തബൂക്ക് - നഗരത്തിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഷോപ്പിംഗ് മാളിനു സമീപം വെച്ച് യുവതികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ആറു യുവതികളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഇരുപതു മുതൽ മുപ്പതു വരെ വയസ് പ്രായമുള്ളവരാണ് അറസ്റ്റിലായതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കഴിഞ്ഞ ദിവസം അർധ രാത്രി ഷോപ്പിംഗ് മാളിനു സമീപം വെച്ച് യുവതികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരസ്പരം അടിക്കുകയും തൊഴിക്കുകയും ചെയ്ത യുവതികൾ സംഘർഷ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചവരെ പിന്തുടർന്ന് ആക്രമിക്കുകയും ചെയ്തിരുന്നു.