Sorry, you need to enable JavaScript to visit this website.

നീറ്റ് പ്രവേശന പരീക്ഷ:  സുപ്രധാന വിവരങ്ങൾ 

ഇന്ത്യയിലെ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായി നിശ്ചയിക്കപ്പെട്ട സുപ്രധാന പ്രവേശന പരീക്ഷയായ നീറ്റിനു (യുജി)  ഓഗസ്റ്റ് ആറിനകം അപേക്ഷിക്കണം. സെപ്റ്റംബർ പന്ത്രണ്ടിനാണ് പരീക്ഷ. ഇന്ത്യക്ക് പുറത്ത് കുവൈത്തിൽ പരീക്ഷാ കേന്ദ്രമുണ്ട് എന്നത് സവിശേഷതയാണ്.  ആവശ്യമെങ്കിൽ മലയാളമടക്കം 13  ഭാഷകളിൽ ചോദ്യപേപ്പറുകൾ ലഭിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ:

 

ഇന്ത്യയിലെ  എം.ബി.ബി.എസ്, ബി.ഡി.എസ് (ഡെന്റൽ), ബി.എ.എം.എസ് (ആയുർവേദ), ബി.എച്ച്.എം.എസ് (ഹോമിയോ), ബി.യു.എം.എസ് (യുനാനി), ബി.എസ്.എം.എസ് (സിദ്ധ) എന്നീ മെഡിക്കൽ ബിരുദ കോഴ്‌സുകളിലെ പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കൂടാതെ കേരളത്തിലെ മെഡിക്കൽ അലൈഡ് പ്രോഗ്രാമുകളായ ബി.എസ്‌സി (ഹോണേഴ്‌സ്) അഗ്രിക്കൾച്ചർ, ബി.എസ്‌സി (ഹോണേഴ്‌സ്) ഫോറസ്ട്രി, ബി.എസ്‌സി (ഹോണേഴ്‌സ്) കോഓപറേഷൻ ആൻഡ് ബാങ്കിംഗ്, ബി.എസ്‌സി  (ഹോണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.എസ്‌സി (ഹോണേഴ്‌സ്), കോഓപറേഷൻ ആൻഡ് ബാങ്കിംഗ്, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബി.ടെക് ബയോടെക്‌നോളജി, ബാച്ചിലർ ഇൻ വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി, ബാച്ചിലർ ഇൻ ഫിഷറീസ് എന്നിവയുടെ പ്രവേശനത്തിനും നീറ്റ് ഒരു പ്രധാന മാനദണ്ഡമാണ്.

 

എം.സി.സി (മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി), ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിംഗ് കമ്മിറ്റി, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ എന്നിവ ദേശീയ തലത്തിൽ നടത്തുന്ന കൗൺസലിംഗ്, എ.ഐ.ഐ.എം.എസ്, ജിപ്‌മെർ, ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജ്, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, കസ്തുർബാ മെഡിക്കൽ കോളേജ് മണിപ്പാൽ, മറ്റു സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലെയും സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് മാനദണ്ഡമാണ്. ജിപ്‌മെറിലെ ബി.എസ്‌സി നഴ്‌സിംഗ്, അലൈഡ് ഹെൽത്ത് സയൻസ്, രാജകുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്‌സിംഗ് ന്യൂദൽഹി, ബനാറസ് ഹിന്ദു സർവകലാശാല എന്നിവിടങ്ങളിലെ ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനം എന്നിവ നീറ്റ് അടിസ്ഥാനത്തിലാണ്.

ഇന്ത്യക്ക് പുറത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർ ആണെങ്കിലും നീറ്റ് പരീക്ഷ എഴുതി 50 പെർസെന്റയിൽ മാർക്ക് വാങ്ങി യോഗ്യത നേടണം. 50 പെർസെന്റയിൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മൊത്തം പരീക്ഷ എഴുതിയ കുട്ടികളിൽ 50 ശതമാനം കുട്ടികൾക്കും ലഭിക്കുന്ന മാർക്കിനേക്കാൾ കൂടുതൽ ലഭിക്കണമെന്നാണ്. ഇത് എത്ര മാർക്കാണ് വരിക എന്ന് മുൻകൂട്ടി പറയാനാവില്ല. കഴിഞ്ഞ തവണ വന്നത് 720 ൽ 147 ആയിരുന്നു.

