ലക്ഷക്കണക്കിന് ആളുകള്‍ സുഖമായി ഉറങ്ങുന്നത് ഈ ടെക്‌നോളജി കൊണ്ടെന്ന് പെഗാസസ്

തെല്‍ അവീവ്- ലോകത്ത് ലക്ഷക്കണക്കിന് ആളുകള്‍ സുഖമായി രാത്രി ഉറങ്ങുന്നതും തെരുവില്‍ സുരക്ഷിതമായി ഇറങ്ങി നടക്കുന്നതും തങ്ങളുടെ ടെക്‌നോളജി കൊണ്ടാണെന്ന് ഇസ്രാഈല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പ്. പോലീസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഞങ്ങളുടെ സാങ്കേതിക വിദ്യ ലഭ്യമായത് കൊണ്ടാണിതെന്നും എന്‍എസ്ഒ വക്താവ് പ്രതികരിച്ചു. ഇന്ത്യയുള്‍പ്പെടെ ലോകത്തെ പലരാജ്യങ്ങളിലും ഉന്നത രാഷ്ട്രീയ നേതാക്കള്‍, രാഷ്ട്രത്തലവന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തുകയും രഹസ്യനിരീക്ഷണം നടത്തുകയും ചെയ്ത വിവരം പുറത്തു വന്നതിനു പിന്നാലെയാണ് ന്യായീകരണവുമായി ഇസ്രാഈലി കമ്പനി രംഗത്തു വന്നിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനും ഭീകരവാദം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം നടത്തുന്ന സംഘങ്ങളെ വലയിലാക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സഹായകമാകുന്നത് പെഗാസസ് പോലുള്ള സാങ്കേതിക വിദ്യകളാണെന്നും എന്‍എസ്ഒ വക്താവ് പറഞ്ഞു. 

പെഗാസസ് പ്രവര്‍ത്തിപ്പിക്കുന്നത് തങ്ങളല്ലെന്നും ഇതുവഴി ശേഖരിക്കുന്ന ഡേറ്റ തങ്ങള്‍ക്കു ലഭ്യമല്ലെന്നും കമ്പനി പറയുന്നു. പെഗാസസ് പണം നല്‍കി വാങ്ങുന്ന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുമാത്രമെ ഇതു ലഭിക്കൂ എന്നാണ് കമ്പനി വാദം. ഈ ചാര സോഫ്റ്റ് വെയര്‍ എന്‍എസ്ഒ സര്‍ക്കാരുകള്‍ക്കാണ് വന്‍തുകയ്ക്ക് വില്‍പ്പന നടത്തുന്നത്. ഭീകരവാദവും ഗൗരവമേറിയ കേസുകളും അന്വേഷിക്കുന്നതിന് മാത്രമെ ഇതുപയോഗിക്കാവൂ എന്നാണ് ചട്ടമെന്നും ഇതു ദുരുപയോഗം ചെയ്താല്‍ തങ്ങള്‍ നടപടി എടുക്കുമെന്നും കമ്പനി പറയുന്നു.
 

Latest News