Sorry, you need to enable JavaScript to visit this website.

ഹജ് ഉയർത്തുന്ന ആദർശവും ഉണർത്തുന്ന സന്ദേശവും 

പരിശുദ്ധ ഹജിന്റെ നാളുകൾ സമാപിക്കുകയാണ് ഇന്ന്. ഹാജിമാർ അവസാന കർമ്മങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. തക്ബീറുകൾ കൊണ്ടും ദിക്‌റുകളും ദുആകളും കൊണ്ടും മുഖരിതമായിരുന്ന മിനായിലെ തമ്പുകൾ നാളെ മുതൽ നിശബ്ദമാവുകയാണ്. അറഫയും മുസ്ദലിഫയും ഹജിന്റെ മറ്റു പുണ്യസ്ഥലങ്ങളുമെല്ലാം മറ്റൊരു ഹജിന്റെ ആരവങ്ങൾക്കായി കാത്തിരിക്കുകയാണ്. മറ്റൊരു കർമ്മത്തിനും പറയപ്പെട്ടിട്ടില്ലാത്ത പുണ്യമാണ് ഹജിനുള്ളത്. പാപങ്ങളിൽ നിന്നെല്ലാം കഴുകപ്പെട്ട് ഉമ്മ പ്രസവിച്ച ദിവസത്തെ അവസ്ഥയിലേക്ക്, അഥവാ ശുദ്ധപ്രകൃതിയിലേക്ക് മടങ്ങുകയാണ് ഇന്നത്തെ ദിവസം ഓരോ ഹാജിമാരും. അബൂഹുറൈറ (റ) വിൽ നിന്നും ഉദ്ധരിക്കുന്നു: പ്രവാചകൻ (സ്വ) പറഞ്ഞു: 'ഒരാൾ അനാശാസ്യങ്ങളും തോന്നിവാസങ്ങളുമില്ലാതെ ഹജ് ചെയ്തുകഴിഞ്ഞാൽ അയാൾ തന്റെ മാതാവ് അയാളെ പ്രസവിച്ച ദിവസത്തെ പോലെയായിരിക്കും.' (ബുഖാരി 1521).
പാപങ്ങളിൽ നിന്നും സുരക്ഷിതനായിത്തീരുക എന്നത് മഹാഭാഗ്യമാണ്. പുണ്യങ്ങളെക്കാൾ ലോകത്ത് നിറഞ്ഞു നിൽക്കുന്നത് പാപങ്ങളാണ്. ഓരോ നിമിഷവും മനുഷ്യർ അവരുടെ മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ പാപങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രവാചകൻ (സ്വ) പറഞ്ഞു: 'ആദമിന്റെ സന്തതികളെല്ലാവരും തെറ്റ് ചെയ്യുന്ന പ്രകൃതിയാലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ തെറ്റുചെയ്യുന്നവരിൽ ഏറ്റവും ഉത്തമരായിട്ടുള്ളവർ തെറ്റുകളിൽ നിന്നും മടങ്ങുന്നവരാണ്.' (ഇബ്‌നു മാജ 4251).  ശരികൾ എന്താണെന്നും തെറ്റുകൾ എന്താണെന്നും മനുഷ്യൻ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും അത് മനുഷ്യന് കൈമാറിയിട്ടുണ്ട്. പാപങ്ങളിൽ നിന്നും സുരക്ഷിതരാവുക അല്പം പ്രയാസമുള്ള ജോലിതന്നെയാണ്. മനുഷ്യന്റെ ബോധമനസ്സ് സജീവമായി പ്രവർത്തിക്കുമ്പോൾ മാത്രമേ തെറ്റുകളെ തിരിച്ചറിയാനും അതിൽ നിന്നും മുക്തമാകാനും സാധിക്കൂ. അതുകൊണ്ടാണ് ഭൂമിയിലെ  അലങ്കാരങ്ങൾ വഴി വഞ്ചിക്കപ്പെടുന്നതിനെതിരെ ശക്തമായ ജാഗ്രത അനിവാര്യമെന്ന് ഖുർആൻ പഠിപ്പിച്ചത്. മനുഷ്യന്റെ ആജന്മ ശത്രുവായ പിശാച് തെറ്റുകളിലേക്ക് മനുഷ്യരെ വലിച്ചിഴച്ചു കൊണ്ടുപോവുകയാണ്. ഖുർആൻ പറയുന്നു: 'ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തിൽ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ.' (7:27).  
