Sorry, you need to enable JavaScript to visit this website.

മയൂഖാ ജോണിയുടെ പരാതിയും  പോലീസ് നടപടിയും

സ്ത്രീ പീഡനത്തിനെതിരെ ഒളിംപ്യൻ മയൂഖ ജോണി നൽകിയ പരാതി വ്യാജമാണെന്ന്്് പറഞ്ഞ്് ബന്ധപ്പെട്ട അധികൃതർ അത് മുഖവിലയ്‌ക്കെടുത്തില്ല.  സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യത്തോടുള്ള സർക്കാരിന്റെ പൊള്ളത്തരം വ്യക്തമാക്കുന്ന നടപടിയാണിത്.  
സ്ത്രീ സുരക്ഷക്ക് പിങ്ക് പ്രൊട്ടക്്ഷൻ. കേൾക്കാൻ എന്തൊരു സുഖമുള്ള വാക്കുകൾ. കേരളത്തിൽ സ്ത്രീകളോട് കാട്ടുന്ന അനീതിയും സ്ത്രീപീഡനങ്ങളും  തുടരുകയാണ്.  സ്ത്രീകൾക്കെതിരെ നടക്കുന്ന പീഡനങ്ങൾ, സൈബർ അതിക്രമങ്ങൾ തടയാൻ പിങ്ക് സുരക്ഷാ ജീവനക്കാരെ കൊണ്ടുവന്നിട്ടും സ്ത്രീകൾക്ക് സുരക്ഷ ലഭിക്കുന്നില്ല. പോലീസിന്റെ  പത്തിന പദ്ധതിയിൽ പറയുന്ന ഒരു കാര്യം ഗാർഹിക പീഡനങ്ങൾ മുൻകൂട്ടി കണ്ട് തടയുന്നതിനാണ് പിങ്ക് ജനമൈത്രി ബീറ്റ് എന്നാണ്.   ഇതുപോലെ തുടങ്ങിയതാണ് 'ജനമൈത്രി പോലീസ്'. ഇതും കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ. സിനിമ കാണുന്നതു പോലെ വെറുതെ കേട്ടാൽ പോരാ,  അതിലുപരി  ജനമൈത്രി പോലീസ് സ്റ്റേഷനുകൾ സ്ത്രീകൾ കാണണം. അപ്പോഴറിയാം പിൻവാതിൽ നിയമനത്തിലൂടെ വന്ന കഴുകക്കണ്ണുകൾ കൂർപ്പിച്ചു നോക്കുന്നത്.  ഇതേ കഴുകക്കണ്ണുകളും  കൂർപ്പിച്ച നഖങ്ങളുമുള്ള മനുഷ്യർ നമ്മുടെ അധികാര കേന്ദ്രങ്ങളിൽ മാത്രമല്ല, എല്ലായിടവും പറന്നു നടക്കുന്നു.  ഏറ്റവും കൂടുതൽ കഴുകന്മാർ ജനമൈത്രി പോലീസ് സ്റ്റേഷനിൽ ഉള്ളതുകൊണ്ടാണോ സ്ത്രീകൾ അവിടെ പോകാൻ ഭയക്കുന്നത്?     
