ആരെയും മുഷിപ്പിക്കാൻ മടിയില്ലാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ശബ്ദത്തിലും ശത്രുതയുടേതല്ലാത്ത ഭാഷയിലും പറയാവുന്ന കാര്യങ്ങൾ പൊട്ടിത്തെറിപ്പിക്കാനേ അദ്ദേഹത്തിനാവൂ. വാക്കും ശബ്ദവും തന്നെ വേണമെന്നില്ല. ഒരു നോട്ടം, ഒരു മുരടനക്കം - അത്ര മതി ഭാവം പകരാൻ. ആക്രോശിക്കാതെത്തന്നെ ആക്രോശത്തിന്റെ ഫലം ഉണ്ടാക്കാൻ അദ്ദേഹത്തിനു കഴിയും. കഴിയുമെന്നല്ല, അതേ പറ്റൂ എന്നു പറയേണ്ടിവരും.
ഇതേ സ്വഭാവം എം. വി രാഘവനിൽ കണ്ടിരുന്നതായി ഓർക്കുന്നു. ആദ്യം കാണുമ്പോൾത്തന്നെ അടുക്കാൻ മടി തോന്നിപ്പിക്കുന്ന എന്തോ ഒരു ഭാവം അദ്ദേഹത്തിന്റെ മുഖത്ത് പടരും. അരിശം കത്താൻ കാത്തിരിക്കുകയാണ് മാംസപേശികൾ എന്നു തോന്നും. മിക്കവരുമായും ഏറ്റുമുട്ടിക്കൊണ്ടാകും തുടക്കം. വിശേഷിച്ചൊരു കാരണവുമില്ലാതെ സംശയവും സ്പർധയും പുലർത്തിക്കൊണ്ടായിരിക്കും സംസാരം.
സർക്കാർ ജീവനക്കാരുടെ സംഘാടകനായിരുന്ന ഇ. പത്മനാഭൻ പറഞ്ഞ് കേട്ടതോർക്കുന്നു: അവനവന്റെ ആളായാൽ എം വി ആർ വളരെ അടുത്തിരിക്കും; അല്ലെങ്കിൽ വൈരിയാകും. വെറുതേ വെല്ലുവിളിക്കുകയോ വഴക്കു പറയുകയോ ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെയും പ്രകൃതം. തീർത്തും ആവശ്യമില്ലെങ്കിൽ അദ്ദേഹത്തെ കാണുമ്പോൾ പലരും വഴി മാറിപ്പോകാൻ ഇഷ്ടപ്പെടും.
ഒരു പക്ഷേ അത് അവർ ഉദ്ദേശിച്ചതേ ആവില്ല. എത്രയോ മാംസപേശികളുടെയും ഞരമ്പുകളുടെയും നീക്കത്തിലൂടെയാവും ഒരു പുഞ്ചിരി രൂപം കൊള്ളുന്നത്. നവരസങ്ങൾ ഒരു നർത്തകിയുടെ മുഖത്ത് പടരുന്നത് നോക്കുക. നൃത്തം ചവിട്ടാത്ത ചിലർക്കും എപ്പോഴും ചിരിയും കളിയും കളിയാടും. പരിചയമില്ലാത്ത ആളുകളോടു പെരുമാറുമ്പോൾ ഒരു ചെറുപുഞ്ചിരിയുമായി തുടങ്ങേണ്ട ജോലിയിലേർപ്പെടുന്നവരെ നോക്കൂ. ടി വി അവതാരകരെയും എയർ ഹോസ്റ്റസുമാരെയുമായിരിക്കും നമ്മൾ ആദ്യം ഓർക്കുക. ഒറ്റ നോട്ടത്തിലേ അടുപ്പം തോന്നിക്കുന്ന മട്ടിലായിരിക്കും അവരിൽ വിജയികളായവരുടെ പെരുമാറ്റം. അവരെയും അവരുടെ പ്രകടനത്തെയും ആക്ഷേപിക്കാൻവേണ്ടി നമ്മൾ അവരുടെ ഭാവത്തെ ടൂത്ത് പേസ്റ്റ് പുഞ്ചിരി എന്നു പറയും. മനസ്സിൽ ചിരി കുറഞ്ഞവരുടേതാണ് ആ പദാവലി. കൃത്രിമമാണെങ്കിൽ പോലും ചിരി വിടർത്തുന്നതാണ് നല്ലത്, മൂർഖനെന്നു തോന്നിക്കുന്നതിനെക്കാൾ.
