ദിബ്രുഗർ- അസമിൽ മലയാളിയായ സ്‌കൂൾ പ്രിൻസിപ്പലിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് സഹ അധ്യാപകർ അറസ്‌റ്റിൽ. ഉദ്‌മരി ജവഹർ നവോദയ സ്‌കൂൾ പ്രിൻസിപ്പല്‍ പി രാജേഷിന് നേരെയാണ് സ്കൂള്‍ കോമ്പൗണ്ടിനകത്ത് ആക്രമണം ഉണ്ടായത്.
അധ്യാപകരായ കലൂറാം മീണ, മദൻലാൽ ഗുപ്‌ത, നവ്‌നീത് കുമാർ, മാനവേന്ദ്ര ഗോസ്വാമി എന്നിവരാണ് അറസ്‌റ്റിലായത്.
കഴിഞ്ഞ 18 നാണ് സംഭവം. സദാചാര പോലീസ് ചമഞ്ഞുള്ള ആക്രമണമായിരുന്നുവെന്ന് ദരങ് എസ്.പി സുശാന്ത് ബിശ്വ ശർമ പറഞ്ഞു. മർദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അസമിലെ വിവിധ സ്ഥലങ്ങളില്‍ സദാചാര പോലീസ് ചമഞ്ഞുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണെന്നും ശർമ പറഞ്ഞു. 2012 ൽ നവോദയ വിദ്യാലയ സമിതിയുടെ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ പി രാജേഷ് നേരത്തെ കാസർകോട് നവോദയ വിദ്യാലയത്തിലെ പ്രിൻസിപ്പലായിരുന്നു.