നമ്മുടെ മുൻ ഡി.ജി.പി കണ്ണഞ്ചിപ്പിക്കുന്ന ഒരു തള്ള് തള്ളിയാണ് പോയത്. എന്താണത്?  സ്ത്രീപീഡകർക്കെതിരെ ഒരു ടെലിഫോൺ സന്ദേശം മതി. പോലീസ് ഓടിയെത്തും.  സർക്കാരുകളുടെ  താളത്തിന് തുള്ളി   മുടന്തനെ പോലെ നടക്കുന്ന പോലീസ് ഒരു ഭാഗത്തും ഞണ്ടിനെപ്പോലെ വളഞ്ഞും പുളഞ്ഞും പോകുന്ന നേരായ മാർഗത്തിൽ സഞ്ചരിക്കാത്ത അധികാരികൾ മറ്റൊരു ഭാഗത്തും നിന്ന് സമൂഹത്തിന് വല്ലാത്തൊരു വല്ലായ്മയാണ്  ഓരോ ദിവസവുമുണ്ടാക്കുന്നത്.  ഒരുപക്ഷേ ഡി.ജി.പി ഉദ്ദേശിച്ചത് ബ്രിട്ടനെ പോലുള്ള വികസിത രാജ്യങ്ങളാകാം. അവിടെയാണ് വിളിപ്പുറത്ത് പോലീസ് വരുന്നത്. അധികാരത്തിലിരിക്കുന്ന ആരെങ്കിലും നിയമ വ്യവസ്ഥയിൽ കൈവെച്ചാൽ കൈയാമം വെച്ച് അവരെയും അകത്താക്കുന്ന രാജ്യങ്ങളാണ്. ഇവിടുത്തെ ഭരണാധിപന്മാർക്ക് നിയമങ്ങളെ ഭയമാണ്. നമ്മുടെ നാട്ടിൽ നിയമങ്ങൾ ഭരണകൂടത്തെ ഭയക്കുന്നു. അതിൽ ചുരുക്കം   നിരപരാധികളായ ഭരണാധിപന്മാരും പോലീസുകാരുമുണ്ട്. വികസിത രാജ്യങ്ങളിൽ   രാജഭരണമുള്ള കാലത്തും നാട് ഭരിച്ചു മുടിക്കുന്ന രാജാക്കന്മാരെ, മന്ത്രിമാരെ  നടുറോഡിൽ  കെട്ടിത്തൂക്കിക്കൊന്ന ചരിത്രമുണ്ട്.  ഇതൊക്കെ ഇന്ത്യയിൽ സംഭവിക്കുമെന്ന് ആരെങ്കിലും കരുതുമോ?  ഭരിക്കുന്നവർ ദാസന്മരാണ്, അല്ലാതെ ഇന്ത്യയിൽ കാണുന്നതു പോലുള്ള  മാടമ്പികളല്ല.    നമ്മുടെ വ്യവസ്ഥിതി മാറാതെ ഇന്നത്തെ  പെറ്റിബൂർഷാ ഭരണ സംവിധാനം അവസാനിക്കില്ല.  
ഈ മാസമാണ്  സ്ത്രീ പീഡന വിഷയത്തിൽ ഒളിംപ്യൻ മയൂഖാ ജോണിയും കുണ്ടറയിൽ ഒരു പരാതിക്കാരിയും മുന്നോട്ട് വന്നത്.  സ്ത്രീകളുടെ കരുത്തു തെളിയിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്. ഭരണകൂടങ്ങളെ താഴയിറക്കിയ എത്രയോ സ്ത്രീപീഡന സംഭവങ്ങളുണ്ട്. ഇന്ത്യയിൽ   കൊടിയുടെ നിറം മാത്രമാണ് പലർക്കും രക്ഷാകവചമായി കാണുന്നത്. അതിനേക്കാൾ ശക്തമായ നിലപാടുമായി ഒരു സ്ത്രീയുടെ നൊമ്പരമറിഞ്ഞ് സ്ത്രീത്വത്തെ ചവിട്ടിമെതിക്കുന്നവർക്കെതിരെ മയൂഖാ ജോണി വന്നതിലൂടെ പത്തൊൻപതാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി നേടിയ സ്വർണത്തിളക്കമാണ് ഞാൻ കണ്ടത്.  2012 ൽ ഞാൻ ഒരു പത്രത്തിനായി ലണ്ടൻ ഒളിംപിക്‌സ് റിപ്പോർട്ട് ചെയ്യുമ്പോൾ ഇതേ വാശിയേറിയ പോരാട്ടം കണ്ടിരുന്നു.  പി.ടി. ഉഷ, ടിന്റു ലൂക്ക, ഇർഫാൻ,  ഹോക്കി താരം  പി.ആർ. ശ്രീജേഷ്, മയൂഖ ജോണിയടങ്ങിയവരുടെ ഫോട്ടോകൾ ഇപ്പോഴും സൂക്ഷിക്കുന്നു. സാധാരണ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവരാണ് കാലഘട്ടത്തിന്റ ഹ്യദയസ്പന്ദനമറിഞ്ഞ് ശബ്ദമുയർത്തുന്നത്. അവർ  നെറികേടുകൾക്കെതിരെ കണ്ണ് ഇറുക്കി അടച്ചിരിക്കുന്നവരല്ല.   ലോകചരിത്രത്തിൽ  മനുഷ്യരുടെ പുരോഗതിയും ഉയിർത്തെഴുന്നേൽപുമാണ് അവരുടെ ലക്ഷ്യം. അല്ലാതെ സ്വാർത്ഥ താൽപര്യങ്ങളല്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുന്നതു പോലെ സത്യമെഴുതുന്ന സർഗ പ്രതിഭകളെയും ഇവർ വേട്ടയാടുന്നു. ഇത്തരത്തിൽ കേരളത്തിൽ രാഷ്ട്രീയക്കാർ വെച്ചുനീട്ടുന്ന പുരസ്‌കാരങ്ങളും പദവികളും വാങ്ങി അയോഗ്യരായവർ ഭാഷയെ മലിനമാക്കുന്നു.   കേരളത്തിൽ ഒരു  കായിക താരം  ഒരു കൂട്ടുകാരിക്ക് വേണ്ടി അല്ലെങ്കിൽ ഒരു സ്ത്രീക്ക് വേണ്ടി തന്റേടത്തോടെ തലയെടുപ്പോടെ വന്നത് സ്ത്രീകളുടെ പ്രതിഛായക്ക് മാറ്റുകൂട്ടുന്നു.   