പരിശുദ്ധ ഹജ് കർമ്മം വിശ്വാസികളെ പഠിപ്പിച്ച സുപ്രധാനമായ ചില ആദർശങ്ങളുണ്ട്. അവ ഓർക്കുകയും അതിനെ ജീവിതത്തിലുടനീളം പരിപാലിക്കുകയും ചെയ്യുക എന്നതാണ് ഓരോ ഹാജിയും അയാളുടെ ഭാവി ജീവിതത്തിൽ ചെയ്യേണ്ടത്. ലബ്ബൈക്ക ചൊല്ലിക്കൊണ്ടാണ് ഓരോ ഹാജിയും ഹജിൽ പ്രവേശിക്കുന്നത്. അല്ലാഹുവുമായുള്ള സുദൃഢമായ ബന്ധമാണ് ലബ്ബൈക്ക പറയുന്നത്. ദൈവിക വിളികൾക്ക് ഉത്തരം നൽകിക്കൊണ്ട് ഞാനിതാ വരുന്നുവെന്ന് പറയുന്ന ഹാജി, ഭാവി ജീവിതത്തിലെ ഓരോ സന്ദർഭത്തിലും ദൈവിക വിളികൾക്ക് ഉത്തരം നൽകാൻ ബാധ്യസ്ഥനാണ്. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങൾക്ക് ജീവൻ നൽകുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോൾ നിങ്ങൾ അല്ലാഹുവിനും റസൂലിനും ഉത്തരം നൽകുക.' (8:24). കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച അലസതകളും ഉദാസീനതകളും വെടിയണമെന്നും മനസ്സിനെയും ശരീരത്തെയും എപ്പോഴും സജീവമാക്കി നിർത്തണമെന്നുമർത്ഥം. 
'ലാ ശരീക ലക്' എന്ന പ്രഖ്യാപനം മനസ്സിൽ കരുതിവെച്ചിട്ടുള്ള മുഴുവൻ ദൈവേതര ആരാധ്യവസ്തുക്കളെയും തൂത്തുകളയുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ഏതു പ്രതിസന്ധിഘട്ടത്തിലും ദൈവമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് സഹായകമായിട്ടില്ല എന്നും അത്തരം ഘട്ടങ്ങളിൽ ദൈവത്തോട് നേരിട്ട് കാര്യങ്ങൾ പറയുകയാണ് വേണ്ടതെന്നുമാണ് ആ വാചകം പഠിപ്പിക്കുന്നത്. ദൈവേതര ആരാധ്യരെ കുറിച്ച് മനസ്സിൽ സൂക്ഷിച്ചിട്ടുള്ള ഭയപ്പാടുകൾ ഇല്ലാതാക്കുകയും ദൈവത്തിന്റെ തുല്യതയില്ലാത്ത കഴിവുകളെ കുറിച്ച് മനസ്സിൽ വിശ്വാസം വളർത്തുകയും ചെയ്യുന്ന വാചകമാണത്. അല്ലാഹു ചോദിക്കുന്നു: 'അല്ലാഹു പോരെ തന്റെ അടിമക്ക്? അവന്ന് പുറമെയുള്ളവരെ പറ്റി അവർ നിന്നെ പേടിപ്പിക്കുന്നു.' (39:36). മനുഷ്യരുടെ പ്രതിസന്ധികളിൽ ദൈവേതര ശക്തികളെയും വ്യക്തികളെയും സമീപിക്കുന്നത് ബുദ്ധിശൂന്യതയാണ്. കാരണം ദൈവത്തിന് മാത്രം സാധിക്കുന്ന കാര്യങ്ങൾക്ക് മറ്റുള്ളവരെ സമീപിച്ചാൽ യാതൊരു ഫലവും ലഭിക്കില്ലെന്ന് മനുഷ്യന്റെ കേവലബുദ്ധി സമ്മതിക്കുന്ന കാര്യമാണ്. ഖുർആൻ ആ കാര്യം മനുഷ്യബുദ്ധിയോട് സംവദിക്കുന്നുണ്ട്: 'അല്ലാഹുവിനു പുറമെ, ഉയിർത്തെഴുന്നേൽപിന്റെ നാളുവരെയും ഉത്തരം നൽകാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാർത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദർഭത്തിൽ അവർ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവർ അവരെ ആരാധിച്ചിരുന്നതിനെ അവർ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.' (46:56).  
