- തീർഥാടകരുടെ പരാതികൾ ഞായറാഴ്ച മുതൽ സ്വീകരിക്കും- ഹജ് ഉംറ മന്ത്രാലയം
മക്ക - ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരായ ഹാജിമാരുടെ പരാതികൾ ഞായറാഴ്ച മുതൽ സ്വീകരിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്- ഉംറ മന്ത്രാലയ, ആഭ്യന്തര മന്ത്രാലയ, വാണിജ്യ മന്ത്രാലയ പ്രതിനിധികൾ അടങ്ങിയ പ്രത്യേക കമ്മിറ്റി പരാതികൾ പരിശോധിച്ച് നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തുന്ന സർവീസ് കമ്പനികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.
ഹജ് ദിവസങ്ങളിൽ തീർഥാടകരിൽനിന്ന് ലഭിച്ച പരാതികളിൽ ഹജ്, ഉംറ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും തൽക്ഷണം പരിഹാരം കണ്ടിരുന്നു. കരാർ പ്രകാരമുള്ള സേവനങ്ങൾ ലഭിക്കാതിരിക്കൽ അടക്കം ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും എതിരായ ഹാജിമാരുടെ പരാതികളാണ് ഹജ് സീസൺ പൂർത്തിയായ ശേഷം ദുൽഹജ് 15 ഞായറാഴ്ച മുതൽ ഹജ്, ഉംറ മന്ത്രാലയം സ്വീകരിക്കുക.
അതേസമയം, ഈ വർഷം 58,518 പേർ ഹജ് നിർവഹിച്ചതായി മക്ക റോയൽ കമ്മീഷൻ അറിയിച്ചു. ഇക്കൂട്ടത്തിൽ 25,702 പേർ വനിതകളും 32,816 പേർ പുരുഷന്മാരുമാണ്. ഹജ് തീർഥാടകരിൽ 33,000 ത്തിലേറെ പേർ സ്വദേശികളാണ്. ഇക്കൂട്ടത്തിൽ 16,753 പേർ പുരുഷന്മാരും അവശേഷിക്കുന്നവർ വനിതകളുമാണ്. കാൽ ലക്ഷത്തിലേറെ വിദേശികളും ഹജ് കർമം നിർവഹിച്ചു. 150 രാജ്യങ്ങളിൽ നിന്നുള്ള 60,000 ത്തോളം പേരെയാണ് ഇ-ട്രാക്ക് വഴി ഹജ്, ഉംറ മന്ത്രാലയം ഹജിന് തെരഞ്ഞെടുത്തിരുന്നത്.
ഹജ് തീർഥാടകരെ നാലു വിഭാഗമായാണ് തിരിച്ചിരുന്നത്. ഇതിൽ 16,900 പേർ ചുവപ്പ് വിഭാഗത്തിലും 20,000 ത്തിലേറെ പേർ പച്ച വിഭാഗത്തിലും 12,476 പേർ നീല വിഭാഗത്തിലും 9,000 ത്തിലേറെ പേർ മഞ്ഞ വിഭാഗത്തിലുമായിരുന്നു. മിനായിലും അറഫയിലും മുസ്ദലിഫയിലും 71 തമ്പുകൾ വീതം ആകെ 213 തമ്പുകളിലാണ് ഹജ് തീർഥാടകർക്ക് താമസ സൗകര്യം നൽകിയത്. മിനായിലെ ബഹുനില ടവറുകളിലെ 848 മുറികളും ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയതായി മക്ക റോയൽ കമ്മീഷൻ അറിയിച്ചു.