കേരളത്തിലെ KEAM പരീക്ഷക്ക്  രജിസ്റ്റർ ചെയ്യാത്തവർക്ക് കേരള പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശനം വഴി കേരളത്തിൽ പ്രവേശനം നേടാനാവില്ല.

  https://neet.nta.nic.in/ എന്ന വെബ്‌സൈറ്റ് വഴിയാണ്  ഓണലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി വെബ്‌സൈറ്റിൽ ലഭ്യമായ ഇൻഫർമേഷൻ ബുള്ളറ്റിൻ കൃത്യമായി വായിച്ച് മനസ്സിലാക്കണം

2004 ഡിസംബർ 31 നു മുമ്പ് ജനിച്ചവർ ആയിരിക്കണം.

ഫിസിക്‌സ്/ കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ +2 തലത്തിൽ നിർബന്ധമായും പഠിച്ചിരിക്കണം.

ഒരാൾ  ഒരപേക്ഷ മാത്രമേ സമർപ്പിക്കാവൂ. ഒന്നിലധികം അപേക്ഷ സമർപ്പിക്കുന്നവരുടെ അപേക്ഷ നിരസിക്കപ്പെടും.

 സ്വന്തമായി ഉപയോഗിക്കുന്നതോ രക്ഷിതാക്കളുടെയോ മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നിവ മാത്രമേ നൽകാവൂ.  

പാസ്‌പോർട്ട് സൈസ്, പോസ്റ്റ്കാർഡ് സൈസ്  ഫോട്ടോ, ഇടതു കൈ തള്ളവിരലിന്റെ അടയാളം, ഒപ്പ്  എന്നിവ അപ്‌ലോഡ് ചെയ്യണം.

പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (6-8 എണ്ണം)    പോസ്റ്റ്കാർഡ് സൈസ് ഫോട്ടോകൾ (4-6 എണ്ണം)  എന്നിവ പ്രവേശന  തുടർനടപടികൾക്കായി സൂക്ഷിക്കണം.

പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, അർഹതക്ക് അനുസരിച്ച് എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ല്യൂ.എസ്/ എൻ.ആർ.ഐ സർട്ടിഫിക്കറ്റ്   തുടങ്ങിയവ രണ്ടാമത്തെ ഘട്ടത്തിൽ അപ്‌ലോഡ് ചെയ്യണം (ഫലപ്രഖ്യാപനത്തിനു/സ്‌കോർ കാർഡ് ഡൗൺലോഡിംഗിനു മുമ്പ്) ഇക്കാര്യത്തിലുള്ള വിശദാംശങ്ങൾ നീറ്റ് പോർട്ടലിൽ പ്രസിദ്ധീകരിക്കും.

ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിങ്ങനെ ഓരോ വിഷയവും രണ്ട് സെക്ഷനുകളിലായാണ് പരീക്ഷ നടക്കുക. സെക്ഷൻ എയിൽ 35 ചോദ്യങ്ങളും സെക്ഷൻ ബിയിൽ 15 ചോദ്യങ്ങളുമാണ് ഉണ്ടാവുക. പേനയും പേപ്പറും അടിസ്ഥാനമാക്കിയുള്ള മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണ് നടക്കുന്നത്.

പ്രോസ്‌പെക്ടസിൽ നൽകിയ സെന്ററുകളിൽ നിന്ന് നാല് സെന്ററുകൾ തെരഞ്ഞെടുക്കണം.

പരീക്ഷയുടെ മൂന്ന് ദിവസം മുമ്പായി എൻ.ടി.എ വെബ്‌സൈറ്റിൽനിന്ന്  ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

എൻ.ടി.എ വെബ്‌സൈറ്റ്, ഇമെയിൽ, എസ്.എം.എസ് എന്നിവ പുതിയ അപ്‌ഡേറ്റുകൾക്കായി പതിവായി പരിശോധിക്കണം.

