ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് നമ്പി നാരായണന്‍ ഭൂമി കൈമാറിയെന്ന് രേഖകള്‍

തിരുവനന്തപുരം- ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥര്‍ക്ക് നമ്പി നാരായണന്‍ തന്റെ ഭൂമി പതിച്ചുനല്‍കിയതായി ആരോപണം. ഇതു സംബന്ധിച്ച രേഖകള്‍ കേസില്‍ ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട സിബി മാത്യൂസ് അടക്കമുള്ളവര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

നിരവധി ഏക്കര്‍ ഭൂമിയാണ് കൈമാറിയിട്ടുള്ളത്. കേസില്‍ പ്രതിയാക്കപ്പെട്ടതിന്റെ പേരില്‍ ഒരു കോടി 91 ലക്ഷം രൂപ  പൊതുഖജനാവില്‍നിന്ന് സ്വീകരിച്ച നമ്പി നാരായണന്‍ തന്റെയും മകന്‍ ശങ്കരകുമാറിന്റെയും പേരിലുള്ള ഭൂമി ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ.  ഡി.ഐ.ജി രാജേന്ദ്രനാഥ് കൗള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറിയതായാണ് ആരോപണം. 1995 ല്‍ സി.ബി.ഐ ചാരക്കേസ് അന്വേഷിക്കുമ്പോള്‍ ചെന്നൈ ആസ്ഥാനമായ ദക്ഷിണ മേഖലയുടെ മേധാവിയായിരുന്നു രാജേന്ദ്രനാഥ് കൗള്‍.

2004-ലും 2008-ലുമായാണ് സ്ഥലമിടപാടുകള്‍ നടന്നത്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നും കണ്ടെത്താനുള്ള സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടയിലാണ്  കേസില്‍നിന്ന് വിട്ടയക്കപ്പെട്ട ആള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഭൂമി കൈമാറിയതിന്റെ രേഖകള്‍ കോടതിയില്‍ എത്തിയിരിക്കുന്നത്.  ചാരക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മേധാവി  മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ എസ്.വിജയന്‍, തമ്പി എസ്.ദുര്‍ഗാദത്ത് എന്നിവരാണ് നമ്പി നാരായണന്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരിയില്‍ കൈമാറിയ ഭൂമിയുടെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

https://www.malayalamnewsdaily.com/sites/default/files/2021/07/24/2a.jpg

സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടും അവര്‍ ഈ രേഖകള്‍ പരിഗണിക്കുന്നില്ല എന്നാണ് ഹരജിക്കാര്‍ പറയുന്നത്.  സിബി മാത്യൂസ് ജില്ലാക്കോടതിയിലും  എസ്.വിജയനും തമ്പി എസ്.ദുര്‍ഗാദത്തും കേരളാഹൈക്കോടതിയില്‍ ജാമ്യാപേക്ഷയോടൊപ്പവും ഈ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 

Latest News