'സ്തുതികളും സർവാധികാരങ്ങളും അനുഗ്രഹങ്ങൾ നൽകാനുള്ള അധികാരവും നിനക്കാണ് നാഥാ' എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ലബ്ബൈക്ക അവസാനിക്കുന്നത്. അല്ലാഹുവിന്റെ ഔന്നത്യത്തെ കുറിച്ചുള്ള ശരിയായ ബോധമാണ് മനുഷ്യന് ഇത് സമ്മാനിക്കുന്നത്. മനുഷ്യർക്കിടയിൽ ജീവിച്ചു വന്നതോ അല്ലാത്തതോ ആയ മഹാ വ്യക്തിത്വങ്ങളുടെ കഴിവുകളിൽ അത്ഭുതപ്പെടുന്ന മനുഷ്യരിൽ ചിലർ അത്തരം മഹാമനുഷ്യരെ മനസ്സിൽ പ്രതിഷ്ഠിക്കുക സ്വാഭാവികമാണ്. എന്നാൽ മനുഷ്യ ജീവിതത്തിനു ആവശ്യമായ അനുഗ്രഹങ്ങളോ കാരുണ്യമോ അധികാരങ്ങളോ ഒന്നും തന്നെ അങ്ങനെയുള്ള മഹത്തുക്കൾക്ക് ചെയ്യുവാൻ കഴിയില്ല. കഴിവുകളിലും നാമവിശേഷണങ്ങളിലുമെല്ലാം ഏകനായ ദൈവത്തോട് ഒരു നിലക്കും തുലനം ചെയ്യാൻ സാധിക്കാത്ത അവരിൽ നിന്നും മനുഷ്യർ എന്ത് അനുഗ്രഹമാണ് പ്രതീക്ഷിക്കുന്നത്? അതുകൊണ്ടുതന്നെ മനസ്സിൽ പ്രതിഷ്ഠിച്ച മുഴുവൻ വിഗ്രഹങ്ങളെയും വ്യാജദൈവങ്ങളെയും കൈവെടിഞ്ഞ് സർവ്വസ്തുതികൾക്കും അർഹനായിട്ടുള്ള, സർവാധികാരങ്ങളും കൈയാളുന്ന, മറ്റാർക്കും നൽകാൻ കഴിയാത്ത അനുഗ്രഹങ്ങൾ നൽകാൻ കഴിവുള്ള അല്ലാഹുവിനെ സൃഷ്ടികളിലെ മറ്റൊന്നിനെ കൊണ്ടും തുലനം ചെയ്യാൻ സാധിക്കില്ല എന്ന സന്ദേശമാണ് ഈ വചനം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഏകദൈവത്തിന് മാത്രം അർഹതപ്പെട്ട പ്രാർത്ഥനകളും ആരാധനകളും മറ്റുപുണ്യകർമ്മങ്ങളും മറ്റുള്ളവർക്ക് നൽകുന്നതിൽ നിന്നും മുക്തമാകണം എന്ന തൗഹീദിന്റെ ആശയമാണ് ഇത് ഓരോ ഹാജിയെയും ബോധ്യപ്പെടുത്തുന്നത്. ജാബിർ ബ്‌നു അബ്ദില്ല(റ) പ്രവാചകന്റെ ഹജ് വിശദീകരിക്കുന്നിടത്ത്, പ്രവാചകൻ(സ്വ) തൽബിയത്ത് ചൊല്ലിയതിനെ, 'അദ്ദേഹം പിന്നീട് തൗഹിദ് ചൊല്ലി' എന്നു പ്രസ്താവിച്ചതും ഇതുകൊണ്ടാണ്. (മുസ്‌ലിം)
മനുഷ്യർ ചെയ്യുന്ന തിന്മകളിൽ ഏറ്റവും വലുത് സ്രഷ്ടാവിന്റെ അധികാരങ്ങളിൽ മറ്റുള്ളവർക്ക് പങ്കുനൽകലാണ്. അതുകൊണ്ടുതന്നെയാണ് ഹജിന്റെ വേളയിൽ 'നിനക്ക് പങ്കുകാരില്ല' എന്നു ഹാജിമാരെക്കൊണ്ട് ആവർത്തിച്ച് പറയിപ്പിക്കുന്നതും. അറഫയിൽ വെച്ച് തന്റെ എല്ലാ കാര്യങ്ങളും മനുഷ്യർ സമർപ്പിക്കുന്നത് മനസ്സിലൊളിപ്പിച്ചുവെച്ച മറ്റേതെങ്കിലും ആരാധ്യന്മാരോടല്ല. എല്ലാമറിയുന്ന, ഇലകളുടെ അനക്കങ്ങൾ പോലും രേഖപ്പെടുത്തുന്ന അത്യുത്തമനായ സ്രഷ്ടാവിന്റെ മുമ്പിലാണ്. ആ സ്രഷ്ടാവാണ് അറഫയിൽ ജടകുത്തി പൊടിപാറിയ അവസ്ഥയിലെത്തിയ ഹാജിമാരെ കുറിച്ച് മലക്കുകളോട് അഭിമാനപൂർവം പറയുന്നത്. അവനാണ് മനുഷ്യർ പ്രവർത്തിച്ച മുഴുവൻ തിന്മകളും അവന്റെ മഹത്തായ ഔദാര്യത്താൽ മായ്ച്ചുകൊടുക്കുന്നത്. അറഫയിൽ വെച്ച് തെറ്റുകൾ മുഴുവൻ ഏറ്റുപറയുമ്പോൾ ഹാജിക്കും അല്ലാഹുവിനുമിടയിൽ ഒരു ഇടയാളനുമില്ല. 
