Sorry, you need to enable JavaScript to visit this website.

സുപ്രീം കോടതിയിൽ മഞ്ഞുരുക്കം, ചീഫ് ജസ്റ്റീസ് ജഡ്ജിമാരുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂദൽഹി- സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസിനെതിരെ നാലു ജഡ്ജിമാർ ഉയർത്തിയ കലാപം ഒത്തുതീർന്നതായി സൂചന. ജഡ്ജിമാര്‍ തമ്മില്‍ നടത്തിയ അനൌപചാരിക കൂടിക്കാഴ്ച്ചയിലാണ് മഞ്ഞുരക്കമായത്. രാവിലെ കോടതിയിലെത്തിയ ദീപക് മിശ്ര ചിരിച്ചുകൊണ്ടാണ് എത്തിയത്. അതേസമയം ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. ദീപക് മിശ്രക്കെതിരെ കലാപമുയർത്തിയ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗായ്, മദൻ ലാക്കൂർ, കുര്യൻ ജോസഫ് എന്നിവരും കോടതിയിലെത്തി. 
സുപ്രീം കോടതിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതായി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. രാവിലെ ജഡ്ജിമാർ തമ്മിൽ അനൗപചാരിക കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് മഞ്ഞുരുകിയത്. അതേസമയം, ഇന്നലെ രാവിലെ പത്തരക്ക് പ്രവർത്തനം തുടങ്ങേണ്ട കോടതി പതിനഞ്ചു മിനിറ്റ് വൈകിയാണ് തുടങ്ങിയത്. ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ കോടതി മാത്രമാണ് സമയത്ത് പ്രവർത്തനം തുടങ്ങിയത്. 

വിമർശനമുന്നയിച്ച ജഡ്ജിമാരുമായി ചർച്ചക്ക് തയ്യാറാണെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ചർച്ച നടത്തിയാലും ചീഫ് ജസ്റ്റീസ് നിലപാട് മാറ്റാതെ പ്രശ്‌നം പരിഹരിക്കില്ലെന്നാണ് ജഡ്ജിമാർ ആവർത്തിക്കുന്നത്. അതേസമയം, ഫുൾ കോർട്ട് ചേരാതെ പ്രശ്‌നം പരിഹരിക്കില്ലെന്നാണ് ജഡ്ജിമാർ പറയുന്നത്. 
വിഷയത്തിൽ അടിയന്തര പരിഹാരം കാണണം എന്നാവശ്യപ്പെട്ടു  സുപ്രീംകോടതി ബാർ  അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഏഴംഗ പ്രതിനിധി സംഘവും ഇന്നലെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തി. 
സുപ്രീംകോടതി ബാർ അസോസിയേഷൻ കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയം വികാസ് സിംഗ് ചീഫ് ജസ്റ്റീസിനു കൈമാറി. പൊതു താത്പര്യ ഹർജികളും സുപ്രധാന കേസുകൾ അഞ്ചു മുതിർന്ന ജഡ്ജിമാർ തന്നെ പരിഗണിക്കണമെന്നായിരുന്നു ബാർ അസോസിയേഷന്റെ പ്രമേയത്തിലെ പ്രധാന ആവശ്യം. ചീഫ് ജസ്റ്റീസിനെ കണ്ടു പ്രമേയം കൈമാറിയെന്നും വിഷയത്തിൽ എത്രയും പെട്ടെന്നു തന്നെ തീരുമാനമെടുക്കാമെന്നും ഉറപ്പു ലഭിച്ചതായി 15 മിനിറ്റു നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം വികാസ് സിംഗ് പറഞ്ഞു. അതിനു പുറമേ, സുപ്രീംകോടതിയിൽ കേസുകൾ വീതിച്ചു നിൽകുന്നതിൽ വിവേചനം കാണിക്കരുതെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ നിന്നും ഹൈക്കോടതികളിൽ നിന്നുമായി വിരമിച്ച നാലു ജഡ്ജിമാർ ചീഫ് ജസ്റ്റീസിന് ഇന്നലെ കത്തെഴുതിയിരുന്നു.
ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയും മറ്റു മുതിർന്ന ജഡ്ജിമാരുടെയും നേതൃത്വത്തിൽ സുപ്രീംകോടതി വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ഇന്നലെയും ഊർജിതമായ ശ്രമങ്ങൾ തുടർന്നു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾക്കു പുറമേ മുതിർന്ന ജഡ്ജിമാരായ എസ്.എ ബോബ്‌ഡേയും എൽ. നാഗേശ്വര റാവുവും ഇന്നലെ ജസ്റ്റീസ് ജെ. ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തി.     
    വിയോജിപ്പുകളിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി ചർച്ചയ്ക്കു തയാറാണെന്നു ജസ്റ്റീസ് ജെ. ചെലമേശ്വർ. വിഷയം സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല. തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ ചീഫ് ജസ്റ്റീസിന്റെ ഭാഗത്തു നിന്നും ഇതുവരെ വ്യക്തമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇനിയെന്തു വേണമെന്നു തന്നോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു ജഡ്ജിമാരോടും ആലോചിച്ചു തീരുമാനിക്കുമെന്നും ഇന്നലെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ബാർ കൗൺസിൽ പ്രതിനിധികളോട് ചെലമേശ്വർ പറഞ്ഞു. 
    ബാർ കൗൺസിൽ പ്രതിനിധികൾ ചർച്ച നടത്തിയതിനു പിന്നാലെ ജസ്റ്റീസുമാരായ എസ്.എ. ബോബ്‌ഡെ, നാഗേശ്വർ റാവു എന്നിവർ ചെലമേശ്വറിന്റെ വസതിയിലെത്തിയിരുന്നു. തുടർനടപടികൾ ചർച്ച ചെയ്യുന്നതിനാണ് ഇവരെത്തിയതെന്നാണു  വിവരം. ജസ്റ്റീസ് ബി.എച്ച് ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹർജി മുതിർന്ന ജഡ്ജിയുടെ ബെഞ്ചിന് വിട്ട് താത്ക്കാലിക പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണു നടന്നു വരുന്നത്.
    നിലവിൽ സുപ്രീംകോടതിയിൽ ഭരണഘടനാപരമായ പ്രതിസന്ധികൾ ഒന്നുമില്ലെന്നും മറ്റു വിഷയങ്ങൾ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്നുമാണു ജസ്റ്റീസ് ജെ. ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ മിശ്ര പറഞ്ഞത്. അത് ആഭ്യന്തര വിഷയമാണ്. ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയ്ക്കു പുറമേ കോ ചെയർമാൻ എസ് പ്രഭാകരൻ, അംഗങ്ങളായ വിജയ് ഭട്ട്, അപൂർബ കുമാർ ശർമ, പ്രതാപ് സി. മേത്ത, രമേഷ് ചന്ദ്ര ജി. ഷാ, ടി.എസ്. അജിത് എന്നിവർ ഉൾപ്പെട്ട സമിതിയാണു സുപ്രീംകോടതി ജജ്ഡിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാൻ സതീഷ്. എ. ദേശ്മുക് സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. ജസ്റ്റീസ് ചെലമേശ്വറിനു പുറമേ ഇദ്ദേഹത്തോടൊപ്പം പത്രസമ്മേളനം നടത്തിയ ജസ്റ്റീസുമാരായ രഞ്ജൻ ഗോഗോയ്, കുര്യൻ ജോസഫ്, മദൻ ബി. ലോക്കൂർ എന്നിവരുമായും ബാർ കൗൺസിൽ ഓഫ് ഇന്ത്യ കൂടിക്കാഴ്ച നടത്തുമെന്നു വ്യക്തമാക്കിയിരുന്നു.
    ഇതിനു പുറമേ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികൾ ഇന്നലെ ജസ്റ്റീസ് ആർ.കെ അഗർവാൾ ഉൾപ്പടെ മറ്റു ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം സുപ്രീംകോടതിയുടെ ആഭ്യന്തര വിഷയമാണെന്നും ജഡ്ജിമാർ തന്നെ ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും  ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസ്താവനയിലും ആവശ്യപ്പെട്ടു. രാഷ്ട്രീയ കക്ഷികളും നേതാക്കളും ജൂഡീഷ്യറിയെ വിമർശിക്കരുതെന്നും ഇതൊരു വലിയ വിഷയമാക്കിയെടുക്കരുതെന്നും അങ്ങനെ വന്നാൽ ജനാധിപത്യത്തെ സംരക്ഷിച്ചു നിർത്തുന്ന നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര്യം ദുർബലപ്പെടുമെന്നും ബിസിഐ ചൂണ്ടിക്കാട്ടി. ഭാവിയിൽ രാഷ്ട്രീയ കക്ഷികൾക്ക് മുതലെടുക്കാവുന്ന തരത്തിലും ജുഡീഷ്യറിയെ ദുർബലപ്പെടുത്തുന്ന വിധത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കണമെന്നും ബിസിഐ പറഞ്ഞു. 

