കരാറുകാരന്റെ കണ്ണ് തുറപ്പിക്കാന്‍ വീട്ടമ്മയുടെ റീത്ത് പ്രയോഗം

കൊച്ചി- റോഡിലെ വന്‍കുഴിയില്‍  ഇരുചക്ര വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മ റീത്തുമായെത്തി റോഡില്‍ കുത്തിയിരുന്നു.ആലുവ കാരോത്തുകുഴി കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഷേണായീസിന്റെ ഉടമ ശാസ്ത റോഡില്‍ സുശീലയാണ് (50) വേറിട്ട സമരമാര്‍ഗം സ്വീകരിച്ചത്.
സംഭവം വിവാദമായതിന് പിന്നാലെ റെഡിമെയ്ഡ് ടാറുമായെത്തി പൊതുമരാമത്ത് കരാറുകാരന്‍ കുഴിയടച്ചു.

രാത്രി മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങി മടങ്ങുമ്പോള്‍ ആലുവ അദ്വൈതാശ്രമം റോഡിലെ കുഴിയില്‍ ചാടി സുശീല സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞു. തെറിച്ചു വീണെങ്കിലും തിരക്കില്ലാതിരുന്നതിനാല്‍ അപായമൊന്നും സംഭവിച്ചില്ല. നഗരസഭ പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് പ്രതിഷേധമറിയിക്കാന്‍ കുഴിയില്‍ റീത്ത് സമര്‍പ്പിച്ചത്.
വാഹനത്തിന്റെ മുന്നിലും പിന്നിലും റീത്ത് കെട്ടി നഗരത്തിലൂടെ സഞ്ചരിച്ച് പ്രതിഷേധമറിയിച്ചു. സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അധികൃതരെത്തി മുഖം രക്ഷിച്ചു.

 

Latest News