ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചു, പ്രശ്‌നപരിഹാരത്തിന് വഴിതുറക്കുന്നു

കൊച്ചി- ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടക്കം കുറിച്ച വിവാദ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്രം മരവിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകനെ സന്ദര്‍ശിച്ച സേവ്     ലക്ഷദ്വീപ് ഫോറം മേധാവികളാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഭരണപരിഷ്‌കാരങ്ങള്‍ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം നിര്‍ത്തിവെച്ചതായും ദ്വീപ് വാസികളുടെ അഭിപ്രായം കേട്ട ശേഷമേ ഇനി നടപടികളുമായി മുന്നോട്ടു പോകൂവെന്നുമാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവ് വ്യക്തമാക്കിയതെന്ന് ഫോറത്തിന്റെ കോര്‍ കമ്മിറ്റി അംഗങ്ങളായ ഡോ. പി പി കോയ, യു സി കെ തങ്ങള്‍, ബി ഹസ്സന്‍, ഡോ. സാദിഖ്, മുഹമ്മദാലി എന്നിവര്‍ പറഞ്ഞു.
പണ്ടാരം ഭൂമികളെ സംബന്ധിക്കുന്ന റഗുലേഷന്‍സ് പാസായി വന്നതിന് ശേഷമുള്ള റൂളുകള്‍ ഉടന്‍ നടപ്പിലാക്കാന്‍ നടപടി എടുക്കുന്നുണ്ട്. വികസന ആവശ്യങ്ങള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും ഉടമയുടെ അനുവാദമില്ലാതെയോ ചട്ടവിരുദ്ധമായോ എടുക്കില്ലെന്നും ഉപദേഷ്ടാവ് ഉറപ്പു നല്‍കി. ബേപ്പൂര്‍ പോര്‍ട്ടും കൊച്ചി പോര്‍ട്ടും മാറ്റുന്ന പ്രശ്‌നമില്ലെന്നും, മാത്രമല്ല അവിടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള നടപടി തുടങ്ങിയെന്നും കഴിഞ്ഞ ആഴ്ച ബേപ്പൂര്‍ തുറമുഖം സന്ദര്‍ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  മംഗലാപുരം പോര്‍ട്ടുമായുണ്ടാക്കാന്‍ പോകുന്ന ബന്ധം ഇതിന് പുറമെയാണ്.  പിരിച്ച് വിട്ട തൊഴിലാളികളെ സീസണ്‍ തുടങ്ങുമ്പോള്‍ തിരിച്ചെടുക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന കാര്യം പരിഗണിക്കും. കടകള്‍ അടക്കുന്ന സമയം രാത്രി 8 മണി എന്നത് നീട്ടി നല്‍കാനും, തട്ടുകടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും, ശനി ഞായര്‍ ദിവസങ്ങളില്‍ തൊഴിലാളികള്‍ക്ക് പ്രവര്‍ത്തിക്കാനും അനുമതി ലഭിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ അടുത്ത സന്ദര്‍ശനത്തില്‍ ഫോറം ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളാമെന്നും ഉറപ്പു ലഭിച്ചു.

 

Latest News