Sorry, you need to enable JavaScript to visit this website.

റിയാദ് കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതി മൂന്നാംഘട്ട കാമ്പയിന് തുടക്കമായി 

റിയാദ് കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട പ്രചാരണ കാമ്പയിൻ അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്- കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ കുടുംബ സുരക്ഷാപദ്ധതിയുടെ മൂന്നാം ഘട്ട (2021--22) അംഗത്വ കാമ്പയിന് തുടക്കമായി. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, മുഹമ്മദ് കണ്ടകൈക്ക് അപേക്ഷാ ഫോറം നൽകി ഉദ്ഘാടനം ചെയ്തു.  സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി മുസ്തഫ അധ്യക്ഷനായി.
റിയാദ് കെ.എം.സി.സി 2019ൽ ആരംഭിച്ച കുടുംബ സുരക്ഷാ പദ്ധതി പ്രകാരം പദ്ധതിയിൽ അംഗമായിരിക്കെ മരിക്കുന്ന വ്യക്തിക്ക് പത്ത് ലക്ഷം രൂപയാണ് നൽകി വരുന്നത്. ഇതിനോടകം മരിച്ച പത്ത് അംഗങ്ങളുടെ ആശ്രിതർക്ക് ധനസഹായം കൈമാറിയെന്ന് ഭാരവാഹികൾ പറഞ്ഞു. കിഡ്‌നി, കാൻസർ പോലെയുള്ള വിവിധ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്ന ഏഴ് പേർക്ക് ചികിത്സാ സഹായവും നൽകി.  
പതിറ്റാണ്ടുകളോളം പ്രവാസം നയിച്ചവരിൽ ഭൂരിഭാഗവും ശൂന്യമായ കൈകളുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ചിലരാവട്ടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും പേറി ഇപ്പോഴും ഗൾഫ് നാടുകളിൽ അധ്വാനിച്ചു കൊണ്ടിരിക്കുന്നു. എല്ലാം അവഗണിച്ച് കഠിനാധ്വാനം ചെയ്യുന്നതിനിടയിലാണ് ചിലർ രോഗശയ്യയിലാവുകയോ മരണത്തിന് കീഴടങ്ങുകയോ ചെയ്യുന്നത്. ഇത്തരം സന്ദർഭത്തിലാണ് കെ.എം.സി.സിയുടെ ഈ പദ്ധതി തുണയാവുന്നതെന്ന് സി.പി മുസ്തഫ പറഞ്ഞു. ഏറ്റവും വലിയ തുക ആശ്രിതർക്ക് നൽകുന്ന ആദ്യത്തെ പ്രവാസി സുരക്ഷാ പദ്ധതിയാണിത്. മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രവാസികൾക്ക് ഈ പദ്ധതിയിൽ അംഗമായി ചേരാം. എല്ലാ വർഷവും നിശ്ചിത തുക നൽകി അംഗത്വം പുതുക്കാനാവും. ഇതിന്റെ പ്രവർത്തനങ്ങൾ നിയമ പ്രകാരം ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് ഫറോക്കിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 
ഓഗസ്റ്റ് അവസാനത്തോടെ കാമ്പയിൻ സമാപിക്കുമെന്നും ഇത്തവണ കൂടുതൽ പേരെ അംഗങ്ങളാക്കി ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു. നാട്ടിൽ പ്രയാസമനുഭവിക്കുന്ന റിയാദിൽ നിന്നുള്ള പഴയകാല കെ.എം.സി.സി പ്രവർത്തകർക്ക് സാമ്പത്തിക സഹായം നൽകാനും യോഗം തീരുമാനിച്ചു. സെൻട്രൽ കമ്മിറ്റിയുടെ നാല് വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു.
സെക്രട്ടറി കെ.ടി അബൂബക്കർ, ആക്ടിംഗ് ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ, സെക്രട്ടറി മുജീബ് ഉപ്പട, സെക്രട്ടറി അബ്ദുറഹ്മാൻ ഫാറൂഖ്, വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, സൈബർ വിംഗ് കൺവീനർ ഷഫീഖ് കൂടാളി, വനിതാ വിംഗ് പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ് എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സുരക്ഷാ പദ്ധതിയുടെ പ്രൊമൊ വീഡിയോ സെക്രട്ടറി സിദ്ധീഖ് കോങ്ങാട് പ്രകാശനം ചെയ്തു. 
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് തലാപ്പിൽ, റസാഖ് വളക്കൈ,നൗഷാദ് ചാക്കീരി, ഷംസു പെരുമ്പട്ട, ബാവ താനൂർ, മാമുക്കോയ തറമ്മൽ, വനിതാ വിംഗ് സെക്രട്ടറി ജസീല മൂസ സംസാരിച്ചു. അൻവർ വാരം, ഹനീഫ മൂർക്കനാട്, അഷ്‌റഫ് വെള്ളേപ്പാടം, ഷറഫു വയനാട്, കുഞ്ഞിപ്പ തവനൂർ, റഹീം ക്ലാപ്പന, ഇസ്മായിൽ കരോളം എന്നിവരും ജില്ല, മണ്ഡലം, ഏരിയ നേതാക്കൾ നേതൃത്വം നൽകി. സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആമുഖ പ്രഭാഷണം നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും വൈസ് പ്രസിഡന്റ് പി.സി അലി വയനാട് നന്ദിയും പറഞ്ഞു.

Tags

Latest News