പിണറായി വിജയന്റെയും എം വി ആറിന്റെയും വാക്കും നോക്കും ആരെയും വശത്താക്കാൻ ഉദ്ദേശിച്ചുള്ളതല്ല. 'ഒന്നു പുറത്തു പോകാമോ' എന്നു ചോദിച്ച് ആളുകളെ സഹകരിപ്പിക്കുന്നതിനു പകരം 'കടക്ക് പുറത്ത്' എന്ന് ശകാരിക്കുന്നതാണ് അവരുടെ വഴക്കം. മധുരമോ സൗമ്യമോ ദീപ്തമാക്കാത്തതാണ് ആ മുഖഭാവം. വെറുതേ വെറുതേ വൈരം വാങ്ങിക്കൂട്ടുന്ന ആ രീതി ആർക്കും ചേർന്നതല്ല. പൊതുപ്രവർത്തകനൊട്ടും ചേർന്നതല്ല. പക്ഷേ ചിലർ അങ്ങനെയാണ്; അവരുടെ ഭാവം ആകാശത്തെ ആതിഥേയകളൂടെ പുഞ്ചിരിയിൽ പൊതിഞ്ഞു വിതരണം ചെയ്യാൻ പറ്റില്ല. അതിനെ അങ്ങനെത്തന്നെ ഏറ്റുവാങ്ങുകയേ വഴിയുള്ളു. ജീവിതം മുഴുവൻ ശീലിച്ചുപോന്ന ഒരു പ്രകൃതം ഒരു ഹ്രസ്വകാല പരിശീലനത്തിലൂടെ മാറ്റാൻ പറ്റില്ലല്ലോ.
എന്തിന് മാറ്റണം എന്നും അവരിൽ ചിലർ തീർത്തും സംഗതമായി ചോദിച്ചേക്കാം. പാരുഷ്യവും ദേഷ്യവും പ്രകടമാക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്റെ മുൻ മുറക്കാരനായിരുന്ന എം. വി. ആറും മികച്ച ഭരണകർത്താക്കളായി അറിയപ്പെട്ടു. കൈകാര്യം ചെയ്യുന്ന വിഷയത്തിൽ പാണ്ഡിത്യം ഉണ്ടാകുന്നതിനെക്കാൾ പ്രധാനമാകും അത് ചെയ്യുന്നവരുടെ വിശ്വാസവും സാമർഥ്യവും ഫലപ്രദമായി ഉറപ്പ് വരുത്തുന്നത്. തന്റെ ഒപ്പം നിൽക്കുന്നവർ ചെയ്യേണ്ട ജോലി നേരത്ത് തന്നെ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ അവർക്ക് കഴിഞ്ഞു. അതിനിടെ ദണ്ഡത്തെക്കാളേറെ പ്രയോഗിച്ചിരുന്നതാണ് ഭേദം, അതിനെക്കാളേറെ ദാനം, അതിനെക്കാളുമേറെ ദണ്ഡം. എന്നാലും അവരുടെ പദാവലിയിലെ പരുഷതയും അംഗചലനത്തിലെ അക്രമവും അവർക്കു ചുറ്റും ശത്രുതയുടെ ആവരണമിട്ടു. അകന്നുനിന്നു കാണുന്നവരും അവരുടെ നീരസത്തിന് ശരവ്യരായവരും അവരുടെ ഓരോ ഭാവത്തെയും ഭാഷാപ്രകടനത്തെയും അപലപിക്കാൻ കാരണം കണ്ടെത്തി.
'മദ്വചനങ്ങൾക്കു മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ്യശുദ്ധിയാൽ മാപ്പ് നൽകിൻ' എന്നൊന്നും പിണറായി വിജയൻ പറയില്ല. 'ഇതാണ് ഞാൻ, ഇങ്ങനെ എന്നെ സ്വീകരിച്ചാൽ മതി' എന്നായിരിക്കും വേദവിചാരം. ആ ഭാവത്തിലും ഭാഷയിലും പോലും ധിക്കാരത്തിന്റെ സ്വരം കേൾക്കാം. ധിക്കാരികളെ അനുയായികൾ ആരാധിക്കും; പക്ഷേ അല്ലാത്തവർ ഇഷ്ടപ്പെടില്ല. രണ്ടാമത്തെ കൂട്ടരിൽ പിറക്കുന്നതാണ് ശങ്കയും ശത്രുതയും. ശങ്കയും ശത്രുതയുമാകട്ടെ, നിമിഷം തോറും പെരുകുന്നതുമാണ്. അങ്ങനെ പടരുന്ന വൈറസിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി കാണണം ചോപ്പർ യാത്രാവിവാദത്തെ.
മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒരു സ്വകാര്യ ചോപ്പറിൽ പറന്നുവന്നതിനേക്കാൾ കൂടുതൽ ശബ്ദായമാനമായ യാത്ര കേരളചരിത്രത്തിൽ ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിട്ടുള്ളു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഒരിടയ്ക്ക്, അദ്ദേഹത്തിന് കോൺഗ്രസ് പാർലമെന്ററി ബോർഡിലെ അംഗത്വവും ഉണ്ടായിരുന്നു. വലിയ ദേശീയസ്വാധീനം ഉണ്ടായിരുന്ന പദവി. ഒരിക്കൽ അതിന്റെ യോഗത്തിനുശേഷം ഒരു ചോറൂണിന് അദ്ദേഹത്തിന്
കോഴിക്കോട്ടെത്തേണ്ടിയിരുന്നു. അതിനുവേണ്ടി നാവികസേനയുടെ വിമാനം കൊച്ചിയിൽനിന്ന് ഉപയോഗപ്പെടുത്തി. കൊച്ചിയിൽ സ്വീകരിക്കാൻ കാത്തുനിന്നിരുന്നവരിൽ ആന്റോ എന്ന മാളക്കാരനുമുണ്ടായിരുന്നു. വിമാനം മാറിക്കേറുമ്പോൾ പതിവുള്ള ലാഘവത്തോടെ ലീഡർ ആന്റോയോടു ചോദിച്ചു: 'വരുന്നോടോ?' ആന്റോ ലീഡറുടെ ഒപ്പം വിമാനത്തിൽ കേറി.
ആരായിരുന്നു ആന്റോ? അന്വേഷണവും ആരോപണവും തകൃതിയായി. നാവികസേനയുടെ വിമാനത്തിൽ മുഖ്യമന്ത്രി കയറ്റിക്കൊണ്ടു പോയത് ഒരു ഭീകരവാദിയായിരുന്നു എന്നു പോലും പുക പടർന്നു. അതു കേട്ടപ്പോൾ പതിവായ കുലുക്കമില്ലായ്മയോടെ ലീഡർ മൊഴിഞ്ഞു: 'ഓ അതു നമ്മുടെ മാളക്കാരൻ പാവം പയ്യനല്ലേ?' അതാണ് 'പാവം പയ്യൻ' മലയാളത്തിലെ പുതിയ പദാവലിയുടെ ഭാഗമായതിന്റെ ചരിത്രം. അന്ന് ലീഡർ നാവികസേനയുടെ വിമാനത്തിൽ കയറിയതായിരുന്നില്ല വിവാദവിഷയം. പാവം പയ്യനെ തന്നോടൊപ്പം പറത്തിയപ്പോൾ ദേശീയസുരക്ഷ അപകടത്തിലായില്ലേ എന്നു മാത്രമായിരുന്നു പ്രതിപക്ഷത്തിന്റെ ഭീഷണി.
വേറൊരവസരത്തിൽ ലീഡർ മുംബൈക്ക് പോയി. എവിടെ പോയി, എപ്പോൾ പോയി, എന്തിനു പോയി എന്നൊന്നും ആർക്കും അറിയില്ല. ഒരു ദിവസം നിയമസഭ പിരിഞ്ഞപ്പോൾ മുഖ്യമന്ത്രി എങ്ങോട്ടോ പറന്നു പോയി. പിറ്റേ ദിവസം വിഷയം നിയമസഭയിൽ കത്തിക്കൊണ്ടിരിക്കുമ്പോൾ മുഖ്യമന്ത്രി ഇറങ്ങിവന്നു, അസാധാരണമായ നാടകീയതയോടെ. അന്നോ ഇന്നോ അദ്ദേഹം എന്തിനെവിടെ പോയി എന്ന് തീരുമാനമായിട്ടില്ല. താൻ നിയോഗിച്ച ദൗത്യത്തിനുവേണ്ടിയായിരുന്നു കരുണാകർജിയുടെ യാത്ര എന്നു പറഞ്ഞ് ഇന്ദിരാഗാന്ധി എല്ലാ വായകളും മൂടിയതോടെ ആ പ്രകരണവും തീർന്നു. ആ യാത്രയുടെ വഴിയും ലക്ഷ്യവും തേടിപ്പിടിക്കുന്നത് പോയിട്ട്, പാർട്ടിക്കുവേണ്ടി ചെയ്ത ആ പറക്കലിന്റെ ചെലവ് എന്തിനു സർക്കാർ വഹിക്കണമെന്ന് പത്രക്കാരെക്കൊണ്ടോ പ്രതിപക്ഷത്തെക്കൊണ്ടോ ചോദിപ്പിക്കാൻ പോലും വി.എം സുധീരനും മറ്റും ഉൽസാഹം കാണിച്ചില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പറന്നു പോയതല്ല. പാർട്ടി യോഗം വിട്ട് സർക്കാർ കാര്യത്തിനുവേണ്ടി തിരുവനന്തപുരത്തേക്ക് പറന്നതായിരുന്നു. മുഖ്യമന്ത്രിയാകുമ്പോൾ അങ്ങനെയൊക്കെ വേണ്ടിവരും. കമ്യൂണിസത്തെ 'കട്ടൻ കാപ്പിയും പരിപ്പു വടയും' എന്ന അർഥാന്തരന്യാസത്തിൽ ഒതുക്കിനിർത്താൻ ശ്രമിക്കുന്നതുകൊണ്ടാണ് ആ വിഷയം വിവാദമായത്. വിവാദമായപ്പോൾ ആ പറക്കലിന്റെ ചെലവ് പാർട്ടി വഹിക്കുമെന്ന നിലപാട് എടുക്കുന്ന കാര്യം ആലോചിച്ചതും ആത്മശങ്കയുടെ ഫലം തന്നെ. പാർട്ടിയുടെ തുടർച്ചയാണ് സർക്കാർ. രണ്ടും രണ്ടാണെങ്കിലും ഒട്ടൊക്കെ ഒന്നു തന്നെ. അവയുടെ ബന്ധത്തിലെ ദൈ്വതവും അദൈ്വതവും എങ്ങനെ നിലനിർത്തുന്നുവെന്നതാണ് പ്രശ്നം. രണ്ടിനെയും വിഴുപ്പലക്കുമാറ് കൂട്ടിക്കുഴക്കാതിരിക്കാൻ നീതിബോധവും ഔചിത്യദീക്ഷയും വേണം.
