കണ്ണൂർ - ലോക മലയാളികൾ 18 കോടി പിരിച്ചു നൽകിയ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിൻ്റെ ചികിത്സക്കായുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയായി. അടുത്ത മാസം ആദ്യം മരുന്നു നൽകും.
സ്പെനൽ മസ്ക്യുലർ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച മുഹമ്മദിൻ്റെ ചികിത്സക്കായാണ് 18 കോടി രൂപ സമാഹരിച്ചത്. ചികിത്സക്ക് മുന്നോടിയായി നടത്തിയ അഡിനോ വൈറസ് ആൻറിബോഡി പരിശോധന ഫലം അനുകൂലമായതോടെയാണ് മരുന്നു നൽകാനുള്ള നടപടി ആരംഭിച്ചത്.
നെതർലാൻഡ്സിലാണ് പരിശോധനകൾ നടന്നത്. അമേരിക്കയിലാണ് പ്രത്യേക മരുന്ന് ഉൽപാദിപ്പിക്കുന്നത്. മരുന്ന് ഇറക്കുമതി ചെയ്യാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. മരുന്നിൻ്റെ ജി.എസ്.ടി ഇളവു ചെയ്താൽ വിലയിൽ വലിയൊരു ഭാഗം ഇളവു ലഭിക്കും.ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയായാൽ രണ്ടാഴ്ചക്കകം മരുന്ന് എത്തിക്കാനാവും. ജീൻ തെറാപ്പിയുമായി ബന്ധപ്പെട്ട മറ്റു പരിശോധനകൾ പൂർത്തിയായി. മിംസ് ആശുപത്രിയിലാണ് മുഹമ്മദിന് ചികിത്സ നൽകുന്നത്.