Sorry, you need to enable JavaScript to visit this website.

നജ്‌റാൻ ആഗോള ശ്രദ്ധയിലേക്ക്; സൗദിയിലെ ആറാമത്തെ പൈതൃക കേന്ദ്രം

നജ്‌റാനിലെ ശിലാചിത്രങ്ങളും ശിലാലിഖിതങ്ങളും. 

റിയാദ്- യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച നജ്‌റാനിലെ ഹുമ അൽസഖാഫിയ സൗദിയിൽനിന്നുള്ള ആറാമത്തെ ലോക പൈതൃക കേന്ദ്രമാണ്. അൽഹിജ്ർ എന്ന പേരിൽ അറിയപ്പെടുന്ന മദായിൻ സ്വാലിഹ് ആണ് സൗദിയിൽ നിന്ന് യുനെസ്‌കോ പൈതൃക പട്ടികയിൽ ആദ്യം ഇടം നേടിയത്. 2008 ലായിരുന്നു ഇത്. 2010 ൽ ദിർഇയ്യയിലെ അൽതുറൈഫ് ഡിസ്ട്രിക്ടും 2014 ഹിസ്റ്റോറിക് ജിദ്ദയും 2015 ൽ ഹായിലിലെ ശിലാചിത്ര കേന്ദ്രങ്ങളും 2018 ൽ അൽഹസ മരുപ്പച്ചയും ലോക പൈതൃക പട്ടികയിൽ ഇടം നേടി.



തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൽ നിന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ദേശീയ പൈതൃക മേഖലക്ക് ലഭിക്കുന്ന വലിയ പിന്തുണയുടെയും ശ്രദ്ധയുടെയും സ്വാഭാവികമായ ഫലം എന്നോണമാണ് നജ്‌റാനിലെ ഹുമ അൽസഖാഫിയ ഏരിയ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്യാനായത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സൗദി കേന്ദ്രങ്ങളും സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം നേടിയ എട്ടു ഘടകങ്ങളും പൊതുലോക മനുഷ്യ പൈതൃകത്തെ സേവിക്കുന്നതിൽ രാജ്യത്തിന് എത്രത്തോളം സംഭാവന നൽകാമെന്ന് പരിധിയില്ലാതെ സ്ഥിരീകരിക്കുന്നു. 

ദേശീയ പൈതൃകം പ്രധാന ഘടകമായ ദേശീയ സത്വത്തിൽ അഭിമാനിക്കുന്നതിന്റെ പ്രാധാന്യം വിഷൻ-2030 പദ്ധതി ഊന്നിപ്പറയുന്നു. മനുഷ്യ നാഗരിക ഭൂപടത്തിൽ പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങളാൽ സൗദി അറേബ്യ സമ്പന്നമാണ്. രാജ്യത്തിന്റെ പ്രധാന സാംസ്‌കാരിക സമ്പത്തും സാംസ്‌കാരിക ആഴവുമായ അവ ലോകത്തിന് പരിചയപ്പെടുത്താനും ദേശീയ, അന്തർദേശീയ രേഖകളിൽ രജിസ്റ്റർ ചെയ്യാനും ശ്രമങ്ങൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. യുനെസ്‌കോയിലെ സൗദി സ്ഥിരം പ്രതിനിധി ഹൈഫാ ബിൻത് അബ്ദുൽ അസീസ് ആലു മുഖ്‌രിൻ രാജകുമാരിയുടെ നേതൃത്വത്തിൽ യുനെസ്‌കോയിലെ സൗദി പ്രതിനിധി സംഘവും സാംസ്‌കാരിക മന്ത്രാലയവും ഹെരിറ്റേജ് കമ്മീഷനും നടത്തിയ വലിയ ശ്രമങ്ങളുടെ ഫലമായാണ് നജ്‌റാനിലെ ശിലാചിത്ര, ശിലാലിഖിത മേഖല ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചത്. നജ്‌റാനിലെ ശിലാചിത്ര, ശിലാലിഖിത മേഖലക്ക് 557 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. 


 

ലക്ഷക്കണക്കിന് ശിലാ ലിഖിതങ്ങളും ശിലാചിത്രങ്ങളും അടങ്ങിയ 550 ശിലാ ഫലകങ്ങൾ ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ റോക്ക് ആർട്ട് കോംപ്ലക്‌സുകളിൽ ഒന്നാണിത്. അറേബ്യൻ ഉപദ്വീപിന് തെക്കു ഭാഗങ്ങളിലൂടെയുള്ള പുരാതന കാലത്തെ യാത്രാ സംഘങ്ങളുടെ സഞ്ചാര വഴികളിലെയും വ്യാപാര പാതകളിലെയും പ്രധാന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പുരാതന കാലത്ത് അറേബ്യൻ ഉപദ്വീപിലെ പ്രധാന വിപണികളിൽ ഒന്നായിരുന്നു ഇതെന്ന് കരുതുന്നു. ഇവിടുത്തെ കിണറുകൾ ഉത്തര പാതയിലെ അവസാനത്തെയും ദക്ഷിണ പാതയിൽ മരുഭൂമികൾ കടന്നതിനു ശേഷമുള്ള ആദ്യത്തെയും ജല വിതരണ കേന്ദ്രമായിരുന്നു. 
 

Latest News