മക്ക- യാതൊരുവിധ അനിഷ്ട സംഭവങ്ങളുമില്ലാതെയും കൊറോണ വൈറസ് ബാധയും മറ്റു പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യാതെയും വിജയകരമായി ഹജ് സീസൺ പൂർത്തിയായതിൽ സൗദി ഭരണാധികാരികളെ പ്രശംസിച്ചും അനുമോദിച്ചും ലോക നേതാക്കൾ. ഹജ് സീസൺ വിജയകരമായി പൂർത്തിയായതിൽ അനുമോദിച്ച് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽ സ്വബാഹ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് കമ്പി സന്ദേശമയച്ചു. കൊറോണ വ്യാപനത്തിന്റെ ഫലമായ അസാധാരണ സാഹചര്യത്തിനിടെ സൗദിയിലെ മുഴുവൻ മന്ത്രാലയങ്ങളും വകുപ്പുകളും ആത്മാർഥതയോടെയും അർപ്പണ ബോധത്തോടെയും നടത്തിയ ശ്രമങ്ങളാണ് ഹജ് സീസൺ വിജയകരമാക്കി മാറ്റിയതെന്ന് കുവൈത്ത് അമീർ പറഞ്ഞു.
വിശുദ്ധ ഹറമിൽ നടപ്പാക്കിയ വികസന പദ്ധതികളും പുതിയ സേവനങ്ങൾ ആരംഭിച്ചതും തീർഥാടകർക്ക് ഗുണകരമായി മാറുകയും തീർഥാടന കർമം എളുപ്പമാക്കുകയും ചെയ്തതായി കുവൈത്ത് അമീർ പറഞ്ഞു. ഹജ് സീസൺ വിജയകരമായി പൂർത്തിയായതിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അൽസ്വബാഹ് അനുമോദിച്ചു. ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരനും സൽമാൻ രാജാവിനെ അനുമോദിച്ചു. മുൻകരുതൽ നടപടികളെല്ലാം പാലിച്ച് ഹജ് സംഘാടനത്തിന് സൗദി ഗവൺമെന്റ് നടത്തിയ വലിയ ശ്രമങ്ങളെ ബഹ്‌റൈൻ രാജാവും കിരീടാവകാശിയും പ്രശംസിച്ചു. കൊറോണ വ്യാപനവുമായും വൈറസിന്റെ പുതിയ വകഭേദങ്ങളുമായും ബന്ധപ്പെട്ട അസാധാരണ വെല്ലുവിളികൾക്കിടെയും സുരക്ഷിതവും ആരോഗ്യകരവുമായ സാഹചര്യത്തിൽ ഹജ് സംഘടിപ്പിക്കുന്നതിൽ വിജയിച്ച സൗദി അറേബ്യയെ ബഹ്‌റൈൻ ഇൻഫർമേഷൻ മന്ത്രി അലി അൽറുമൈഹിയും പ്രശംസിച്ചു. ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ വലിയ ശ്രമങ്ങൾ നടത്തുകയും മാതൃകാപരമായ മുൻകരുതൽ നടപടികൾക്ക് അനുസൃതമായി തീർഥാടകർക്ക് ഹജ് എളുപ്പമാക്കി മാറ്റുകയും ചെയ്ത സൗദി ഭരണാധികാരികൾക്കുള്ള നന്ദി ബഹ്‌റൈൻ ഇൻഫർമേഷൻ മന്ത്രി പ്രകടിപ്പിച്ചു. ഇസ്‌ലാമിനും ലോക മുസ്‌ലിംകൾക്കും സൗദി അറേബ്യ നൽകുന്ന സേവനങ്ങളും ഹജ്, ഉംറ തീർഥാടകർക്കും മസ്ജിദുന്നബവിയിൽ സിയാറത്ത് നടത്തുന്നവർക്കും നൽകുന്ന മികച്ച സേവനങ്ങളും ലോക മുസ്‌ലിംകളുടെ ഹൃദയങ്ങളിൽ അഭിമാനവും കൃതജ്ഞതയും ജനിപ്പിക്കുന്നതായും ബഹ്‌റൈൻ ഇൻഫർമേഷൻ മന്ത്രി അലി അൽ റുമൈഹി പറഞ്ഞു. ഹജ് സീസൺ വിജയകരമായി പൂർത്തിയായതിലും വെല്ലുവിളികളും അസാധാരണ സാഹചര്യങ്ങളും നേരിടുന്നതിൽ സൗദി അറേബ്യ കാണിച്ച അസാധാരണ കഴിവിലും സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അസ്സൂമി പ്രശംസിച്ചു. സൗദി അറേബ്യ സ്വീകരിച്ച നിയന്ത്രണ, ആരോഗ്യ, സുരക്ഷാ നടപടികളാണ് ഹജ് സീസൺ വിജയകരമാക്കി മാറ്റുകയും ഹാജിമാരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുകയും ചെയ്തത്. ഹാജിമാർക്ക് ഏറ്റവും മികച്ച സുരക്ഷ ഒരുക്കാനും ആരോഗ്യ പരിചരണങ്ങൾ നൽകാനും സൗദി അറേബ്യ സ്വീകരിച്ച പ്രതിരോധ നടപടികളെ പ്രശംസിക്കുന്നതായും ആദിൽ അസ്സൂമി പ്രസ്താവനയിൽ പറഞ്ഞു. ഹജ് സീസൺ വിജയകരമായി പൂർത്തിയായതിൽ സൽമാൻ രാജാവിനെയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും സൗദി സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി ഗവർണർ സുഹൈൽ അബാനമി അനുമോദിച്ചു. ഹജ് സേവന മേഖലയിൽ പ്രവർത്തിച്ച മുഴുവൻ സർക്കാർ വകുപ്പുകൾക്കും സർക്കാർ നൽകിയ പരിധികളില്ലാത്ത പിന്തുണയുടെയും മുഴുവൻ ശേഷികളും പ്രയോജനപ്പെടുത്തിയതിന്റെയും ഫലമായാണ് ഈ വിജയം സാധ്യമായതെന്നും സുഹൈൽ അബാനമി പറഞ്ഞു. സൗദിയിലെ പ്രവിശ്യാ ഗവർണർമാരും മുതിർന്ന ഉദ്യോഗസ്ഥരും മറ്റു ലോക നേതാക്കളും സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അനുമോദിച്ചു.






