ഒറ്റദിവസം നാലര ലക്ഷം വാക്‌സിൻ നൽകി കേരളം

തിരുവനന്തപുരം- ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേർക്ക് വാക്‌സിൻ നൽകി കേരളം റെക്കോർഡിട്ടു. ഇന്നലെ വൈകുന്നേരം ലഭിച്ച രണ്ടു ലക്ഷം ഡോസ് വാക്‌സീനും ചേർത്ത് ഇന്ന് രാവിലെ വരെ കേരളത്തിൽ 602980 ഡോസ് വാക്‌സീൻ ഉണ്ടായിരുന്നു. ഇനി ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സിൻ ഉൾപ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിൻ മാത്രമാണ് സ്‌റ്റോക്കുള്ളത്. 
മികച്ച രീതിയിൽ വാക്‌സിൻ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് സംസ്ഥാനത്തെ വാക്‌സിനേഷൻ. ആരോഗ്യ പ്രവർത്തകർക്കും മുന്നണി പേരാളികൾക്കുമുള്ള ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളിൽ വാക്‌സിൻ നൽകാൻ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്.
ഇന്ന് 1522 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. അര ലക്ഷത്തിലധികം പേർക്ക് ഇന്ന് മൂന്ന് ജില്ലകൾ വാക്‌സിൻ നൽകി.59,374 പേർക്ക് വാക്‌സിൻ നൽകിയ കണ്ണൂർ ജില്ലയാണ് മുമ്പിൽ. 53,841 പേർക്ക് വാക്‌സിൻ നൽകി തൃശൂർ ജില്ലയും 51,276 പേർക്ക് വാക്‌സിൻ നൽകി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,83,89,973 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,28,23,869 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 55,66,104 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 2011ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേർക്ക് ഒന്നാം ഡോസും 16.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഈ സെൻസസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 53.43 ശതമാനം പേർക്ക് ഒന്നാം ഡോസും 23.19 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാൾ വളരെ മുന്നിലാണെന്നും വീണ ജോർജ് വ്യക്തമാക്കി.
 

Latest News