Sorry, you need to enable JavaScript to visit this website.

കൊടകര കുഴൽപ്പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ- കുറ്റപത്രം

തൃശൂർ - പ്രതിപട്ടികയിൽ ആരും ഉൾപ്പെട്ടിട്ടില്ലെങ്കിലും കൊടകര കവർച്ചയിലെ മൂന്നരക്കോടി വരും ദിവസങ്ങളിൽ ബി.ജെ.പിക്ക് തലവേദനയാകും. കോടികളുടെ ചോദ്യത്തിന് ഉത്തരം പറയാൻ പാർട്ടി പാടുപെടും. 
ഇരിങ്ങാലക്കുട കോടതിയിൽ  പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന എ.സി.പി. വി.കെ.രാജു സമർപിച്ച കുറ്റപത്രം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊടകര കേസിലെ കോടികളുമായി തങ്ങൾക്ക് യാതൊരു ബന്ധവും ഇടപാടുമില്ലെന്ന് ചോദ്യം ചെയ്യലുകളിൽ ഒരേ സ്വരത്തിൽ ബി.ജെ.പി നേതാക്കളെല്ലാം പറഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രത്തിൽ പണം ബി.ജെ.പിയുടെ തന്നെയാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 
 കേസിൽ ഇനിയും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ആവശ്യമെങ്കിൽ തുടരന്വേഷണത്തിനും അന്വേഷണ സംഘം ശുപാർശ ചെയ്യുന്നു.  കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും  ആദായ നികുതി വകുപ്പുമാണ്. അതുകൊണ്ട് തന്നെ കുറ്റപത്രത്തിന്റെ പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും  ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കവർച്ചാ കേസിൽ ഒരു സ്ത്രിയടക്കം 22 പ്രതികളും അറസ്റ്റിലായി ഇപ്പോഴും റിമാൻഡിലാണ്. 
ബി.ജെ.പി നേതാക്കളെ കേസിൽ പ്രതിചേർത്തിട്ടില്ലെങ്കിലും പാർട്ടിയെ കുരുക്കിലാക്കുന്ന പരാമർശങ്ങൾ കുറ്റപത്രത്തിലുണ്ട്.  സംസ്ഥാന പ്രസിഡന്റ്  കെ.സുരേന്ദ്രൻ, സംഘടന ജനറൽ സെക്രട്ടറി എം.ഗണേശൻ, ഓഫീസ് സെക്രട്ടറി എന്നിവരുടെ അറിവോടെയാണ് മൂന്നര കോടി രൂപ എത്തിയിട്ടുള്ളതെന്ന് കുറ്റപത്രത്തിൽ ഉണ്ട്.  കൊടകരയിൽ കൊള്ളയടിച്ച മൂന്നരക്കോടി കള്ളപ്പണമാണെന്നും കൊണ്ടു വന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കേസിൽ കെ.സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. കേസുമായി ബന്ധപ്പെട്ട കള്ളപ്പണം കർണാടക ബെംഗളൂരുവിൽനിന്നാണ് എത്തിച്ചത്. പണം കേരളത്തിലേക്ക് കൊണ്ടുവന്ന ധർമരാജൻ സുരേന്ദ്രന്റേയും ബി.ജെ.പി സംഘടനാ സെക്രട്ടറി എം.ഗണേശന്റേയും അടുപ്പക്കാരനാണെന്നും കുറ്റപത്രത്തിൽ പറയുന്നു. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നും ബംഗളുരുവിൽ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കർത്തക്ക് കൈമാറാനായി കൊണ്ടുപോകും വഴി തട്ടിയെടുത്തതാണെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.   കർണാടകയിൽ പോയി പണം കൊണ്ടുവരാൻ ധർമ്മരാജനെ ചുമതലപ്പെടുത്തിയത് ബി.ജെ.പി സംഘടനാ സെക്രട്ടറി എം.ഗണേശനും ഓഫീസ് സെക്രട്ടറി ഗിരീഷും ചേർന്നാണ് എന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റപത്രത്തിൽ പറയുന്നു. പണം കടത്തിക്കൊണ്ടു വന്ന ധർമ്മരാജൻ കേസിൽ രണ്ടാം സാക്ഷിയാണ്. കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും സാക്ഷിപ്പട്ടികയിലുണ്ട്.
 

Latest News