പെഗാസസ് കയറ്റുമതി നിര്‍ത്താന്‍ ഇസ്രായിലില്‍ സമ്മര്‍ദം

തെല്‍അവീവിനു സമീപം ഹെര്‍സ്‌ലിയയിലാണ് പെഗാസസിന്റെയും എന്‍.എസ്.ഒയുടെയും ആസ്ഥാനം.

ഒരു ഡസനിലേറെ രാഷ്ട്രത്തലവന്മാരെയും നൂറുകണക്കിനു മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട ചാരസാങ്കേതിക വിദ്യയുടെ കയറ്റുമതി നിര്‍ത്തിവെക്കാന്‍ ഇസ്രായലില്‍ സമ്മര്‍ദം. ദുരുപയോഗം തടയുന്നതിനുള്ള ചട്ടങ്ങളും വ്യവസ്ഥകളും നടപ്പിലാക്കുന്നതുവരെ നിരീക്ഷണ ടെക്‌നോളജി കയറ്റുമതിക്ക് ഉടന്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍.എസ്.എഫ്) ഇസ്രായില്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിനോട് ആവശ്യപ്പെട്ടു.
ഇസ്രായിലിന്റെ എന്‍.എസ്.ഒ ഗ്രൂപ്പ് നിരീക്ഷണത്തിനായി തെരഞ്ഞെടുത്ത 50,000 ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതിനു പിന്നാലെയാണ് പാരീസ് ആസ്ഥാനമായുള്ള ആര്‍.എസ്.ഫിന്റെ നേതാവ് ക്രിസ്റ്റോഫ് ഡെലോയര്‍ ഇസ്രായില്‍ സര്‍ക്കാരിനോട് ആവശ്യമുന്നിയിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ജോര്‍ദാനിലെ മുഹമ്മദ് ആറാമന്‍ രാജാവുമുള്‍പ്പെടെ 14 രാഷ്ട്രത്തലവന്മാരുടെ നമ്പറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഉപയോക്താക്കള്‍ അറിയാതെ തന്നെ മൊബൈല്‍ ഫോണുകളില്‍ കടന്നുകയാറാന്‍ ശേഷിയുള്ളതാണ് എന്‍.എസ്.ഒയുടെ സുപ്രധാന സാങ്കേതിക വിദ്യയായ പെഗാസസ്. ഉപയോക്താക്കളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുക മാത്രമല്ല, ഓരോ മെസേജുകള്‍ വായിക്കാനും ഫോണിലെ ക്യാമറയും മൈക്രോഫോണുകളും ഓണ്‍ ചെയ്യാനും പെഗാസസ് വഴി സാധിക്കും. 45 രാജ്യങ്ങളുമായി എന്‍.എസ്.ഒക്ക് കരാറുകളുണ്ട്. ഓരോ കരാറും ഇസ്രായില്‍ പ്രതിരോധ മന്ത്രാലയം അംഗീകരിക്കേണ്ടതുണ്ട്.
ചാരദൗത്യം ഏറ്റെടുത്ത ഉപഭോക്താക്കളെ കുറിച്ച് കമ്പനി വെളിപ്പെടുത്താറില്ല. അതേസമയം, എന്‍.എസ്.ഒയുടെ ഉപഭോക്താക്കളില്‍ ബഹ്‌റൈന്‍, ഇന്ത്യ, മെക്‌സിക്കോ, മൊറോക്കോ, റുവാണ്ട എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയും പാരീസ് ആസ്ഥാനമായ ഫോര്‍ബിഡന്‍ സ്‌റ്റോറീസും വെളിപ്പെടുത്തിയിട്ടുണ്ട്.
മാധ്യമ സ്ഥാപനങ്ങളായ ദ ഗാര്‍ഡിയന്‍, ലെ മോണ്ടെ, വാഷിംഗ്ടണ്‍ പോസറ്റ് എന്നിവയും എ.എഫ്.പി വാര്‍ത്താ ലേഖകര്‍ ഉള്‍പ്പെടെ 200 ലേറെ മാധ്യമ പ്രവര്‍ത്തകരും പെഗാസസ് ഇരകളിലുണ്ട്.
നൂറുകണക്കിനു മാധ്യമ പ്രവര്‍ത്തകരെയും അവരുടെ സ്രോതസ്സുകളെയും നിരീക്ഷിക്കാന്‍ ഫോണുകളില്‍ ചാര സോഫറ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിവിധ സര്‍ക്കാരുകളെ അനുവദിച്ചത് വലിയ ജനാധിപത്യ പ്രശ്‌നമാണെന്നും ആര്‍.എസ്.എഫ് തലവന്‍ ക്രിസ്റ്റോഫ് ഡെലോയില്‍ പറഞ്ഞു.
850 ജീവനക്കാര്‍ ജോലി ചെയ്യുന്ന വലിയ സ്ഥാപനമാണ് ഇസ്രായിലിന്റെ എന്‍.എസ്.ഒ. തങ്ങളുടെ സ്ഥാപനം കൂട്ടനിരീക്ഷണം നടത്തുന്നില്ലെന്നാണ് എന്‍.എസ്.ഒ സി.ഇ.ഒ ഷാലേവ് ഹുലിയോ കഴിഞ്ഞ ദിവസം നിഷേധിച്ചത്. പുറത്തു വന്നിരിക്കുന്ന ആയിരക്കണക്കിനു നമ്പറുകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു.

 

 

Latest News