പത്തു ദിവസത്തിനുള്ളിൽ സുപ്രീംകോടതി വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കിൽ രാജ്യത്തെ എല്ലാ ബാർ അസോസിയേഷനുകളെയും സംഘടിപ്പിച്ച് തെരുവിലിറങ്ങുമെന്ന് ഡൽഹി ബാർ അസോസിയേഷൻ മുന്നറിയിപ്പു നൽകി. ചീഫ് ജസ്റ്റീസിന്റെ നടപടികളിൽ വിയോജിപ്പു വ്യക്തമാക്കി നാലു സുപ്രീംകോടതി ജഡ്ജിമാർ പത്രസമ്മേളനം വിളിച്ച ദിവസം കരിദിനമാണ്. ചീഫ് ജസ്റ്റീസ് തന്നെ ഇക്കാര്യത്തിൽ പരിഹാരത്തിനായി മുൻകൈയെടുക്കണം. നാലു ജഡ്ജിമാരും ഉന്നയിച്ച വിഷയങ്ങളും വിമർശനങ്ങളും മുഖവിലയ്‌ക്കെടുത്ത പ്രശ്‌നപരിഹാരത്തിന് ചീഫ് ജസ്റ്റീസ് നടപടിയെടുക്കണമെന്ന് ഡൽഹിയിലെ ജില്ലാ കോടതികളുടെ സംയുക്ത കമ്മിറ്റിയും ആവശ്യപ്പെട്ടു. 
    അതിനിടെ, ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് ജൂനിയർ ജഡ്ജിമാരായ അരുൺ മിശ്രയും എം.എം. ശാന്തനഗൗഡറും ഇന്നു പരിഗണിക്കില്ല. ശാന്തനഗൗഡർ അവധിയെടുത്ത സാഹചര്യത്തിൽ സിറ്റിംഗ് മാറ്റിയെന്നാണ് സുപ്രീംകോടതി റജിസ്ട്രാർ പറയുന്നതെങ്കിലും പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാണിതെന്നാണു വിവരം. ഫുൾകോർട്ട് ചേർന്ന് തർക്കങ്ങൾ പരിഹരിക്കണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രമേയം പാസാക്കി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് കൈമാറിയിട്ടുണ്ട്.

Latest News