ഒരു കുമ്പസാരക്കൂടുമില്ല. പൗരോഹിത്യങ്ങളുടെ പ്രാതിനിധ്യമില്ല. എല്ലാം നേർക്കുനേരെ പറയുന്നു. കരയുന്ന കണ്ണുകളാലെ, വിറയാർന്ന ചുണ്ടുകളാലെ, തപിക്കുന്ന മനസ്സുകളാലെ അവർ സംസാരിക്കുന്നത് അവരെ സൃഷ്ടിച്ച, ജീവിത സൗകര്യം നൽകിയ, സദാ അവർക്കാവശ്യമായ അനുഗ്രഹങ്ങൾ ഒരുക്കിയ, മരണശേഷം അവരുടെ പ്രവർത്തനങ്ങളുടെ തുലാസുകൾ തിട്ടപ്പെടുത്തി രക്ഷാശിക്ഷകൾ നിശ്ചയിക്കുന്ന സാക്ഷാൽ ഏകദൈവത്തോടാണ്. 
അവനോട് നേരിട്ട് പറയാൻ ആരുടേയും സഹായമില്ല. നിങ്ങളെന്നോട് ചോദിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം എന്നു പറഞ്ഞവനാണവൻ. ഞാൻ മനുഷ്യന്റെ കണ്ഠനാഡിയെക്കാൾ സമീപസ്ഥനാണെന്ന് അറിയിച്ചവനാണവൻ.  ഞാൻ നിങ്ങളോട് ഏറ്റവും സമീപസ്ഥനാണെന്ന് പ്രഖ്യാപിച്ചവനാണവൻ. 
അല്ലാഹുവിനെ സ്മരിക്കുവാനുള്ള പരിശീലമായി ഹജിനെ കാണുന്ന ഒരു ഹാജി ഹജാനന്തര ജീവിതത്തിലും അല്ലാഹുവിനെ സദാ സ്മരിച്ചുകൊണ്ടിരിക്കും. മിനായിലെ നാളുകളിൽ ഹാജിമാർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഖുർആൻ പറഞ്ഞത് ഇങ്ങനെയാണ്: 'നിങ്ങളുടെ പിതാക്കളെ നിങ്ങൾ പ്രകീർത്തിച്ചിരുന്നത് പോലെയോ അതിനെക്കാൾ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങൾ പ്രകീർത്തിക്കുക.' (2:200). അല്ലാഹുവിനെ കുറിച്ചുള്ള സ്മരണകൾ ജീവിതത്തിൽ ഉടനീളം ഉണ്ടാവണമെന്ന് പറയുന്ന കൂട്ടത്തിൽ തന്നെ ഇഹലോകത്തിന്റെ നശ്വരതയെ കുറിച്ചും പരലോകത്തിന്റെ മഹത്വത്തെ കുറിച്ചും ഹാജി ഓർക്കേണ്ടതുണ്ടെന്നും ഖുർആൻ സൂചിപ്പിക്കുന്നുണ്ട്. 'മനുഷ്യരിൽ ചിലർ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങൾക്ക് നീ അനുഗ്രഹം നൽകേണമേ എന്ന്. എന്നാൽ പരലോകത്ത് അത്തരക്കാർക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല. മറ്റു ചിലർ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്.' (2:201). 
