇനി അറിയേണ്ടത്. 
 

Latest News