Sorry, you need to enable JavaScript to visit this website.
Monday , September   20, 2021
Monday , September   20, 2021

കർഷകർ നൽകുന്ന സമര സന്ദേശം

വോട്ട് നൽകി അധികാരത്തിലേറുന്ന ജനപ്രതിനിധികൾക്ക് മേൽ പിന്നീട് ജനങ്ങൾക്ക് ഒരു അവകാശവുമില്ലെന്ന ധാരണക്ക് മാറ്റം വരേണ്ടതുണ്ട്. വിജയിച്ചുകഴിഞ്ഞാൽ ജനപ്രതിനിധി ജനങ്ങളുടെയല്ല, പാർട്ടിയുടെ സ്വകാര്യ സ്വത്താണെന്ന ചിന്തയാണ് നിലനിൽക്കുന്നത്. ദൽഹിയിലെ കർഷകരുടെ വോട്ടേഴ്‌സ് വിപ്പ് എന്ന പുതിയ സമര രൂപം ഇതിനെതിരായ ഒരു സന്ദേശം കൂടിയാണ്. 


മഹാമാരിയുടെ താണ്ഡവം, തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ, സാമൂഹിക മാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടൽ, ലക്ഷദ്വീപിലെ കള്ളക്കളികൾ... ജനശ്രദ്ധ തിരിച്ചുവിടാനുള്ള നൂറുകണക്കിന് വിഷയങ്ങൾക്കിടയിലും ദൽഹിയിലെ കർഷകർ മനംമടുത്ത് തിരിച്ചുപോകുകയോ നിരാശരായി സമരം അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ല. പകരം, പ്രക്ഷോഭത്തിന്റേയും പ്രതിഷേധത്തിന്റേയും പുതിയ ജനാധിപത്യ ഭാവങ്ങളുമായി അവർ സമരം കടുപ്പിക്കുക തന്നെയാണ്. ദേശീയ മാധ്യമങ്ങളുടെ അവഗണനയോ സർക്കാരിന്റെ നിസ്സംഗതയോ കർഷക വീര്യത്തെ ഇല്ലാതാക്കാൻ പര്യാപ്തമല്ല എന്ന് ഒരിക്കൽ കൂടി അവർ തെളിയിക്കുന്നു.
ജനാധിപത്യ സ്ഥാപനങ്ങളും രീതികളും നിലംപതിക്കുന്ന ഇരുണ്ട കാലത്ത് തെരുവുകളിൽ അതിനെ തിരിച്ചുപിടിക്കുകയെന്ന വലിയ ദൗത്യമാണ് കർഷകർ നിറവേറ്റുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകനും കർഷക സമര മുന്നണിയിലെ പ്രമുഖനുമായ യോഗേന്ദ്ര യാദവ് പറയുന്നു. വോട്ടേഴ്‌സ് വിപ് എന്ന പുതിയ സമര രീതിയുമായാണ് കർഷകർ രംഗത്തു വന്നിരിക്കുന്നത്. ജനാധിപത്യത്തിന്റെ നൂതന കണ്ടുപിടിത്തമായി പലരും ഇതിനെ വ്യാഖ്യാനിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം അപ്രസക്തമായി വരുന്ന ആസുര കാലത്ത് ഇരുട്ടിൽ അത് സൃഷ്ടിപരതയുടെ നീലവെളിച്ചം പരത്തുന്നു.