അപേക്ഷ സമർപ്പിച്ചതിന്റെ കൺഫമേഷൻ പേജിന്റെ ഹാർഡ് കോപ്പി എൻ.ടി.എയിലേക്ക് അയക്കേണ്ടതില്ലെങ്കിലും കൺഫമേഷൻ പേജിന്റെയും ഫീസ് അടച്ച രേഖയുടെയും നാല് കോപ്പി എങ്കിലും കൈയിൽ സൂക്ഷിക്കണം.

 

ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി 

കേൾവി, സംസാര രംഗത്ത് പ്രയാസപ്പെടുന്നവരെ കൈപിടിച്ച് മുന്നോട്ട് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള  പഠന ശാഖയാണ് ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി. ആശയ വിനിമയ ശേഷി കുറഞ്ഞവരെ സഹായിക്കാൻ  ഇൻസ്ട്രക്ടർമാരെ പര്യാപ്തമാക്കുന്നവയാണ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി പ്രോഗ്രാം. കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളിലെ ബിരുദ കോഴ്‌സുകൾ അടക്കം  നിരവധി കേന്ദ്രങ്ങളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട പഠനാവസരങ്ങളുണ്ട്. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി എന്ന വിഷയത്തിൽ ബാച്ചിലർ ബിരുദ കോഴ്‌സ്  പഠിപ്പിക്കപ്പെടുന്ന രണ്ട് സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഈ കോഴ്‌സ് ഫലപ്രദമായി പൂർത്തിയാക്കുന്നവർക്ക്  ആശുപത്രികളിലെ ഇ.എൻ.ടി, പീഡിയാട്രിക്‌സ്, ന്യൂറോളജി, റീഹാബിലിറ്റേഷൻ  സെന്റർ, പ്ലാസ്റ്റിക് സർജറി, പ്രിവന്റീവ് മെഡിസിൻ എന്നീ വിഭാഗങ്ങൾ, സ്പീച്ച് ആൻഡ് ഹിയറിങ് സെന്റർ, ശ്രവണ സഹായ ഉപകാരണങ്ങളുടെ നിർമാണ മേഖല, സെറിബൽ പാൾസി, ശ്രവണ സംസാര വൈകല്യം എന്നിവയുള്ള  കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളുകൾ,  ചൈൽഡ് ഗൈഡൻസ് സെന്റർ, റിസർച്ച് സെന്റർ എന്നിവിടങ്ങളിൽ തൊഴിൽ സാധ്യതകൾ ഉണ്ട്. രണ്ട് സ്ഥാപനങ്ങളിലെയും കോഴ്‌സ് സംബന്ധമായ  പ്രധാന വിവരങ്ങൾ ചുവടെ 

 

ആൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (AIISH).

ഇതിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്  കീഴിൽ മൈസൂരിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്. ഡിപ്ലോമ, ബിരുദ, ബിരുദാനന്തര, ഗവേഷണ തലങ്ങളിലായി 19 പ്രോഗ്രാമുകൾ ആണ് AIISH നടത്തുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി നിരവധി വിദ്യാർഥികളെ ആകർഷിക്കുന്ന ഈ സ്ഥാപനം ഏഷ്യയിൽ തന്നെ വ്യതിരിക്തമായ സ്വഭാവമുള്ളതാണ്. 

AIISH നടത്തുന്ന ശ്രദ്ധേയമായ ബിരുദ പ്രോഗ്രാമാണ് ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി. 6 സെമസ്റ്റർ  പഠനവും ഒരു വർഷത്തെ ഇന്റേൺഷിപ്പും അടക്കം 4 വർഷമാണ് കോഴ്‌സ് ദൈർഘ്യം. ആകെ 68 സീറ്റുകളാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി  എന്നിവയോടൊപ്പം ബയോളജി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടർ സയൻസ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇലക്ട്രോണിക്‌സ് എന്നിവയിൽ ഏതെങ്കിലും പഠിച്ചവർക്ക് പ്രവേശനം തേടാവുന്നതാണ്. ദേശീയ തലത്തിൽ നടത്തുന്ന എൻട്രൻസ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഫിസിക്‌സ്, കെമിസ്ട്രി എന്നിവ നിർബന്ധിത വിഷയങ്ങളായും  ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്‌സ് എന്നിവ ഓപ്ഷനൽ വിഷയങ്ങളായും ഉള്ള പരീക്ഷയാണ് ഉണ്ടാവുക. പ്രവേശനം നേടുന്ന കുട്ടികൾക്ക് ആദ്യ മൂന്ന് വർഷങ്ങളിൽ പ്രതിമാസം 800 രൂപ നിരക്കിൽ (വർഷത്തിൽ 10 മാസം) ഇന്റേൺഷിപ് കാലഘട്ടത്തിൽ 5000 - 6000 രൂപ നിരക്കിലും സ്‌റ്റൈപ്പന്റ് ലഭിക്കുന്നതാണ്. 13,000 രൂപക്കടുത്ത് പ്രതിവർഷ ഫീസ് ഉണ്ടാവും. ഹോസ്റ്റൽ, ഭക്ഷണ ചെലവുകൾ പുറമെ വരും.

