ഇരിങ്ങാലക്കുട- വായ്പ- നിക്ഷേപ തട്ടിപ്പുകേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കാനിരിക്കെ, കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച പൊറത്തിശേരി പഞ്ചായത്ത് മുൻ അംഗം മരിച്ച നിലയിൽ.
തേലപ്പിള്ളി സ്വദേശി എം. മുകുന്ദൻ (59) ആണ് ജീവനൊടുക്കിയത്. വായ്പ തിരിച്ചടയ്ക്കണമെന്നു കാണിച്ചു കഴിഞ്ഞ ദിവസം ഇദ്ദേഹത്തിനു ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. വായ്പ ഇനത്തിൽ 80 ലക്ഷം രൂപയോളം തിരിച്ചടയ്ക്കാൻ ഉണ്ടായിരുന്നതായി പറയുന്നു. ലോക്ക്ഡൗൺ സമയത്ത് ജപ്തിനോട്ടീസ് അയച്ചത് വിവാദമായിട്ടുണ്ട്.
16 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തിയാണ് വായ്പ എടുത്തിരുന്നത്. തിരിച്ചടവിനു നോട്ടീസ് ലഭിച്ചതോടെ ഇദ്ദേഹം മനോവിഷമത്തിലായിരുന്നുവെന്നു പറയുന്നു.
ബാങ്ക് കേന്ദ്രീകരിച്ച് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റിനു വിവരം ലഭിച്ചു. ഇഡിയും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയിരിക്കുകയാണ്.
സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ സംസ്ഥാന സഹകരണ രജിസ്ട്രാർക്കു നൽകിയ രഹസ്യ റിപ്പോർട്ടിൽ ബാങ്കിൽ നടന്ന കോടികളുടെ വെട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.