അടിയന്തരമായി ഒരു സർക്കാർ സംഗമത്തിലെത്താൻ അടിയന്തരമായ ഒരു പാർട്ടിയോഗത്തിൽനിന്ന് പറന്നു വന്ന മുഖ്യമന്ത്രിയെ പഴിക്കാൻ കാത്തിരിക്കുന്നവർ ഏറെയാണെന്ന് തെളിഞ്ഞിരിക്കുന്നു. പിണറായി വിജയനോടുള്ള സമീപനം തന്നെ അതിനു നിദാനം. മറ്റൊരാളായിരുന്നു മുഖ്യമന്ത്രി എങ്കിൽ അങ്കലാപ്പ് ഇമ്മട്ടിലാകുമായിരുന്നോ? വിവാദം കൊഴുക്കുന്നു, നിമിഷം വൈകാതെ സി പി ഐ മന്ത്രി വിശദീകരണം തേടുന്നു, പാർട്ടി പരിഭ്രമിക്കുന്നു... മുഖ്യമന്ത്രിയെ ഒതുക്കാനുള്ള ദൗത്യത്തിൽ ആരെല്ലാം മുഴുകിയിരിക്കുന്നു എന്നറിയണമെങ്കിൽ, ക്ഷീണിതനായ വിജയൻ ആർക്കു ഗുണം ചെയ്യും എന്നു നോക്കിയാൽ മതി.
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കൊച്ചാക്കാൻ പല കോണുകളിൽനിന്നും അപ്പപ്പോൾ നടന്നിട്ടുള്ള ഉപജാപങ്ങൾ നമ്മുടെ രാഷ്ട്രീയത്തിന്റെ ചരിത്രമാകുന്നു. ആശയങ്ങളുടെ സംഘട്ടനം അവിടവിടെ കണ്ടേക്കാം. അതിലുമേറെയാകും 'പരപുഛവുമഭ്യസൂയയും ദുരയും ദുർവ്യതിയാനാസക്തിയും' പിണറായി വിജയനോടുള്ള പക തീർക്കാൻ മുഖ്യമന്ത്രി പദത്തെ ഇകഴ്ത്തിക്കെട്ടരുതെന്നേ ഇവിടെ പറയാനുള്ളു. പഴയ കഥയാണ്, ഇ കെ നായനാർ കോൺഗ്രസിന്റെ കൂട്ടോടെ മുഖ്യമന്ത്രിയായിരുന്നപ്പോൾ, മുഖ്യൻ ആവശ്യപ്പെട്ടാൽ ഒരു മന്ത്രി ഫയൽ കൊടുക്കണമെന്നില്ലെന്ന കീഴ്വഴക്കം പോലും സൃഷ്ടിക്കപ്പെട്ടു.
മുഖ്യമന്ത്രി സമന്മാരിൽ ഒരാൾ മാത്രം എന്ന് വക്കം പുരുഷോത്തമൻ മുതൽ പേർ വാദിച്ചു. അധികാരത്തിലിരിക്കുകയല്ലേ, നായനാർ ഒന്നും കേട്ടതായി നടിക്കാതെ വലത്തോട്ടു നോക്കിയിരുന്നു. മുഖ്യമന്ത്രി എന്ന സ്ഥാപനം ഒന്നുമങ്ങി. ആ വഴിക്കുള്ള സമ്മർദ്ദത്തിനു വഴങ്ങിയാൽ പിണറായി വിജയൻ പിഴച്ചുപോയേക്കും, പക്ഷേ മുഖ്യമന്ത്രി എന്ന പദവിയുടെ സാധുതയും ശോഭയും കുറയുകയേ ഉള്ളു.