വാതിലില്‍ മുട്ടും, ആളില്ലെങ്കില്‍ മോഷണം, ഉണ്ടെങ്കില്‍ പരിചയം ഭാവിച്ച് കടക്കും

ആലിപ്പറമ്പിലെ വീട്ടില്‍ മോഷണം നടത്തിയ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു.

പെരിന്തല്‍മണ്ണ- ആലിപ്പറമ്പിലെ വീട്ടില്‍ നിന്നു 19 പവനും 18,000 രൂപയും മോഷ്ടിച്ച കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അഭിരാജ്(29), കോഴിക്കോട് താമരശേരി സ്വദേശി മണി(36) എന്നിവരെ മോഷണം
നടത്തിയ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.
വീടിനകത്തു കയറിയ രീതിയും മറ്റും പ്രതികള്‍ പോലീസിനോട് വിശദീകരിച്ചു. ആറുപവന്‍ ആഭരണങ്ങളും 91,000 രൂപയും വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. കുറച്ച് സ്വര്‍ണം വില്‍ക്കുകയും പണയം വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നു സിഐ സുനില്‍ പുളിക്കല്‍ അറിയിച്ചു. മോഷണം നടത്താന്‍ ഉപയോഗിച്ച സാമഗ്രികള്‍ പട്ടാമ്പിയില്‍ നിന്നു കണ്ടെടുത്തു. റിമാന്‍ഡിലായ പ്രതികളെ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
ബൈക്കില്‍ ഉള്‍പ്രദേശങ്ങളിലൂടെ കറങ്ങുകയും ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തുകയുമായിരുന്നു പ്രതികളുടെ രീതിയെന്നു പോലീസ് പറഞ്ഞു. വീടുകളിലെത്തി വാതിലില്‍ മുട്ടുകയും കാളിംഗ് ബെല്‍ അടിക്കുകയും ചെയ്യും. രണ്ടുമൂന്നുതവണ ഇങ്ങനെ ചെയ്തിട്ടും വാതില്‍ തുറന്നില്ലെങ്കില്‍ ആളില്ലെന്നുറപ്പിച്ച് വാതിലിന്റെ പൂട്ടും മറ്റും തകര്‍ത്താണ് ഇവര്‍ അകത്തു കടക്കാറ്.
വിളിക്കുമ്പോള്‍ ആളുണ്ടെന്നു കണ്ടാല്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ പേരു ചോദിക്കും. അയാളെ അന്വേഷിച്ചെത്തിയതാണെന്നു പറയുകയും സ്ഥലത്തുനിന്നു രക്ഷപ്പെടുകയുമാണ് ചെയ്തിരുന്നതെന്നു പോലീസ് പറഞ്ഞു. സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ. നൗഷാദ്, എ.എസ്.ഐ സുകുമാരന്‍, സീനിയര്‍ സി.പി.ഒ ഫൈസല്‍, സി.പി.ഒ മാരായ സജീര്‍, മിഥുന്‍, ദിനേശ്, പ്രഭുല്‍, നികേഷ് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

 

 

 

Latest News