ജനമൈത്രി പോലീസിൽ കുണ്ടറയുള്ള പരാതിക്കാരി ജൂൺ 28 ന് പരാതി കൊടുത്തു. ഒന്നും സഭവിച്ചില്ല.   ജൂലൈ 20  ന്  ഒരു മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്തു വരുമ്പോഴാണ് ലോകമറിയുന്നത്. ഇങ്ങനെ എത്രയോ കേസുകൾ അനാഥ പ്രേതങ്ങൾ  പോലെ കിടക്കുന്നു.  ഇനിയെങ്കിലും ജനമൈത്രി പോലീസിന് അന്ത്യകൂദാശ കൊടുത്തുകൂടേ?  ജനമൈത്രിക്ക് പകരം എത്രയോ നല്ലതാണ് ഭരിക്കുന്ന പാർട്ടിയുടെ പേര് കൊടുക്കുന്നത്.  അങ്ങനെയെങ്കിൽ   ഗുണ്ടാ വിളയാട്ടവും നാട്ടിൽ ഒരു പണിയുമെടുക്കാതെ  വെള്ളക്കുപ്പായമണിഞ്ഞു നടക്കുന്ന നേതാക്കന്മാർക്കുള്ള  പേരുദോഷവും മാറിക്കിട്ടും.   കേരളത്തിലെ പോലീസ് സംവിധാനത്തിൽ മാധ്യമങ്ങളെക്കൂടി നിയമിച്ചാൽ ഒളിവിൽ പാർക്കുന്ന കേസുകൾ അവർ പൊക്കിക്കൊണ്ടുവരും.  എന്തുകൊണ്ടെന്നാൽ മിക്ക കേസുകളും അവരാണല്ലോ പുറത്തു കൊണ്ടുവരുന്നത്. ഒടുവിൽ അവരുടെ മേൽ കുതിര കയറുന്നതും ചാനൽ ചർച്ചകളിൽ കാണാറുണ്ട്. 
സ്വന്തം പാർട്ടിയിലെ ഒരംഗം സ്ത്രീയെ പീഡിപ്പിച്ചാൽ അവർക്ക് വേണ്ട പൂർണ സംരക്ഷണം കൊടുക്കുന്നു.  നിയമങ്ങൾ കാറ്റിൽ പറത്തി സ്ത്രീകളുടെ മാനത്തിന് വിലയിടുന്നു. പോലീസ്, കോടതി അവർ കൂട്ടംകൂടി ഒത്തുതീർപ്പാക്കുന്നു. എത്ര ദയനീയം. സത്യത്തിനും നീതിക്കും ഒരു വിലയുമില്ലേ? എങ്ങും അനീതി, കൈക്കൂലി, സൈബർ ഗുണ്ടകളുടെ ആക്രമണം, എന്തിന് പറയണം     മന്ത്രിമാർ പോലും  സത്യപ്രതിജ്ഞാ ലംഘനം നടത്തുന്ന  ഒരു വിചിത്ര ലോകം. 
