Sorry, you need to enable JavaScript to visit this website.

ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഗര്‍ഭിണിയെയും കുടുംബത്തെയും ഫയര്‍ ഫോഴ്‌സ് മറുകരയിലെത്തിച്ചു

നിലമ്പൂര്‍- പ്രളയസാധ്യത നിലനില്‍ക്കുന്ന നിലമ്പൂര്‍ താലൂക്കിലെ മുണ്ടേരി ഇരുട്ടുകുത്തി കോളനിയിലെ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെയും അസുഖ ബാധിതയായ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ജീവനക്കാരിയെയും ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മറുകരയിലെത്തിച്ചു. കനത്ത മഴയില്‍ ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പുഴക്കക്കരെ ഉള്‍വനത്തില്‍ താമസിക്കുന്നവരില്‍ വൈദ്യസഹായം ആവശ്യമുള്ളവരെ ആദ്യം ഇക്കരെ എത്തിക്കുകയായിരുന്നു.കവളപ്പാറ ദുരന്തബാധിതര്‍ കഴിയുന്ന പോത്തുകല്ലിലെ പുനരധിവാസ ക്യാമ്പിലേക്കാണ് രാധികയെ മാറ്റിയത്.രക്തസമ്മര്‍ദ്ദ ബാധിതയായ സിന്ധുവിനെ ചികിത്സാ സൗകര്യാര്‍ത്ഥം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലമ്പൂര്‍ തഹസില്‍ദാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും രണ്ട് യൂണിറ്റ്  അഗ്‌നിശമന സേനാംഗങ്ങള്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. ടി ഉമ്മറിന്റെ നേതൃത്വത്തില്‍ വാണിയമ്പുഴ കടവിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന്  കുത്തിയൊഴുകുന്ന ചാലിയാറിന് കുറുകെ റബ്ബര്‍ ഡിങ്കി ബോട്ട് ഉപയോഗിച്ചാണ് പൂര്‍ണ ഗര്‍ഭിണിയായ രാധികയെയും കുടുംബാംഗങ്ങളെയും ഏറെ സാഹസികമായി കരക്കെത്തിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ സി കെ നന്ദകുമാര്‍, പി ബാബുരാജ്,  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ് ഡ്രൈവര്‍ എന്‍. മെഹബൂബ് റഹ്‌മാന്‍, ടി. സുരേഷ് കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി. കെ നിഷാന്ത്, കെ. അഫ്‌സല്‍, പി. ഇല്യാസ്, കെ. മനേഷ്,  ഹോംഗാര്‍ഡ് ആയ ജിമ്മി വിന്‍സന്റ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ടി. ശ്രീകുമാര്‍, തഹസില്‍ദാര്‍ വി.പി രഘുമണി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

 

 

Latest News