വോട്ടേഴ്‌സ് വിപ് എന്ന ആശയം ലളിതമെങ്കിലും ശക്തമാണെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ വക്താക്കൾ അവകാശപ്പെടുന്നത്. വിപ് എന്ന പദം നമുക്ക് സുപരിചിതമാണ്. നിയമസഭകളിലും  പാർലമെന്റിലും വിപ്പുകളേയും ചീഫ് വിപ്പുകളേയും നാം പരിചയപ്പെട്ടിട്ടുണ്ട്. എല്ലാ പാർട്ടികളും നിയമനിർമാണ സഭകളിൽ വിപ്പുകളെ നിയോഗിക്കുന്നത് തങ്ങളുടെ പ്രതിനിധികളുടെ അച്ചടക്കം ഉറപ്പുവരുത്തുന്നതിനായാണ്. കൂറുമാറ്റ നിരോധ നിയമം നടപ്പായ ശേഷം ഈ സ്ഥാനത്തിന് നിയമപരമായ അംഗീകാരമൊന്നുമില്ലെങ്കിലും ഇപ്പോഴും ഈ സമ്പ്രദായം പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി നിലനിൽക്കുന്നുണ്ട്. എല്ലാ പാർട്ടിക്കും അവരുടെ എം.എൽ.എമാർക്കോ എം.പിമാർക്കോ നിശ്ചിത ദിവസവും സമയത്തും സഭയിൽ ഹാജരുണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് കൊടുക്കാനാവും. ഒരു തരത്തിലുള്ള അന്ത്യശാസനം.
വോട്ടർമാർ പാർട്ടികളിലൂടെ ജനപ്രതിനിധികളോട് സംസാരിക്കുന്നു എന്നതാണ് ഈ സങ്കൽപത്തിലെ അടിസ്ഥാന ആശയം. അതിനാൽ തന്നെ വിപ്പ് ലംഘിക്കാൻ പാടില്ല. പാർട്ടികളിൽനിന്ന് അലംഘനീയമായ വിപ്പ് സ്വീകരിക്കുന്ന എം.പിമാർക്കും എം.എൽ.എമാർക്കും എന്തുകൊണ്ട് വോട്ടർമാരിൽനിന്ന് തന്നെ അത് നേരിട്ടു സ്വീകരിച്ചുകൂടാ? ഈ ചിന്തയാണ് വോട്ടേഴ്‌സ് വിപ് എന്ന ആശയത്തിലൂടെ കർഷക സമരക്കാർ മുന്നോട്ടു വെക്കുന്നത്. രാഷ്ട്രീയ പാർട്ടികളേയും അതിന്റെ നേതാക്കളേയും ഒഴിവാക്കി തങ്ങളുടെ പ്രതിനിധികൾ പാർലമെന്റിൽ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾ നേരിട്ടേറ്റെടുക്കുകയാണ് ഇതിലൂടെ.
ഭാവനാപൂർണമായ ഈ സമര രീതി നിസ്സാരമെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദത്തിനാണ് പ്രാധാന്യം. എന്നാൽ അങ്ങനെയാണോ എപ്പോഴും സംഭവിക്കുന്നത്? അല്ലെന്നതാണ് ശരിയായ ഉത്തരം. അധികാരത്തിലേറിക്കഴിഞ്ഞാൽ പിന്നെ, ജനതാൽപര്യത്തിനപ്പുറം രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും അവരുടേതായ താൽപര്യങ്ങളുണ്ട്. നിയമനിർമാണ സഭകളിലൂടെ ഇത്തരം താൽപര്യങ്ങൾ നടപ്പാക്കാൻ ജനവിധിയെ അവർ പലപ്പോഴും ദുരുപയോഗിക്കുകയാണ്. ജനങ്ങൾ നൽകിയ അധികാരമുപയോഗിച്ച് തന്നെ ജനവിരുദ്ധമായ നിയമങ്ങൾ സൃഷ്ടിക്കാൻ സഭകളെ ഉപയോഗിക്കുന്നു. നാം കണ്ട കരിനിയമങ്ങളും ജനവിരുദ്ധ നികുതികളും തീരുമാനങ്ങളുമെല്ലാം അങ്ങനെ നമ്മുടെ മേൽ നാം തന്നെ കെട്ടിയേൽപിക്കുന്നതായി മാറുന്നു. എന്തുകൊണ്ട് ജനപ്രതിനിധികൾ ജനഹിതം മാത്രം സഭകളിൽ പറയണമെന്ന് നമുക്ക് ആവശ്യപ്പെട്ടുകൂടാ? ഈ ലളിതമായ ചോദ്യമാണ് ദൽഹിയിലെ തെരുവീഥികളിൽനിന്ന് കർഷകർ നമ്മോട് ചോദിക്കുന്നത്. 