  
കേരളത്തിന്റെ അഭിമാനമായ  ഒളിംപ്യൻ മയൂഖ ജോണി തൃശൂരിൽ ഒരു പത്രസമ്മേളനം നടത്തി അറിയിച്ചത് ആരിലും ഞെട്ടലുണ്ടാക്കുന്നു.  2016 ൽ ഒരു സമ്പന്നൻ അവിവാഹിതയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ആ പെൺകുട്ടി    2018 ൽ    വിവാഹം കഴിഞ്ഞു പോയിട്ടും ഈ വേട്ടമൃഗം ഇരയെത്തേടിയെത്തുന്നു. കാട്ടിൽ ജീവിക്കുന്ന മനുഷ്യർ വിശപ്പടക്കാനാണ് കാട്ടിൽ തേനെടുക്കാൻ പോകുന്നതെങ്കിൽ നാട്ടിലെ വേടൻ  പാവപ്പെട്ട സ്ത്രീകളെ വേട്ടയാടുന്നു. കൊല്ലുന്നു.  ഇവർ അധികാരികളാണ്, സമ്പന്നരാണ്. 
സ്ത്രീകൾ പോലീസ് സ്റ്റേഷനെ ഭയക്കുന്നതു പോലെ പോലീസ്  വകുപ്പുകൾ  ഭരണത്തിലുള്ളവരെ ഭയക്കുന്നു. സത്യസന്ധമായി ജോലി ചെയ്യാൻ പോലീസിന്  താൽപര്യമുണ്ടെങ്കിലും അതിനവരെ അനുവദിക്കാറില്ല. മയൂഖ ജോണി ആദ്യം ഒരു എസ്.പിയെ സമീപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് ഉറപ്പ് കൊടുക്കുന്നു.    ആഴ്ചകൾ കഴിയുമ്പോൾ എസ്.പി മലക്കം മറിയുന്നു. കുണ്ടറക്കാരി പരാതി കൊടുത്തിട്ട് തിരിഞ്ഞു നോക്കിയില്ല.  ഇവർ എന്താണ് ഇരയുടെ നൊമ്പരം തിരിച്ചറിയാത്തത്? സ്ത്രീപീഡകർക്ക് ചുമടുതാങ്ങികളായി അധികാരികൾ വരുന്നതുകൊണ്ടല്ലേ കേരളത്തിൽ സ്ത്രീപീഡനം പെരുകുന്നത്? 
സമൂഹത്തിൽ അനീതി നടത്തുന്നവരെ  അധികാരത്തിലെത്തിക്കുന്ന സാക്ഷര കേരളമേ ഇനിയെങ്കിലും തല താഴ്ത്തൂ.    സ്ത്രീകളുടെ വിഷയത്തിൽ മാത്രമല്ല ഏത് രംഗമെടുത്താലും അനീതിയുടെ വിളനിലമാണ് നമ്മുടെ വ്യവസ്ഥാപിത ചട്ടക്കൂട്.  സാമൂഹ്യ തിന്മകൾക്കെതിരെ തൂലിക ചലിപ്പിക്കേണ്ട എഴുത്തുകാർ പോലും കലാസാഹിത്യ മേനി പറഞ്ഞ് അഴിമതിക്കാർക്ക് വിടുപണി ചെയ്യുന്നു.     
സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഉടലെടുക്കുന്നത്  മനസ്സിൽ സങ്കൽപിക്കാൻ കഴിയാത്ത ദുഃഖ ദുരിതങ്ങളാണ്. ഒരു സ്ത്രീയുടെ മാനം രക്ഷിക്കാനുള്ള ചുമതല ചെറുപ്പം മുതൽ    പെൺകുട്ടികൾ ഏറ്റെടുക്കണം.  സമൂഹത്തിന്റ ക്രമസമാധാന ചുമതലയുള്ളവർ, സമ്പന്നർ  ആദിവാസിസ്ത്രീകളുടെ നിഷ്‌കളങ്കതയും അരക്ഷിതമായ ജീവിത ചുറ്റുപാടുകളും എങ്ങനെ ചുഷണം ചെയ്യുന്നുവോ അത് തന്നെയാണ് നഗര ഗ്രാമങ്ങളിലും അരങ്ങേറുന്നത്. ഇന്ത്യയിൽ സ്വയം രക്ഷിക്കേണ്ട വാൾ ഡെമോക്ലസിന്റെ വാൾ പോലെ ഇരകളായ സ്ത്രീകളുടെ തലക്കു മീതെ തൂങ്ങിക്കിടക്കുന്നു. ഇരിക്കുന്ന കസേരയുടെ കീർത്തി വർധിപ്പിക്കുന്നവർ ഇരകളുടെ വേദന കണ്ണു തുറന്ന് കാണണം. 


 

Latest News