Sorry, you need to enable JavaScript to visit this website.

മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബാധിച്ചത് വകഭേദം വന്ന വൈറസെന്ന് സംശയം

തൃശൂര്‍ -  തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ  വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക്  കൂട്ടത്തോടെ കോവിഡ്  സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവിടെ പടര്‍ന്നുപിടിച്ചത് വകഭേദം വന്ന വൈറസാണോ എന്ന ആശങ്ക ഉയരുന്നു. തുടർന്ന് വിദ്യാര്‍ത്ഥികളുടേയും മറ്റും സ്രവത്തിന്റെ സാമ്പിളുകള്‍  വിശദപരിശോധനയ്ക്ക്  പൂനയിലെ  ലാബിലേക്ക്  അയച്ചു. ഒരേസമയംകൂടുതല്‍ പേര്‍ക്ക് ഒന്നിച്ച് രോഗം സ്ഥീരികരിച്ചത്  വൈറസ് വകഭേദമാണെന്ന സംശയത്തെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തുന്നത്. പരിശോധന ഫലം അറിയാന്‍ സമയമെടുക്കും.
ജില്ല ആരോഗ്യവകുപ്പ് അധികൃതര്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഹോസ്റ്റലിലും ഇന്നലെ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ആശുപത്രി പരിസരത്ത് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പരിശോധന നടത്താനും കാമ്പസിലെ രണ്ട് ഇന്ത്യന്‍ കോഫീ ഹൗസുകളിലേയും ജീവനക്കാര്‍ക്കും ഇതര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താനും ഡി.എം.ഒ അവണൂര്‍, മെഡിക്കല്‍ കോളേജ് പി.എച്ച്.സികളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജിനു സമീപത്തുള്ള വ്യവസായ പാര്‍ക്കിലെ തൊഴിലാളികള്‍ക്കു വേണ്ടി കോവിഡ് പരിശോധന ക്യാമ്പ് അവണൂര്‍ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടത്താനും ഡി.എം.ഒ നിര്‍ദ്ദേശിച്ചു.
വളരെയധികം സുരക്ഷ മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇത്രയേറെ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ഒറ്റയടിക്ക് സ്ഥിരീകരിച്ചത് ഗുരുതരമായ അവസ്ഥയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
നിരവധി കോവിഡ് രോഗികള്‍ ദിവസവും എത്തുന്ന തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വകഭേദം വന്ന വൈറസ് ഉണ്ടാകാനുള്ള സാധ്യതകളും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.
അതുകൊണ്ടുതന്നെ കൂട്ടത്തോടെ കോവിഡ് പോസിറ്റീവായ സ്ഥിതിഗതികള്‍ അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത്.

 

Latest News