കർഷകരെ പ്രതിനിധീകരിച്ച് സംയുക്ത കിസാൻ മോർച്ച പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ എല്ലാ എം.പിമാർക്കും വിപ്പ് കൊടുത്തിരിക്കുകയാണ്. എല്ലാ ദിവസവും പാർലമെന്റിൽ ഹാജരായിരിക്കുക, സഭയിൽ കർഷക പ്രസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് അനുകൂല നിലപാടെടുക്കുക, വോക്കൗട്ട് നടത്താതിരിക്കുക, കർഷക ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ അനുകൂല സമീപനം സ്വീകരിക്കുന്നതുവരെ സഭയിലെ മറ്റ് കാര്യപരിപാടികളോട് സഹകരിക്കാതിരിക്കുക തുടങ്ങിയ ഉത്തരവുകളാണ് കർഷക വിപ്പിലൂടെ എം.പിമാർക്ക് നൽകിയിരിക്കുന്നത്. വോട്ടർമാരുടെ ഈ വിപ്പ് സ്വന്തം പാർട്ടികളുടെ വിപ്പുകളേക്കാൾ പ്രധാനമായി പരിഗണിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഇത് നിരസിക്കുന്നവരും തള്ളുന്നവരും കർഷകരുടെ ബഹിഷ്‌കരണം നേരിടുമെന്നാണ് മുന്നറിയിപ്പ്.
ഇത് തികച്ചും പ്രതീകാത്മകമായ ഒരു സമര രൂപമായിരിക്കാം. എന്നാൽ ഈ സങ്കൽപം പ്രായോഗികതയുടെ അടിസ്ഥാനത്തിൽ വളർന്നുവരേണ്ട ഒന്നു തന്നെയാണ്. വോട്ട് നൽകി അധികാരത്തിലേറുന്ന ജനപ്രതിനിധികൾക്ക് മേൽ പിന്നീട് ജനങ്ങൾക്ക് ഒരു അവകാശവുമില്ലെന്ന ധാരണക്ക് മാറ്റം വരേണ്ടതുണ്ട്. വിജയിച്ചു കഴിഞ്ഞാൽ ജനപ്രതിനിധി ജനങ്ങളുടെയല്ല, പാർട്ടിയുടെ സ്വകാര്യസ്വത്താണെന്ന ചിന്തയാണ് നിലനിൽക്കുന്നത്. ജനഹിതം പ്രതിഫലിപ്പിക്കാൻ പലപ്പോഴും അവർക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും ജനവിരുദ്ധ നിലപാട് സ്വീകരിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. അഭിപ്രായങ്ങൾ സ്വതന്ത്രമായി രേഖപ്പെടുത്താൻ പോലും പലപ്പോഴും അവർ അശക്തരാണ്. ഈ സാഹചര്യത്തിലാണ് വോട്ടേഴ്‌സ് വിപ് എന്ന ആശയം പ്രസക്തമാകുന്നത്.
