Sorry, you need to enable JavaScript to visit this website.

രണ്ടര കിലോമീറ്ററിലധികം മീനച്ചിലാറ്റിലൂടെ ഒഴുകി നടന്നു,  കോട്ടയത്ത് വയോധികയ്ക്ക് ജീവന്‍ തിരികെ കിട്ടി 

കോട്ടയം- ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലൂടെ മീനച്ചിലാറിന്റെ മധ്യത്തിലൂടെ രണ്ടര കിലോമീറ്ററിലധികം ഒഴുകിയെത്തിയ വയോധികയ്ക്ക് പുനര്‍ജന്മം. കുത്തിയൊഴുകുന്ന മീനച്ചിലാറില്‍ രണ്ടു കിലോമീറ്റലധികം ഒഴുകി തണുത്തുവിറങ്ങലിച്ച വയോധികയെ 'ദൈവത്തിന്റെ കൈകള്‍' എന്ന് പറയാവുന്ന അഞ്ചുപേരാണ് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്. മിമിക്രി കലാകാരന്‍ ഷാല്‍ കോട്ടയവും അമ്മ ലാലിയും സുഹൃത്തുക്കളുമാണ് കറുകച്ചാല്‍ സ്വദേശിനിയായ രാജമ്മയെ(82) രക്ഷിച്ചത്.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചോറുണ്ടുകൊണ്ടിരിക്കുമ്പോഴാണ് മാലിക്കാട്ടുമാലില്‍ സൗമ്യ, ചുങ്കം പാലത്തിനുസമീപം ആറ്റിലൂടെ ഒരാള്‍ ഒഴുകിവരുന്നുവെന്നുപറഞ്ഞ് ഓടിയെത്തിയതെന്ന് 38കാരനായ ഇടയാഞ്ഞിലിമാലില്‍ ഷാല്‍ കോട്ടയം പറയുന്നു. കേട്ടയുടനെ വെള്ളത്തിലേക്ക് ചാടി. അമ്മ ലാലിയും ഒപ്പമുണ്ടായിരുന്നു. വയോധികയ്ക്കടുത്തേക്ക് നീന്തിയെത്തിയപ്പോഴേക്കും, മാലിക്കാട്ടുമാലി മനോഹരനും മാങ്ങാപ്പള്ളിമാലിയില്‍ വിപിനും ധനേഷും കരയില്‍നിന്ന് വള്ളവുമായി അടുത്തെത്തി.
സാരി ധരിച്ചശേഷം അതിനുപുറത്ത് അവര്‍ നൈറ്റിയും ധരിച്ചിരുന്നു. അവര്‍ അബോധാവസ്ഥയിലായിരുന്നു. വള്ളത്തില്‍ കയറ്റിയാല്‍ വള്ളം മറിയുമെന്ന സാഹചര്യമുണ്ടായിരുന്നതിനാല്‍, വള്ളത്തില്‍ പിടിച്ചശേഷം പതിയെ വയോധികയെ കരയിലേക്കടുപ്പിച്ചു. വീടിന്റെ തിണ്ണയില്‍ കിടത്തി. എല്ലാവരുംചേര്‍ന്ന് കാലുകള്‍ തിരുമ്മി. ഇതിനിടെ അവര്‍ ഛര്‍ദിച്ചു.
മള്ളൂശ്ശേരി രക്തദാനസേനാ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് ജോണിനെ വിവരമറിയിച്ചു. അദ്ദേഹവും എത്തി. തുടര്‍ന്ന്, അഗ്‌നിരക്ഷാസേന ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ഷാല്‍ പറയുന്നു. വെള്ളത്തിലൂടെ കിലോമീറ്ററുകള്‍ ഒഴുകിയെത്തിയതിനാല്‍, ഇവര്‍ക്ക് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇവരുടെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. നിമിഷങ്ങള്‍ക്കകം, രക്ഷപ്പെടുത്തിയത് കറുകച്ചാല്‍ സ്വദേശിനിയെയാണെന്ന് കണ്ടെത്തി. നാഗമ്പടം പള്ളിയില്‍ വന്ന വയോധിക പുഴയില്‍ മുഖം കഴുകാന്‍ ഇറങ്ങവേ ഒഴുക്കില്‍പ്പെട്ടുവെന്നാണ് പ്രാഥമികനിഗമനം.
 

Latest News