കോഴിക്കോട്, തൃശൂർ എന്നിവ കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളാണ്. കംപ്യൂട്ടർ ബേസ്ഡ് പ്ലാറ്റ്‌ഫോമിൽ നടക്കുന്ന പ്രവേശന പരീക്ഷ മൾട്ടിപ്പിൾ ചോയ്‌സ് സ്വഭാവത്തിലുള്ളതാണ്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 150  ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ല. www.aiishmysore.in എന്ന വെബ്‌സൈറ്റ് വഴി ജൂലൈ 31 നകം അപേക്ഷ സമർപ്പിക്കണം.

അലിയാവർജങ് നാഷനൽ  ഇൻസ്റ്റിറ്റിയൂട്ട്, മുംബൈ (AYJNISHD (D))

കേന്ദ്ര സർക്കാരിന്റെ ദിവ്യാംഗജൻ  വകുപ്പിന് കീഴിൽ (Department of Empowerment of Persons with Disabilities) പ്രവർത്തിക്കുന്ന   അലിയാവർജങ് നാഷനൽ  ഇൻസ്റ്റിറ്റിയൂട്ട് ശ്രദ്ധേയമായ സ്ഥാപനമാണ്. ഇതിന്റെ പ്രാദേശിക കേന്ദ്രങ്ങൾ സെക്കന്തരാബാദ്, കൊൽക്കത്ത, നോയ്ഡ, ഒഡീഷ എന്നിവിടങ്ങളിൽ ഉണ്ട്. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി.ജി, ഗവേഷണ തലങ്ങളിലായി നിരവധി പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്. വിവിധ കേന്ദ്രങ്ങളിൽ  നടത്തുന്ന ബി.എ.എസ്.എൽ.പി കോഴ്‌സിന് എൻട്രൻസ് വഴിയാണ് പ്രവേശനം. തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്. 16,500 രൂപയോളം വാർഷിക ഫീസ് വരും. ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും മാത്തമാറ്റിക്‌സ്/ ബയോളജി/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഇലട്രോണിക്‌സ്/സൈക്കോളജി എന്നിവയിൽ ഏതെങ്കിലും ഒരു വിഷയവും പഠിച്ച് പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. https://www.ayjnihh.nic.in/ എന്ന വെബ്‌സൈറ്റ് വഴി ജൂലൈ 31 നകം ഓൺലൈനായി അപേക്ഷിക്കണം.

 

പഞ്ചവർഷ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി 

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ  സർക്കാർ ലോ കോളേജുകളിലും  സർക്കാരുമായി സീറ്റ് പങ്കിടുന്ന മറ്റു  സ്വാശ്രയ കോളേജുകളിലും  നടത്തുന്ന അഞ്ച് വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 45 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്കും ഇപ്പോൾ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കോഴ്‌സിന്റെയും പ്രവേശന രീതിയുടെയും വിശദ വിവരങ്ങൾhttps://cee.kerala.gov.in/ എന്ന വെബ്‌സൈറ്റിലുള്ള പ്രോസ്‌പെക്ടസിൽ ലഭ്യമാണ്. ജൂലൈ 28 വരെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷയുടെ തീയതി, സമയം എന്നിവ പിന്നീട് അറിയിക്കുന്നതാണ്.

Latest News