കർഷക പ്രക്ഷോഭം പോലെയുള്ള ഒരു മഹാസമരത്തിന് എം.പിമാർക്ക് ഇത്തരത്തിൽ ആജ്ഞ നൽകാനുള്ള ധാർമിക അവകാശമുണ്ട്. എന്നാലതിന്റെ പ്രായോഗികത എത്രത്തോളമെന്നത് സംബന്ധിച്ച് സംശയമുണ്ട്. മനോഹരമായ ഒരു ആശയമെന്നതിലുപരി, പാർലമെന്റ് അംഗങ്ങൾ, പരിധിക്ക് പുറത്തുള്ളവരിൽനിന്ന് ഇത്തരം ആജ്ഞകൾ സ്വീകരിക്കുന്നതിന് തയാറാകാനുള്ള ഒരു സാധ്യതയുമില്ല. മാത്രമല്ല നിയമപരമായി അവർക്ക് അതിനുള്ള ബാധ്യതയുമില്ല. അതിനാൽ തന്നെ, ജനാധിപത്യം എത്രത്തോളം വിശാലവും വിപുലവുമായിരിക്കണം, അതിൽ ജനങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും എത്രത്തോളം എന്നീ കാര്യങ്ങളിൽ പുതിയ ചിന്തകൾ തുറന്നുവിടാൻ ഇത്തരം സമര രൂപങ്ങൾക്ക് കഴിയുമെന്ന് മാത്രം.
ജനപ്രതിനിധികൾ ജനഹിതത്തിന് വിപരീതമായി പ്രവർത്തിച്ചാൽ അവരെ തിരിച്ചുവിളിക്കാനുള്ള അധികാരവും ജനാധിപത്യത്തിൽ ആവശ്യമാണ് എന്ന ചിന്ത പൊതുവെ ശക്തമായി വരുന്നുണ്ട്. എന്നാൽ ഇന്നത്തെ പാർലമെന്ററി സംവിധാനത്തിൽ അത് നടപ്പാക്കണമെങ്കിൽ പുതിയ നിയമനിർമാണങ്ങൾ ആവശ്യമാണ്. സ്വന്തം അധികാരങ്ങളും പ്രതാപവും നഷ്ടപ്പെടുത്തുന്ന നിയമ നിർമാണങ്ങൾക്ക് ജനപ്രതിനിധികൾ തയാറാവുകയില്ലെന്നത് സുനിശ്ചിതമാണ്. കാർഷിക മേഖലയിൽനിന്ന് വരുന്ന ജനപ്രതിനിധികൾ പോലും കർഷകരുടെ സങ്കീർണമായ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സ് തുറക്കാൻ തയാറല്ല. തങ്ങളുടെ പാർട്ടികൾ തീർക്കുന്ന വേലികൾക്കുള്ളിൽനിന്ന് പുറത്തു വരാൻ എം.പിമാർക്ക് കഴിയില്ല. പാർലമെന്റിൽ കർഷകർക്ക് അനുകൂലമായി സംസാരിക്കാൻ അവർക്ക് സാധ്യമല്ല. പാർലമെന്ററി ജനാധിപത്യത്തിന്റെ ഈ പരിമിതികളിലാണ് വോട്ടേഴ്‌സ് വിപ് പോലെയുള്ള സമര രൂപങ്ങൾ പ്രസക്തമാകുന്നത്.
കൊടുംതണുപ്പിലും പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിലും കൊറോണയുടെ ഭീതിയിലും കർഷകർ തങ്ങളുടെ പ്രതിഷേധ ജ്വാല എത്രയോ മാസങ്ങളായി കെടാതെ സൂക്ഷിക്കുകയാണ്. വോട്ടേഴ്‌സ് വിപ് പോലെയുള്ള പുതുസമരമുറകളിലൂടെ നമ്മുടെ ജനാധിപത്യ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുകയും അതിലേക്ക് നവചിന്തയുടെ ഭാവങ്ങൾ പകരുകയും ചെയ്യുന്നു അവർ. അതിനാൽ കർഷക സമരം കേവലമൊരു അവകാശ സമരം മാത്രമല്ലെന്നും അത് ഒരു ജനാധിപത്യ പുനഃസ്ഥാപന സമരം കൂടിയാണെന്നുമുള്ള സന്ദേശമാണ് നാം ഉൾക്കൊള്ളേണ്ടത്.
 

Latest News