പാപങ്ങളേറെ ചെയ്താലും പൊറുക്കുന്ന നാഥനാണ് അല്ലാഹു. തെറ്റുകൾ കൂമ്പാരമാണെങ്കിൽ പോലും അവ നിഷ്‌കളങ്കമായി ഏറ്റുപറയുകയും ആവർത്തിക്കാതിരിക്കുകയുമാണെങ്കിൽ അവൻ പൊറുത്തുതരാതിരിക്കില്ല. അവൻ പറയുന്നു: 'പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച് പോയ എൻറെ ദാസൻമാരേ, അല്ലാഹുവിൻറെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.' (39:53). സൽകർമ്മങ്ങൾ വർധിപ്പിക്കുകയും ദുഷ്‌കർമ്മങ്ങളിൽ നിന്നും മാറി നിൽക്കുകയും ചെയ്യുക എന്നതാണ് അല്ലാഹു മനുഷ്യരോട് ആവശ്യപ്പെടുന്നത്. സൽകർമ്മങ്ങൾ ദുഷ്‌കർമ്മങ്ങളെ മായ്ച്ചു കളയുമെന്നും ഖുർആൻ പറയുന്നുണ്ട്. (11:114). അല്ലാഹു നൽകുന്ന അനുഗ്രഹങ്ങൾ അനുവദനീയമായ രൂപത്തിൽ ഉപയോഗിക്കുകയും അവനോട് സദാ നന്ദി കാണിക്കുകയും ചെയ്യണമെന്നാണ് ഖുർആൻ ഉദ്‌ബോധിപ്പിക്കുന്നത്. അത്തരമൊരു നാടിനെ കുറിച്ച് ഖുർആൻ പറഞ്ഞത് 'നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും' (34:15) എന്നാണ്. 
ഹജിന് നിയ്യത്ത് വെക്കുന്നതോടുകൂടി തന്നെ ദുർവൃത്തികളിൽ നിന്നും വഴക്കുകളിൽ നിന്നും മാറി നിൽക്കണമെന്ന് ഖുർആൻ പറയുന്നുണ്ട്. ജീവിതവിശുദ്ധിയിലേക്കുള്ള പരിശീലനത്തിന്റെ കളരിയാണ് ഹജ് എന്നാണ് അത് സൂചിപ്പിക്കുന്നത്. മനുഷ്യന്റെ നിത്യജീവിതത്തിൽ അവരുടെ ഭാവി നിശ്ചയിക്കുന്നതിൽ സുപ്രധാനമായ പങ്കു വഹിക്കുന്നത് അയാളുടെ ഇടപാടുകളും ക്രയവിക്രയങ്ങളുമാണ്. വിശ്വാസങ്ങളിലും കർമ്മങ്ങളിലും മാത്രം വിശുദ്ധിയുണ്ടായാൽ പോരാ, സാമ്പത്തികവും സാംസ്‌കാരികവുമായ കാര്യങ്ങളിലും വിശുദ്ധി നിർബന്ധമാണ്.  
'അൽഹജുൽ മബ്‌റൂർ ലെയ്‌സ ലഹു ജസാഉൻ ഇല്ലൽ ജന്ന' എന്ന പ്രസിദ്ധമായ പ്രവാചക വചനം പഠിപ്പിക്കുന്നത് മബ്‌റൂറായ (പുണ്യം നിറഞ്ഞ) ഹജിന്റെ പ്രതിഫലം സ്വർഗ്ഗമല്ലാതെ മറ്റൊന്നുമല്ല എന്നാണ്. എന്താണ് ബിർറ് (പുണ്യം) എന്നു ഖുർആൻ പഠിപ്പിക്കുന്നുണ്ട്. 'നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം, എന്നാൽ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകൻമാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കൾക്കും, അനാഥകൾക്കും, അഗതികൾക്കും, വഴിപോക്കനും, ചോദിച്ചു വരുന്നവർക്കും, അടിമമോചനത്തിനും നൽകുകയും, നമസ്‌കാരം മുറപ്രകാരം നിർവഹിക്കുകയും, സകാത്ത് നൽകുകയും, കരാറിൽ ഏർപെട്ടാൽ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, പ്രയാസങ്ങളിലും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാൻമാർ. അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു തഖ്‌വയുള്ളവർ.' (2:177). 
പുണ്യങ്ങൾ അക്ഷരങ്ങളിലല്ല, ആശയങ്ങളിലുമല്ല, മറിച്ച് പ്രവർത്തനങ്ങളിൽ തന്നെയാണ് നിറഞ്ഞുനിൽക്കേണ്ടത്. അല്ലാഹുവിനെ സദാ സ്മരിക്കുന്ന നന്മ നിറഞ്ഞ മനസ്സുണ്ടാവുക, അങ്ങനെയുള്ള മനസ്സിന്റെ പ്രതിബിംബമായി ശരീരത്തെ സജ്ജമാക്കുക. ഇതാണ് ഹാജിമാർ സൂക്ഷിച്ചുവെക്കേണ്ട ഹജിന്റെ പൊരുൾ.

Latest News