ന്യൂദൽഹി- പാർലമെന്റിന്റെ ഇരു സഭകളെയും ഇളക്കിമറിച്ച് മൂന്നാം ദിവസവും പെഗാസസ് വിവാദം. പ്രതിപക്ഷ എം.പിമാരുടെ ബഹളത്തിൽ രാജ്യസഭയിൽ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി ണവിന്റെ പ്രസംഗം തടസ്സപ്പെട്ടു. മന്ത്രിയുടെ കയ്യിൽനിന്ന് പ്രസംഗമെഴുതിയ കടലാസ് തൃണമൂൽ എം.പി ശന്തനു സെൻ തട്ടിപ്പറിച്ച് സഭാ അധ്യക്ഷന്റെ നേർക്ക് എറിഞ്ഞു.
പെഗാസസ് വിഷയത്തിൽ എം.പിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി ബഹളംവെച്ചതോടെ രണ്ടുതവണ ഇരു സഭകളും നിർത്തിവെച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യാൻ അംഗങ്ങൾക്ക് താൽപര്യമില്ലെന്നാണ് സഭയിലെ തർക്കങ്ങൾ കാണിക്കുന്നതെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. ബഹളത്തെ തുടർന്ന് സഭ നാളത്തേക്ക് പിരിഞ്ഞു.
കാർഷിക നിയമങ്ങൾക്കെതിരേ കോൺഗ്രസ്, അകാലിദൾ എംപിമാർ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. പെഗാസസ് വിഷയമുയർത്തി തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ സ്പീക്കറുടെ പോഡിയത്തിന് സമീപം തടിച്ചുകൂടി പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ദൈനിക് ഭാസ്‌കർ പത്രത്തിന്റെ ഓഫീസുകളിൽ നടക്കുന്ന ആരോഗ്യ നികുതി പരിശോധന സംബന്ധിച്ച വിഷയവും കോൺഗ്രസ് സഭയിൽ ഉന്നയിച്ചു. കോൺഗ്രസ് എം.പി ദിഗ്വിജയ് സിങ് ആണ് സഭ ചേർന്ന ഉടൻതന്നെ വിഷയം ഉന്നയിച്ചത്.