Sorry, you need to enable JavaScript to visit this website.

ബലിപെരുന്നാൾ ഇളവ്: ഇടതു-വലതു വാഗ്വാദം, വർഗീയ കാർഡിളക്കി ബി.ജെ.പി 

കോഴിക്കോട്- ബലി പെരുന്നാളാഘോഷത്തിന് കേരളത്തിൽ നൽകിയ ഇളവ് ദേശീയ തലത്തിൽ ചർച്ചയാവുകയും സുപ്രീം കോടതി ഇടപെടുകയും ചെയ്തതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ വാഗ്വാദം. ഇടതു-വലതു പ്രൊഫൈലുകൾ തമ്മിലാണ് പ്രധാനമായും വാദപ്രതിവാദം മുറുകുന്നത്. മൂന്നു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെ ബലി പെരുന്നാളാഘോഷത്തിന് നൽകിയ ഇളവായാണ് ദേശീയ തലത്തിൽ വന്നത്. 
മുസ്‌ലിംകൾക്ക് മാത്രം ഇളവുകൾ നൽകി സർക്കാർ വർഗീയ വേർതിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പിയും സംഘ്പരിവാർ കേന്ദ്രങ്ങളും പ്രചാരണം ആരംഭിച്ചതോടെ കാര്യങ്ങൾ കൈവിട്ട നിലയിലായി. വർഗീയ മുതലെടുപ്പിനാണ് ബി.ജെ.പി സംഘ്പരിവാർ കേന്ദ്രങ്ങളുടെ ശ്രമം. അതേസമയം, മുസ്‌ലിംകൾക്ക് ഇളവ് നൽകിയെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്താൻ ഇടയാക്കിയത് സർക്കാരിന്റെ തെറ്റായ സമീപനമാണെന്ന വിമർശനവുമായി പ്രതിപക്ഷവും മുസ്‌ലിം സംഘടനകളും രംഗത്തു വന്നു. ഈ ആരോപണമാണ് സർക്കാരിനെതിരെ വലതുപക്ഷ പ്രൊഫൈലുകൾ നിരത്തുന്നത്. 
കോൺഗ്രസിന്റെ ദേശീയ വക്താവ് അഭിഷേക് മനു സിംഗ്‌വിയും കേരളത്തിലെ ഇളവുകളെ വിമർശിച്ചു. കൻവാർ യാത്ര തെറ്റെങ്കിൽ കേരളത്തിലെ ബക്രീദ് ഇളവുകളും തെറ്റാണെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. സുപ്രീം കോടതി സംസ്ഥാന സർക്കാരിൽ നിന്ന് വിശദീകരണം തേടുകയും, നൽകിയ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തുക മാത്രമല്ല കോവിഡ് വ്യാപനമുണ്ടായാൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
മറ്റു മതക്കാരുടെ ആഘോഷങ്ങൾക്ക് നിയന്ത്രണം കടുപ്പിക്കുമ്പോൾ മുസ്‌ലിംകളുടേതിന് ഇളവുകൾ നൽകുന്നുവെന്ന രീതിയിൽ സംഘ്പരിവാർ കേന്ദ്രങ്ങളും പ്രചാരണം ഏറ്റെടുത്തു. 
ഓണത്തിനും ക്രിസ്മസിനും അടച്ചിടലും പെരുന്നാൾക്ക് തുറന്നിടലും എന്ന രീതി ശരിയല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു. പെരുന്നാൾക്ക് ഇളവ് അനുവദിച്ചതിനെതിരെ കോൺഗ്രസ് ദേശീയ നേതാവ് എന്ന രീതിയിൽ സി.പി.എം കേന്ദ്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞതോടെ യു.ഡി.എഫ് പ്രതിരോധത്തിലുമായി. ഈ സാഹചര്യത്തിലാണ് കടകൾ തുറക്കാൻ മത സംഘടനകൾ ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി ചില മത സംഘടനാ നേതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ആഴ്ചയിൽ ഒരു ദിവസം മാത്രം കടകൾ തുറക്കുന്നത് അശാസ്ത്രീയമാണെന്നും കടകൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ സമരം നടത്തി വരികയായിരുന്നു. 
കടകൾ തുറക്കുമെന്ന് വ്യാപാരികൾ പ്രഖ്യാപിച്ചപ്പോൾ നേരിടുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയത് അന്തരീക്ഷം സംഘർഷ ഭരിതമാക്കിയതാണ്. ഇതിനിടയിൽ വ്യാപാരികളുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി മൂന്നു ദിവസം കടകൾ തുറക്കാൻ അനുവദിക്കുകയായിരുന്നു. ഇത് പെരുന്നാളിന്റെ തൊട്ടു മുമ്പുള്ള ദിവസങ്ങളായി എന്നല്ലാതെ പെരുന്നാളാഘോഷത്തിന്റെ ഭാഗമല്ലെന്ന് മത നേതാക്കൾ വിശദീകരിക്കുന്നു. 
സാധാരണ പള്ളികളിൽ 15 പേർക്ക് അനുമതിയുണ്ടായിരുന്നത് വാക്‌സിനേഷൻ നടത്തിയ 40 പേർക്ക് എന്ന് മാറ്റിയെന്നേയുള്ളൂ. മുസ്‌ലിംകൾക്ക് ഇളവ് നൽകിയെന്ന പ്രചാരണം നടത്താൻ ഇടയാക്കിയത് സർക്കാറിന്റെ തെറ്റായ സമീപനമാണെന്നാണ് വലതുപക്ഷ പ്രൊഫൈലുകൾ വിശദീകരിച്ചത്.

Latest News